image

28 Sep 2022 6:38 AM GMT

Business

സ്റ്റാര്‍ട്ടപ്പുകളുടെ ധനസഹായം വര്‍ധിപ്പിക്കും: പി.രാജീവ്

MyFin Bureau

സ്റ്റാര്‍ട്ടപ്പുകളുടെ ധനസഹായം വര്‍ധിപ്പിക്കും: പി.രാജീവ്
X

Summary

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെഎസ്ഐഡിസി വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സ്കെയില്‍ അപ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതുപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്. ഈ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്റ്റാര്‍ട്ടപ്പുകളെ […]


തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെഎസ്ഐഡിസി വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സ്കെയില്‍ അപ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇന്ന് വ്യവസായങ്ങള്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതുപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്. ഈ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി വിദഗ്ദ്ധസംഘത്തെ കെഎസ്ഐഡിസി തയ്യാറാക്കും. നിര്‍മാണമേഖലയ്ക്ക് പ്രാധാന്യം നല്‍കി നവംബറില്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ് സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പരിപാടിയില്‍ ആറുമാസംകൊണ്ട് 61350 സംരംഭങ്ങള്‍ തുടങ്ങാനായെന്നും ഇതിലൂടെ 1,35,000ല്‍പരം ആളുകള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെല്‍ട്രോണുമായി ചേര്‍ന്ന് ആയിരംകോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പദ്ധതിരേഖ തയ്യാറാക്കിവരികയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്ബാഗ് നിര്‍മാണ കമ്പനിയും കൃത്രിമ പല്ല് നിര്‍മാണ കമ്പനിയും ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രധാനപ്പെട്ട ധാരാളം കമ്പനികള്‍ ഇന്ന് കേരളത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ഒട്ടേറെ കമ്പനികള്‍ ഇവിടെ പുതിയ ഓഫീസുകള്‍ തുറക്കുകയാണ്.

കേരളം എല്ലാ ഉല്‍പന്നങ്ങളുടേയും നല്ലൊരു വിപണിയാണ്. 240 കോടി രൂപയുടെ കുപ്പിവെള്ളവും 3000 കോടി രൂപയുടെ തുണിത്തരങ്ങളും വിറ്റുപോകുന്ന ഇവിടെ അതിലേറെയും പുറത്തുനിന്നു വരുന്നവയാണ്. കേരളത്തിന്റെ വിപണിയില്‍ കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്രാന്‍ഡിംഗ് കേരള, മെയ്ഡ് ഇന്‍ കേരള പോലുള്ള ബ്രാന്‍ഡിംഗ് രീതികള്‍ നടപ്പാക്കും. ഇവ സപ്ലൈക്കോ പോലുള്ള വിതരണ ശൃംഖലകളില്‍ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമിക മൂലധന നിക്ഷേപം കിട്ടി വളരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ചിലത് കേരളം വിട്ടപോകുന്നതിന്റെ കാരണം മനസ്സിലാക്കി അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

2014 മുതൽ ഇതുവരെ 126 സ്റ്റാർട്ട് അപ്പുകൾക്ക് കെഎസ്ഐഡിസി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതിലൂടെ 1500ൽപരം തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സീഡ് ഫണ്ട്, സ്കെയില്‍അപ് ഫണ്ട് എന്നിങ്ങനെ രണ്ട് സ്കീമുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി കെഎസ്ഐഡിസി നടപ്പാക്കുന്നത്.