image

15 Oct 2022 3:45 AM GMT

Business

അടിമുടി സഞ്ചാരം, കളറായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം

Swarnima Cherth Mangatt

അടിമുടി സഞ്ചാരം, കളറായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം
X

Summary

ചെമ്പഴി ചുറ്റി തെന്മല ചുറ്റി, സടകുടവീശും ചടുകുടുവണ്ടിക്കാളുണ്ടോ?'… ആളെക്കൂട്ടലൊക്കെ പണ്ട്. ഇന്നിപ്പോള്‍ ചുറ്റിക്കറങ്ങാനുള്ള ട്രിപ്പുകള്‍ തികയാത്ത തിരക്കിലാണ് ആനവണ്ടി. അത്രക്കാവശ്യക്കാരാണ് ഓരോ അവധി ദിവസങ്ങളിലും കെഎസ്ആര്‍ടിസിയെ തേടിയെത്തുന്നത്. അകത്തളങ്ങളില്‍ പിരിമുറുക്കങ്ങളുണ്ടെങ്കിലും കേരളം ആനവണ്ടിയില്‍ പറപറക്കാന്‍ തുടങ്ങി. 'ബജറ്റ് ടൂറിസ'മെന്ന ആശയത്തിന് ഇന്ധനം നിറച്ചു കഴിഞ്ഞു.  ഒന്നിനൊന്ന് മികച്ച്, ട്രിപ്പുകളെല്ലാം ലാഭത്തിലാണ്. വന്‍നഷ്ടക്കണക്കുകള്‍ മാത്രം കേട്ടുപഴകിയ ആനവണ്ടിക്കിപ്പോള്‍ അവധി ദിനങ്ങള്‍ ലാഭത്തിലാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പല ഡിപ്പോകളും വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചു നടത്തുന്ന സര്‍വീസുകള്‍ പലതും ക്ലിക്കായി […]


