image

2 Dec 2022 11:45 AM GMT

Kerala

ചെല്ലാനം ടെട്രാപോഡ് നിര്‍മാണം പുരോഗമിക്കുന്നു

Bureau

chellanam tetrapod work in progress
X

Summary

344.2 കോടി രൂപയാണ് ജലസേചന വകുപ്പ് ആദ്യ ഘട്ടത്തിനായി അനുവദിച്ചിട്ടുള്ളത്


കൊച്ചി: കടല്‍ ക്ഷോഭ ഭീഷണി നേരിടുന്ന എറണാകുളം ചെല്ലാനത്തെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ടെട്രാപോഡ് നിര്‍മാണത്തിന്റെ 71 ശതമാനം പൂര്‍ത്തിയാക്കി. ചെന്നൈ ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടെട്രാപോഡ് നിര്‍മാണം.344.2 കോടി രൂപയാണ് ജലസേചന വകുപ്പ് ആദ്യ ഘട്ടത്തിനായി അനുവദിച്ചിട്ടുള്ളത്. ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ നിലവില്‍ കടല്‍ ക്ഷോഭ ഭീഷണിയില്‍ നിന്ന് സംരക്ഷണം ഒരുക്കാന്‍ കടല്‍ ഭിത്തി നിര്‍മാണത്തോടെ സാധിച്ചതായാണ് വിലയിരുത്തല്‍.

കടല്‍ ക്ഷോഭം ഭീഷണി കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. ഇതുവരെ 98000 ടെട്രാപോഡുകളാണ് നിര്‍മിച്ചത്. ഏതാണ്ട് 95000 ടെട്രാപോഡുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാന ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് വേണ്ടി പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റാണ് ചെല്ലാനത്ത് ടെട്രാപോഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡുകള്‍ നിര്‍മ്മിക്കുന്നത്.

ടെട്രാപോഡ് നിര്‍മാണത്തിനായി എരമല്ലൂരില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. വരുന്ന ഏപ്രിലിന് മുന്‍പായി 7.32 കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഒപ്പം വാക് വേ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

അതേസമയം രണ്ടാം ഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലാണ്. രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ 10 കിലോമീറ്ററില്‍ അധികം ദൂരം കടല്‍ത്തീരത്തിന് സംരക്ഷണമാകും. കണ്ണമാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും.

ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്ത് നിന്ന് ആരംഭിച്ച് പുത്തന്‍തോട് ബീച്ച് വരെയാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. രണ്ടര മീറ്ററോളം ഉയരത്തില്‍ കരിങ്കല്ല് പാകിയതിന് മുകളിലായാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണ് കടല്‍ ഭിത്തി നിര്‍മ്മാണം. ഇതിന് മുകളിലായി മൂന്ന് മീറ്റര്‍ വീതിയിലാണ് നടപ്പാത ഒരുക്കുന്നത്.