21 July 2023 3:23 PM IST
Summary
- ഇല കൊണ്ടുള്ള വിഭവങ്ങളുടെ ഒരു ജുഗല്‍ബന്ദിയാണ് ഇവിടെ അരങ്ങേറുന്നത്
- ഇല ഏതുമാകട്ടെ അതുകൊണ്ടൊരു വിഭവം തയാറാക്കാന്‍ കഴിവുള്ളവരാണു കൊങ്കണിമാര്‍
- വിവിധതരം കൊണ്ടാട്ടം, വറ്റല്‍, അച്ചാര്‍ എന്നിവയും ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ്
ഇല വിഭവങ്ങള്‍ക്കു പേരുകേട്ടതാണു മട്ടാഞ്ചേരിയിലെ കൂവപ്പാടം, ചേര്‍ലായി എന്നീ പ്രദേശങ്ങള്‍. കര്‍ക്കിടകമാസം ഇല കൊണ്ടുള്ള വിഭവങ്ങളുടെ ഒരു ജുഗല്‍ബന്ദിയാണ് ഇവിടെ അരങ്ങേറുന്നത്. കര്‍ക്കിടകമാസത്തില്‍ ഇവിടെയുള്ള ഭൂരിഭാഗം വീടുകളിലും ചേമ്പില അപ്പം, ചേമ്പില തോരന്‍, ചീര തോരന്‍, മത്ത ഇല കൊണ്ടുള്ള തോരന്‍ എന്നിവ പാചകം ചെയ്യുന്നത് പതിവാണ്. കര്‍ക്കിടകത്തില്‍ ഇലകളുടെ വില്‍പ്പനയും ഇവിടെ വന്‍തോതില്‍ നടക്കുന്നു.
മട്ടാഞ്ചേരിയിലെ കൂവപ്പാടം, ചേര്‍ലായി എന്നീ പ്രദേശങ്ങള്‍ ഗൗഡ സാരസ്വത ബ്രാഹ്‌മണസമുദായത്തില്‍പ്പെട്ട കൊങ്കണിമാര്‍ കൂടുതല്‍ താമസിക്കുന്നയിടമാണ്. വേറിട്ടൊരു ഭക്ഷണരീതിയാണ് ഇവരുടേത്. ഇലകളും കിഴങ്ങുവര്‍ഗങ്ങളും ഇവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
ഇല ഏതുമാകട്ടെ അതുകൊണ്ടൊരു വിഭവം തയാറാക്കാന്‍ കഴിവുള്ളവരാണു കൊങ്കണിമാര്‍. മുരിങ്ങയില കൊണ്ട് ദോശ, ചേമ്പില ഇല കൊണ്ട് അപ്പം, പലതരം തോരന്‍, ഗജ്ബജ് എന്ന കറി, ഇഡ്ഡലിയുടെ രൂപമുള്ള ഉണ്ടികള്‍ അങ്ങനെ പലതരം വിഭവങ്ങള്‍ ഇവര്‍ ഇല കൊണ്ട് ഉണ്ടാക്കുന്നു. യാതൊരുവിധ പ്രിസര്‍വേറ്റീവുകളും വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഇവര്‍ ചേര്‍ക്കാറില്ലെന്നതും ശ്രദ്ധേയമാണ്. അതുപോലെ തന്നെ വിവിധതരം കൊണ്ടാട്ടം, വറ്റല്‍, അച്ചാര്‍ എന്നിവയും ഇവരുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ്
മട്ടാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ തിരുമല ദേവസ്വം ക്ഷേത്രത്തിന്റെ പരിസരത്ത് എല്ലാ ദിവസവും രാവിലെ ആറ് മണി കഴിയുമ്പോള്‍ ചേമ്പില, തുമ്പ, കൊഴുപ്പചീര, ചുവന്ന ചീര, പച്ച ചീര, പലക് ചീര തുടങ്ങിയ ഇലകളുടെ വില്‍പ്പന ആരംഭിക്കും. ചെല്ലാനം, ചേര്‍ത്തല ഭാഗത്തുനിന്നും വരുന്ന സ്ത്രീകളാണ് ഈ ഇലകള്‍ വില്‍ക്കുന്നത്. 25 എണ്ണത്തിന്റെ ഒരു കെട്ട് ചേമ്പിലയ്ക്ക് വില 25 രൂപയാണ്. ചീര ഒരു കെട്ടിന് 20 രൂപയുമാണ് പൊതുവേ ഈടാക്കുന്നത്. ഒഴിഞ്ഞ പറമ്പുകളില്‍ ചേമ്പില ആര്‍ക്കും വേണ്ടാതെ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു. എന്നാല്‍ ചേമ്പിലയുടെ ഗുണങ്ങള്‍ മനസ്സിലാക്കിയവരാണു കൊങ്കണികള്‍.
