image

10 Oct 2026 4:08 PM IST

Investments

ഗവണ്മെന്റ് ബോണ്ടുകൾ വിറ്റഴിക്കാൻ റിസർവ് ബാങ്ക്; ഒപ്പം സിആർആർ നിബന്ധനകളും കർശനമാക്കി

Amritha Elizabeth Abraham

ഗവണ്മെന്റ് ബോണ്ടുകൾ വിറ്റഴിക്കാൻ റിസർവ് ബാങ്ക്; ഒപ്പം സിആർആർ നിബന്ധനകളും കർശനമാക്കി
X

Summary

ബാങ്കിംഗ് സംവിധാനത്തിലെ അധിക പണലഭ്യത കുറയ്ക്കാൻ 25,000 കോടി രൂപയുടെ ബോണ്ടുകൾ വിൽക്കാനും പ്രതിദിന സിആർആർ പരിധി 99 ശതമാനമായി ഉയർത്തി കർശനമാക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു.


രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലുള്ള അധിക പണലഭ്യത അഥവാ ലിക്വിഡിറ്റി കുറയ്ക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് പുതിയ കർശന നടപടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 13-ന് 25,000 കോടി രൂപയുടെ സർക്കാർ ബോണ്ടുകൾ തുറന്ന വിപണിയിലൂടെ വിൽക്കാൻ ആർബിഐ തീരുമാനിച്ചു. കൂടാതെ ബാങ്കുകൾ സൂക്ഷിക്കേണ്ട പ്രതിദിന ക്യാഷ് റിസർവ് അനുപാതത്തിന്റെ (സിആർആർ) പരിധിയും കർശനമാക്കിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ അമിതമായ പണലഭ്യത ഒഴിവാക്കി പണനയ ലക്ഷ്യങ്ങൾ കൃത്യമായി പാലിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

സിആർആർ പരിധി 99 ശതമാനമാക്കി ഉയർത്തി

ബോണ്ട് വിൽപനയ്ക്ക് പുറമെ ബാങ്കുകളുടെ കരുതൽ ധനശേഖരണ രീതിയിലും ആർബിഐ മാറ്റം വരുത്തിയിട്ടുണ്ട്. ഒക്ടോബർ 16 മുതൽ ബാങ്കുകൾ തങ്ങളുടെ നിശ്ചിത പ്രതിദിന സിആർആർ ബാലൻസിന്റെ കുറഞ്ഞത് 99 ശതമാനമെങ്കിലും എല്ലാ ദിവസവും നിലനിർത്തണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻപ ഇത് 90 ശതമാനമായിരുന്നു. ബാങ്കുകൾക്ക് പണം കൈകാര്യം ചെയ്യുന്നതിലുണ്ടായിരുന്ന ചെറിയ ഇളവുകൾ ഒഴിവാക്കി റിസർവ് ബാങ്കിൽ വലിയൊരു തുക ദിവസേന കരുതിവെക്കാൻ ബാധ്യസ്ഥമാക്കുന്നതാണ് ഈ പുതിയ നിയമം.

നടപടി വിലക്കയറ്റ ഭീഷണി തടയാൻ

കഴിഞ്ഞ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തേക്ക് വലിയ തോതിൽ വിദേശ നിക്ഷേപങ്ങളും മൂലധനവും എത്തിയതിനെ തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽ പണലഭ്യത (ലിക്വിഡിറ്റി സർപ്ലസ്) വൻതോതിൽ ഉയർന്നിരുന്നു. ഇത് വിപണിയിൽ വിലക്കയറ്റ ഭീഷണി വർദ്ധിപ്പിക്കുകയും പണനയത്തിന്റെ ഫലപ്രാപ്തിയെ ബാധിക്കുകയും ചെയ്യാം. ഈ പശ്ചാത്തലത്തിലാണ് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വിപണിയിലെ അധിക പണം പിൻവലിക്കാൻ (ലിക്വിഡിറ്റി ഡ്രൈൻ) ആർബിഐ ഈ ശക്തമായ ഇടപെടലുകൾ നടത്തിയിരിക്കുന്നത്. ഈ നടപടികൾ ബാങ്കുകളുടെ വായ്പാ നിരക്കുകളിലും നിക്ഷേപ പലിശകളിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.