ചെമ്പഴി ചുറ്റി തെന്മല ചുറ്റി, സടകുടവീശും ചടുകുടുവണ്ടിക്കാളുണ്ടോ?'… ആളെക്കൂട്ടലൊക്കെ പണ്ട്. ഇന്നിപ്പോള്‍ ചുറ്റിക്കറങ്ങാനുള്ള ട്രിപ്പുകള്‍ തികയാത്ത തിരക്കിലാണ് ആനവണ്ടി. അത്രക്കാവശ്യക്കാരാണ് ഓരോ അവധി ദിവസങ്ങളിലും കെഎസ്ആര്‍ടിസിയെ തേടിയെത്തുന്നത്.
അകത്തളങ്ങളില്‍ പിരിമുറുക്കങ്ങളുണ്ടെങ്കിലും കേരളം ആനവണ്ടിയില്‍ പറപറക്കാന്‍ തുടങ്ങി. 'ബജറ്റ് ടൂറിസ'മെന്ന ആശയത്തിന് ഇന്ധനം നിറച്ചു കഴിഞ്ഞു. ഒന്നിനൊന്ന് മികച്ച്, ട്രിപ്പുകളെല്ലാം ലാഭത്തിലാണ്. വന്‍നഷ്ടക്കണക്കുകള്‍ മാത്രം കേട്ടുപഴകിയ ആനവണ്ടിക്കിപ്പോള്‍ അവധി ദിനങ്ങള്‍ ലാഭത്തിലാണ്.
കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പല ഡിപ്പോകളും വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചു നടത്തുന്ന സര്‍വീസുകള്‍ പലതും ക്ലിക്കായി കഴിഞ്ഞു. 2021 ല്‍ കേളരപ്പിറവി ദിനത്തിലാണ് വിനോദ സഞ്ചാര ട്രിപ്പുകള്‍ക്കായി ആനവണ്ടി ആദ്യമായി ഓടിയത്. 2021 നവംബര്‍ മുതല്‍ 2022 മേയ് വരെ ബാലദശയില്‍ പോലും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ആനവണ്ട ജനസമ്മതി അരക്കിട്ടുറപ്പിച്ചത്. മേയില്‍ മാത്രം ബജറ്റ് ടൂറിസം വഴി 1,60 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് നേടിക്കൊടുത്തു.
മലബാര്‍ സൗന്ദര്യം തേടി
നമ്മളിറിയാത്ത, ബസിലെത്താന്‍ പറ്റാത്ത എത്രയെത്ര സ്ഥലങ്ങളാണ് കാഴ്ച്ചയുടെ സൗന്ദര്യവും പേറി ആരുമറിയാതെ ഋതുഭേദങ്ങളിലൂടെ കടന്ന് പോകുന്നത്. മലബാറിലെ പല സ്ഥലങ്ങളും ഇപ്പോഴും സഞ്ചാരികള്‍ക്ക് പരിമിതമായ യാത്രാ സൗകര്യങ്ങളാണ് നല്‍കുന്നത്. ഈ ന്യൂനതകള്‍ മറികടക്കാന്‍ ടൂര്‍ പാക്കേജുകളുമായാണ് കെഎസ്ആര്‍ടിസി മലബാറിന്റെ പച്ചപ്പിലേയ്ക്ക് എത്തിയിരിക്കുന്നത്.
വിനോദ സഞ്ചാര മേഖലയില്‍ ഏറെ സാധ്യതകള്‍ തുറന്ന് വരികയാണ് മലബാറിലിപ്പോള്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഏറെയും വാരാന്ത്യങ്ങള്‍ ആഘോഷമാക്കാന്‍ തിരഞ്ഞെടുക്കുന്നത് മലബാറിനെയാണ്. സ്വന്തം വാഹനത്തില്‍ മാത്രമല്ല പാക്കേജുകളുണ്ടെങ്കില്‍ പോകാന്‍ തയ്യാറായിട്ടുള്ള ആളുകളുടെ എണ്ണം കൂടിയതിന്റെ ചുവടു പിടിച്ച് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് നമ്മുടെ ആനവണ്ടി.
വരുമാനത്തിലെ അമിതവേഗം
കണ്ണൂര്‍ ഡിപ്പോ കഴിഞ്ഞെയിടെ അഞ്ച് മാസങ്ങള്‍ കൊണ്ട് 23 ലക്ഷം രൂപയാണ് നേടിയത്. മലബാര്‍ മേഖലയില്‍ വയനാടന്‍ യാത്രയ്ക്കാണ് ബുക്കിംഗ് ഏറെയും. വയനാടിനെ തേടിയെത്തിയവരില്‍ നിന്ന് മാത്രം ഇക്കാലയളവില്‍ 10 ലക്ഷത്തിധികം രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. എന്നാല്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലെ കണക്കുകളില്‍ പാല്ടക്കാട് ഡിപ്പോ മാത്രം 21 ലക്ഷം രൂപയാണ് നേടിയത്. കൊച്ചിയിലേയ്ക്കുള്ള കപ്പല്‍യാത്ര അടക്കമുള്ള ട്രിപ്പും നെല്ലിയാമ്പതിയിലേക്കുള്ള സര്‍വീസുമാണ് പാലക്കാടിനെ വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 17 ലക്ഷം രൂപയുടെ കളക്ഷനുമായി കോതമംഗലമാണ് രണ്ടാംസ്ഥാനം നേടിയത്. മലക്കപ്പാറ നല്‍കിയ സ്വാകാര്യത ചാലക്കുടി ഡിപ്പോയ്ക്കും നേട്ടമായി.
ആനവണ്ടി ഉയിര്‍