കര്‍ക്കിടകത്തില്‍ ചേമ്പില വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും മുരിങ്ങയില ഇക്കാലത്ത് ഉപയോഗിക്കില്ല. കാരണം കര്‍ക്കിടകത്തില്‍ മുരിങ്ങയില ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ക്ഷേത്രപരിസരത്തുള്ള വീടുകളില്‍ ചേമ്പില അപ്പം വില്‍പ്പന നടത്തുന്നുണ്ട്. ചേമ്പില അപ്പത്തിന് പത്രോടൊ എന്നും പേരുണ്ട്. കര്‍ക്കിടക മാസത്തില്‍ ക്ഷേത്രപരിസരത്ത് ഉലുവ കഞ്ഞി വില്‍ക്കുന്ന കടകളുമുണ്ട്. വൈകുന്നേരം നാല് മണിയോടെയാണ് ഉലുവ കഞ്ഞി വില്‍പ്പന ആരംഭിക്കുന്നത്. രാത്രി എട്ട് മണി വരെ കടകളില്‍ കഞ്ഞി ലഭ്യമായിരിക്കും.
എല്ലാ ദിവസവും വൈകുന്നേരം മൂന്നര മണിയോടെയാണു ചേമ്പില അപ്പത്തിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ഒരു ചേമ്പില അപ്പത്തിന് 100 രൂപയാണ് വില.
ഔഷധഗുണമുള്ളതാണു ചേമ്പില. പക്ഷേ അത് പാചകത്തിനു ഉപയോഗിക്കണമെങ്കില്‍ ഇലയിലുള്ള ചെറിയ നാരു പോലെയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ ഇല കറിവച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമെന്നു പൂര്‍ണിമ പറയുന്നു. പൂര്‍ണിമയും ഭര്‍ത്താവ് പ്രഭാകരനും വര്‍ഷങ്ങളായി കൊച്ചിന്‍ തിരുമല ദേവസ്വം ക്ഷേത്രപരിസരത്തുള്ള കടയില്‍ ചേമ്പില അപ്പവും മറ്റ് കൊങ്കണി വിഭവങ്ങളും വില്‍പ്പന നടത്തിവരികയാണ്. കര്‍ക്കിടക മാസം പൊതുവേ തണുപ്പ് കൂടുതലായിരിക്കും. ഈ സമയത്ത് മനുഷ്യശരീരത്തിന് ചൂടു നല്‍കാന്‍ ചേമ്പിലയ്ക്കു സാധിക്കും. മാത്രമല്ല, ചേമ്പിലയില്‍ ഇരുമ്പിന്റെ അംശമുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളാനും ചേമ്പിലയ്ക്ക് ശക്തിയുണ്ട്.
