image

26 March 2024 8:23 AM GMT

Investments

പണപ്പെരുപ്പത്തെ മറികടക്കാനുള്ള നിക്ഷേപ തന്ത്രമിതാണ്! ഒരു കൈ നോക്കായാലോ?

MyFin Desk

പണപ്പെരുപ്പത്തെ മറികടക്കാനുള്ള നിക്ഷേപ തന്ത്രമിതാണ്! ഒരു കൈ നോക്കായാലോ?
X

Summary

  • ദീര്‍ഘകാലത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച് ഓപ്ഷനാണിത്
  • മികച്ച റിട്ടേണിനായി ക്ഷമയോടെ കാത്തിരിക്കണം
  • വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപവും വര്‍ധിപ്പിക്കാം


നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ കാലക്രമേണയുണ്ടാകുന്ന പണപ്പെരുപ്പത്തിനെതിരെ പൊരുതുമോ ഇല്ലയോ എന്നത് പരിഗണിക്കാതെയാണ് പലപ്പോഴും നിക്ഷേപ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ടാണ് നിക്ഷേപമെങ്കില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇതിന് കഴിയുമോയെന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം എന്താണ് എന്നുള്ള ചോദ്യത്തിന് ഉത്തരമിതാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി). മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. പണപ്പെരുപ്പത്തെ മറികടക്കാനും നിക്ഷേപത്തെ വളര്‍ത്താനും സഹായിക്കുന്ന ശക്തമായ തന്ത്രമാണിത്.

സ്ഥിരതയാര്‍ന്ന നിക്ഷേപം

എസ്‌ഐപി ആരംഭിക്കുന്നതോടെ സാമ്പത്തിക അച്ചടക്കം കൂടിയാണ് ആരംഭിക്കുന്നത്. സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കാം എന്നുള്ള ഒരു ഉത്തരവാദിത്തത്തിന്റെ തുടക്കമാണ് എസ്‌ഐപി. നിക്ഷേപത്തിലെ തുടക്കക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ എസ്‌ഐപി ഉപയോഗിക്കാം. ദീര്‍ഘകാലത്തേക്ക് സ്ഥിരതയാര്‍ന്ന നിക്ഷേപം നടത്തിയെങ്കില്‍ മാത്രമേ പണപ്പെരുപ്പത്തിനെതിരെ മികച്ച റിട്ടേണ്‍ സൃഷ്ടിക്കാന്‍ സാധിക്കൂ.

റൂപ്പീ കോസ്റ്റ് ആവറേജ്

അടിസ്ഥാനപരമായി വിപണിയുടെ പ്രകടനത്തെ നേരിട്ട് ആശ്രയിക്കാത്ത ഒരു നിക്ഷേപമാണ് എസ്‌ഐപി. വിപണിയില്‍ വില കുറവായിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടിന്റെ കൂടുതല്‍ യൂണിറ്റുകളും വില ഉയര്‍ന്നിരിക്കുമ്പോള്‍ കുറഞ്ഞ യൂണിറ്റുകളും വാങ്ങുകയാണ് ചെയ്യുന്നത്. രൂപയുടെ ചെലവ് ശരാശരി (റുപ്പീ കോസ്റ്റ് ആവറേജ് ) എന്നറിയപ്പെടുന്ന ഈ ആശയം വിപണിയിലെ ചാഞ്ചാട്ടവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ലഘൂകരിക്കുന്നു.

കൂട്ടു പലിശയുടെ ശക്തി

കൂട്ടു പലിശയുടെ ശക്തി എസ്‌ഐപിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്നാണ്. കാലക്രമേണ, ഈ കൂട്ടുപലിശയുടെ ഇഫക്റ്റ് പോര്‍ട്ട്‌ഫോളിയോയുടെ മൂല്യം ഗണ്യമായി വര്‍ധിപ്പിക്കും. പണപ്പെരുപ്പം റിട്ടേണിനെ ബാധിച്ചേക്കാം. പക്ഷേ നിക്ഷേപങ്ങള്‍ക്ക് പണപ്പെരുപ്പത്തെ മറികടക്കാനും സമ്പത്ത് ക്രമാതീതമായി വളരാനും കഴിയുമെന്ന് കൂട്ടുപലിശ ഉറപ്പാക്കുന്നു.

വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ

ഇക്വിറ്റി, ഡെറ്റ്, ഇടിഎഫ്, ഹൈബ്രിഡ് ഫണ്ടുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ തെരഞ്ഞെടുക്കാം. അതിലെല്ലാം എസ്‌ഐപി വഴി നിക്ഷേപവും നടത്താം. വൈവിധ്യവല്‍ക്കരണം വിവിധ ആസ്തികളിലാകുമ്പോള്‍ അപകടസാധ്യത കുറയുകയും മൊത്തത്തിലുള്ള പോര്‍ട്ട്‌ഫോളിയോയില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യും. ഇക്വിറ്റികള്‍ സാധാരണയായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുമെങ്കിലും ഡെറ്റ് ഫണ്ടുകള്‍ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ സ്ഥിരത നല്‍കും.

ദീര്‍ഘകാലം

പണപ്പെരുപ്പത്തിനും വിപണിയിലെ ചാഞ്ചാട്ടത്തിനും കൃത്യമോ, സ്ഥിരതയോ ഉള്ള പരിഹാരമില്ല. ഇവ രണ്ടും ഇടയ്ക്കിടെയും അപ്രതീക്ഷിതമായും സംഭവിക്കും. അതിനാല്‍, ദീര്‍ഘകാല ലക്ഷ്യത്തോടെ എസ്‌ഐപി ആരംഭിക്കുന്നത് ഇവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കും.

ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുന്നതിലൂടെ, പണം വളരാനും താല്‍ക്കാലികമായുണ്ടാകുന്ന ഇത്തരം ആഘാതങ്ങളില്‍ നിന്ന് കരകയറാനും കൂടുതല്‍ സമയം ലഭിക്കും. കൂട്ടു പലിശയുടെ ശക്തി പ്രകടമാകുന്നതും ദീര്‍ഘകാലത്തിലാണ്.

ടോപ്പ്-അപ്പ് സൗകര്യം

ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴത്തെ നിക്ഷേപം പര്യാപ്തമല്ലെന്ന് തോന്നുന്നുവെങ്കില്‍, എസ്‌ഐപികളില്‍ ടോപ്പ്-അപ്പുകള്‍ തിരഞ്ഞെടുക്കാം. അതായത്, വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ആനുപാതികമായി എസ്‌ഐപി നിക്ഷേപവും വര്‍ധിപ്പിക്കാം.