നിലവില്‍ ബജറ്റ് ടൂറിസം പാക്കേജുകളായാണ് കെഎസ്ആര്‍ടിസി ഈ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. വാരാന്ത്യ പാക്കേജുകളാണ് ഏറെയും. ഏക ദിന യാത്രകള്‍ക്ക് പുറമേ രണ്ടും മൂന്നും ദിവസത്തെ ട്രിപ്പുകളും നല്‍കുന്നുണ്ട്. ഇതില്‍ മലക്കപ്പാറ കെഎസ്ആര്‍ടിസിയുടെ പ്രധാന വരുമാന സ്രോതസ്സാണ്. ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തുപ്പുഴ, പാല, മലപ്പുറം, ഇരിഞ്ഞാലക്കുട, കോട്ടയം, പാലക്കാട്, നിലമ്പൂര്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് മലക്കപ്പാറയിലേയ്ക്ക സര്‍വീസുകളുണ്ട്. ഭക്ഷണമടക്കം ഉള്‍പ്പെടുത്തിയുള്ളതാണ് പല സര്‍വീസുകളും. ഏകദിന സര്‍വീസുകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും, ദീര്‍ഘ ദൂര യാത്രകള്‍ക്ക് പുഷ്ബാക്ക് സീറ്റുകളുള്ള എക്‌സ്പ്രസ് ബസ്സുകളുമാണ് യാത്രയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍, ഗൈഡ് കം ഡ്രൈവര്‍ എന്നിവര്‍ക്കൊപ്പം ടൂര്‍ കോഓഡിനേറ്റര്‍മാരും ബസിലുണ്ടാവും.
ടിക്കറ്റിതര വരുമാനമാര്‍ഗ്ഗമെന്ന നിലയ്ക്ക് തുടങ്ങിയ ട്രിപ്പുകള്‍ക്കിപ്പോള്‍ ബസ്സുകള്‍ തികയാത്ത സാഹചര്യമാണ്. ഇതിന്റെ ഭാഗമായാണ് സഞ്ചാരികളുടെ എണ്ണം കൂടിയതിനാല്‍ സ്വകാര്യ ബസ്സുകള്‍ വാടകയ്‌ക്കെടുക്കാനുള്ള നീക്കം കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നുണ്ടായതെങ്കിലും 'ആനവണ്ടി'യോളം വരില്ലെന്ന പരാതി വ്യാപകമായതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അടുത്തിടെ നീലക്കുറിഞ്ഞ പൂത്ത ഇടുക്കിയിലെ കള്ളിപ്പാറയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയതോടെ കെഎസ്ആര്‍ടിസി സര്‍വീസുമായി മുന്നോട്ട് വന്നിട്ടുണ്ട്. അത്തരത്തില്‍ സീസണല്‍ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്.
ഓടാന്‍ മാത്രമല്ല ഉറങ്ങാനും ആനവണ്ടി
ചുരുങ്ങിയ ചെലവില്‍ അന്തിയുറങ്ങാന്‍ കിടപ്പറ സൗകര്യങ്ങളോട് കൂടി ബസ്സുകളെ മോഡിഫൈ ചെയ്ത് വരുമാനമുണ്ടാക്കുന്ന രീതിയും കെഎസ്ആര്‍ടിസി നടപ്പാക്കിയിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നാറില്‍ തുടങ്ങിയ കെഎസ്ആര്‍ടിസിയുടെ ആനവണ്ടിയിലെ താമസ സൗകര്യം ഇപ്പോള്‍ സുല്‍ത്താല്‍ ബത്തേരി ഡിപ്പോയിലും നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ മൂന്ന് ബസ്സുകളിലായി 38 പേര്‍ക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പര്‍ ബസുകളില്‍ ഒരുക്കിയിരിക്കുന്നത്. ഡോര്‍മെട്രി സംവിധാനമാണ് മൂന്നാറിലേതെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് ഫാമിലി ഡീലക്‌സ് റൂമുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
മൂന്നു തരത്തിലാണ് സ്ലീപ്പര്‍ ബസ്സുകള്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ബസ് നമ്പര്‍ ഒന്നില്‍ 16 കോമണ്‍ ബര്‍ത്തുകള്‍,മേശയും കസേരയും, വാഷ് ബേസിന്‍, കൂടി വെള്ളം, എയര്‍ കണ്ടീഷന്‍, ലോക്കര്‍ സംവിധാനം, പ്ലഗ് പോയിന്റുകള്‍ എന്നിവയുണ്ട്. ബസ് നമ്പര്‍ രണ്ടില്‍ എട്ട് കോമണ്‍ ബര്‍ത്തുകള്‍ അടങ്ങിയ രണ്ട് റൂമുകള്‍, വസ്ത്രം മാറുന്നതിനുള്ള കോമണ്‍ റൂം, മേശയും കസേരയും, വാഷ് ബേസിന്‍, കൂടി വെള്ളം, എയര്‍കണ്ടീഷന്‍, ലോക്കര്‍ സംവിധാനം, പ്ലഗ് പോയിന്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാമത്തെ ബസില്‍ രണ്ട് ഡീലക്‌സ് റൂമുകള്‍, മൂന്നു പേര്‍ക്ക് കിടക്കുന്നതിന് ഒരു ഡബിള്‍ കോട്ട്, ഒരു സിംഗിള്‍ കോട്ട് കട്ടിലുകള്‍,മേശയും കസേരയും, വാഷ് ബേസിന്‍, കൂടി വെള്ളം, എയര്‍കണ്ടീഷന്‍, വിശാലമായ ഷെല്‍ഫ്, ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിരിക്കുന്നു.
ജിഎസ്ടി ചാര്‍ജുകളടക്കാണ് ഈടാക്കുന്നത്. തലയണ, പുതപ്പ്, ബെഡ് ഷീറ്റ് എന്നിവ ഓരോന്നു വീതമുള്ള സിംഗിള്‍ കോട്ടിന് 160 രൂപയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫാമിലി റൂമിന് 890 രൂപയാണ്. തലയണ, പുതപ്പ്, ബെഡ് ഷീറ്റ് എന്നിവ മൂന്ന് എണ്ണം വച്ച് ലഭിക്കും.
നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ കെഎസ്ആര്‍ടിസിയ്ക്കുണ്ടെങ്കിലും കാടും മലയും കടലും താണ്ടാന്‍ ആവനണ്ടിയുണ്ടെങ്കിൽ യാത്രകള്‍ ജോറാണെന്നാണ് സഞ്ചാരികളും പറയുന്നത്.