ചേമ്പില അപ്പം
ചേമ്പില അപ്പത്തിനു പുറമെ ചേര്‍ലായിയിലെ ഒട്ടുമിക്ക വീടുകളിലും ചട്ണി പൊടി, അച്ചാറുകള്‍, പപ്പടം, അവല്‍ മിക്‌സര്‍ പലഹാരങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നുണ്ട്. പൊടി അച്ചാര്‍, നക്ഷത്രപ്പുളി അച്ചാര്‍, ഇരുമ്പന്‍ പുളി അച്ചാര്‍, നെല്ലിക്ക, കണ്ണിമാങ്ങ, നാരങ്ങ അച്ചാറുകള്‍ എന്നിവയൊക്കെ ഇവിടെ ലഭ്യം.
ഇവിടെ വില്‍പ്പന നടത്തുന്ന ഒരു പ്രത്യേക പപ്പടമാണു മുളക് കൊണ്ടുള്ളത്. ഈ പപ്പടം വെളിച്ചെണ്ണയില്‍ വറുത്തെടുക്കാറില്ല. പകരം ചുട്ട് എടുക്കുകയാണ്. അതാണ് ടേസ്റ്റും. വെളിച്ചെണ്ണയില്‍ വറുത്തും കഴിക്കാറുണ്ട്.
മുളക് കൊണ്ടുള്ള പപ്പടം
കൊങ്കണിമാരുടെ അച്ചാറിന് വിപണിയില്‍ നല്ല ഡിമാന്‍ഡ് പൊതുവേയുണ്ട്. അതുപോലെ തന്നെയാണു ദോശപ്പൊടിക്കും ചട്ണിപ്പൊടിക്കും ഉളള ഡിമാന്‍ഡ്.
പൊളാപിട്ടോ, തമ്പളെപ്പിട്ടോ എന്നിങ്ങനെയാണ് ദോശപ്പൊടിയും ചട്ണിപ്പൊടിയും കൊങ്കണിഭാഷയില്‍ അറിയപ്പെടുന്നത്.
കര്‍ക്കിടക മാസം ആരോഗ്യസംരക്ഷണത്തിനുള്ള മാസമായിട്ടാണ് മലയാളികള്‍ ആചരിക്കുന്നത്. കര്‍ക്കിടക മാസത്തില്‍ മനുഷ്യശരീരത്തിന്റെ ശക്തി ക്ഷയിക്കുമെന്നാണു ആയുര്‍വേദം പറയുന്നത്. ഈ സമയത്ത് ശരീരത്തിന് ബലം നല്‍കുന്ന ആഹാരങ്ങളാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. കര്‍ക്കിടകത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണു പത്തില കൊണ്ടുള്ള വിഭവങ്ങള്‍.
താള്, തകര, ചേമ്പ്, തഴുതാമ, പയറില, ചേനയില, കുമ്പളമില, മത്തനില, മുള്ളന്‍ചീര, നെയ്യുണ്ണി, കൂവളത്തില, വട്ടത്തകര, കടുമുടുങ്ങ എന്നീ ഇലകളാണ് കര്‍ക്കിടകത്തില്‍ കറിവച്ച് കഴിക്കുന്നത്. മട്ടാഞ്ചേരിയില്‍ പാലസ് റോഡില്‍ നിരവധി വഴിയോര കച്ചവടക്കാര്‍ കര്‍ക്കിടകമാസത്തില്‍ പലതരം ഇലകറികളുമായി വില്‍പ്പനയ്‌ക്കെത്താറുണ്ട്. ചീര, പാലക് ചീര, ചേമ്പില എന്നിവയാണ് കൂടുതലും വിറ്റു പോകുന്നത്. കൊങ്കണിമാര്‍ കറികളില്‍ ഇല കൂടുതല്‍ ഉപയോഗിക്കാറുണ്ടെങ്കിലും വെളുത്തുള്ളി, ചുവന്നുള്ളി, സവാള എന്നിവ അധികം ഉപയോഗിക്കാറില്ല. സാത്വികമായ ഒരു ഭക്ഷണരീതിയാണ് ഇവര്‍ പിന്തുടരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
