image

22 Jun 2023 5:40 AM GMT

Investments

പി പി എഫ് അക്കൗണ്ട് പിഎഫ് കാലാവധി കഴിഞ്ഞാൽ പുതുക്കണോ? 1 കോടിയിലധികം റിട്ടേൺ ലഭിക്കാം

MyFin Desk

renew pf after expiry
X

ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതമായതും താരതമ്യേന നല്ല നേട്ടം നൽകുന്നതുമായ നിക്ഷേപ മാർഗമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 15 വർഷമാണ് ഇതിന്റെ നിക്ഷേപകാലാവധി. ബാങ്കിലോ പോസ്റ്റോഫീസിലോ സേവിങ്‌സ്‌ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം പേരിലോ മൈനർ ആയ മക്കളുടെ പേരിലോ പി പി എഫ് അക്കൗണ്ട് ആരംഭിക്കാം. നിലവിൽ 7.1 ശതമാനം പലിശനിരക്കാണ് പി പി എഫ് നിക്ഷേപത്തിന് ലഭിക്കുന്നത്. കാലാവധിയായ 15 വർഷം കഴിഞ്ഞാൽ പലിശ ഉൾപ്പെടെയുള്ള തുക പിൻവലിക്കാം, അല്ലെങ്കില്‍ അഞ്ച് വർഷക്കാലാവധിയിൽ എത്ര തവണ വേണമെങ്കിലും പുതുക്കാനും കഴിയും.

15 വർഷം കഴിഞ്ഞാൽ

15 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്ത് തുക പിൻവലിക്കാം. മെച്യുരിറ്റി തുക അക്കൗണ്ടിൽ നിക്ഷേപിക്കാതെ തന്നെ നിലനിർത്താം എന്നുള്ളതാണ് മറ്റൊരു മാർഗം. നിലവിലെ പിപിഎഫ് പലിശ നിരക്ക് തുടര്‍ന്നും ലഭിക്കും. അക്കൗണ്ട് ഉടമക്ക് ഏതു സമയത്തും തുക എടുക്കാവുന്നതാണ്. എന്നാല്‌ വർഷത്തിൽ ഒരു തവണ മാത്രമാണ് പിൻവലിക്കൽ നടത്താവുന്നത്. അതല്ലെങ്കിൽ അക്കൗണ്ടുകൾ 5 വർഷത്തേക്ക് വീണ്ടും പുതുക്കാം. ഇതിനുള്ള അപേക്ഷാഫോം കാലാവധി പൂർത്തിയായി ഒരു വർഷത്തിനുള്ളിൽ പൂരിപ്പിച്ച് നൽകിയിരിക്കണം.

15 വർഷത്തിന് ശേഷമുള്ള മെച്യുരിറ്റി തുക വളരെ വേഗത്തിൽ വളരുമെന്നതാണ് പി പി എഫിന്റെ ആകർഷണീയത.15 വർഷത്തിന് ശേഷം അക്കൗണ്ട് പുതുക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളെന്തൊക്കെയാണെന്നു പരിശോധിക്കാം.

5 വർഷത്തേക്ക് നീട്ടുമ്പോൾ

പി പി എഫ് അക്കൗണ്ടിൽ ഒരു വർഷത്തിലെ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്. ഒരു വർഷം 1 .5 ലക്ഷം രൂപ വീതം നിക്ഷേപിക്കുമ്പോൾ 7.1 ശതമാനം പലിശ നിരക്കിൽ 15 വർഷത്തിന് ശേഷം 40.6 ലക്ഷം രൂപ ആയിരിക്കും. അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടുകയും പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നത് തുടരുകയും ചെയ്യുന്നു എന്ന് കരുതുക. 20 വർഷത്തിന് ശേഷം ഏകദേശം 66.5 ലക്ഷം രൂപ ലഭിക്കും.

10 വർഷത്തേക്ക് നീട്ടുമ്പോൾ

പി പി എഫ് അക്കൗണ്ടിലെ തുക 10 വർഷം നീട്ടി 25 വർഷത്തേക്ക് പരമാവധി നിക്ഷേപം നടത്തിയാൽ കാലാവധി കഴിയുമ്പോൾ ഏകശേഷം 1.03 കോടി രൂപ പിൻവലിക്കാവുന്നതാണ്. 30 വർഷത്തേക്കാണെങ്കിൽ ഏകദേശം 1.54 കോടി രൂപ ലഭിക്കും.

നികുതി ആണ് മുഖ്യം

പി പി എഫ് നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 c പ്രകാരം നികുതിയിളവ് നേടുന്നതിനായി ക്ലെയിം ചെയ്യാവുന്നതാണ്. കൂടാതെ പി പി എഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയും മെച്യുരിറ്റി തുകയും നികുതി രഹിതമാണ്‌. നികുതിയിളവിനെ പറ്റി ചിന്തിക്കുമ്പോഴാണ് പിപിഎഫ് നിക്ഷേപം എത്രത്തോളം ആകര്‍ഷകമാണെന്നു തിരിച്ചറിയുക. പിപിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്‍റെ കാലാവധി നീട്ടുന്നത് കോമ്പൗണ്ടിങ്ങിന്റെ പ്രയോജനം പരമാവധി ലഭിക്കാൻ സഹായിക്കും