image

5 Jun 2023 2:30 PM IST

Kerala

ഒഎന്‍ഡിസി ബിടുബി സമ്മേളനം; കേരള സ്റ്റാര്‍ട്ടപ്പ് റാപ്പിഡോറിന് ആദരം

Kochi Bureau

ondc b2b conference kudos to kerala startup rapidore
X

Summary

  • 236 നഗരങ്ങളിലായി 36,000 കച്ചവടക്കാരാണ് ഇതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.


കൊച്ചി: ഡിജിറ്റല്‍ വിപണനം സുഗമമാക്കാനായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ബിടുബി സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പായ റാപ്പിഡോറിന് ആരദം. placeorder.com എന്ന വെബ്‌സൈറ്റിലൂടെ എംഎസ്എംഇകള്‍ക്ക് സുഗമമായി ബിസിനസ് രജിസ്റ്റര്‍ ചെയ്യാനും ഓര്‍ഡറുകള്‍ സ്വീകരിക്കാനും കഴിയുന്ന സംവിധാനമൊരുക്കിയതിനാണ് അംഗീകാരം.

ഡിജിറ്റല്‍ ഇ-കൊമേഴ്‌സ് എല്ലാ തട്ടിലുമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ തുറന്ന ഇ-കൊമേഴ്‌സ് ശൃംഖലയാണ് ഒഎന്‍ഡിസി. 236 നഗരങ്ങളിലായി 36,000 കച്ചവടക്കാരാണ് ഇതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

എംഎസ്എംഇകള്‍ പ്ലേസ്ഓര്‍ഡറില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സേവനങ്ങള്‍ ആര്‍ക്കാണോ വേണ്ടത് അവര്‍ ഒഎന്‍ഡിസി വഴി തന്നെ ഓര്‍ഡറുകള്‍ നല്‍കുന്നു. സ്വന്തമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇല്ലാതെ തന്നെ വ്യാപാരം സാധ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് തടസ്സങ്ങളോ പരിധിയോ ഇല്ലാതെ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.



ബിടുബി അലോക്ഡ് പരിപാടിയില്‍ റാപ്പിഡോറിന്റെ സ്ഥാപകന്‍ തോംസണ്‍ സ്‌ക്കറിയ, സഹസ്ഥാപകരായ പ്രഭു ചന്ദ്രു, പവന്‍കുമാര്‍ എന്നിവരും ആദരിക്കപ്പെടും.

ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ ത്വരിതഗതിയിലാക്കാനാണ് റാപ്പിഡോര്‍, സൈന്‍ക്യാച്ച് എന്നീ കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഒഎന്‍ഡിസി എംഡിയും സിഇഒയുമായ ടി കോശി വ്യക്തമാക്കി. അത് ഫലപ്രദമായും വിജയകരമായും നടക്കുന്നുവെന്നത് ആഹ്‌ളാദകാരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഎന്‍ഡിസിയില്‍ നിന്നുള്ള മാസങ്ങളുടെ സഹകരണത്തിനും പ്രോത്സാഹനത്തിനും ശേഷം, ഒഎന്‍ഡിസിയിലെ ബിസിനസുകള്‍ക്കായി ഇന്റര്‍ ഓപ്പറബിള്‍ ട്രേഡ് തുറന്നിരിക്കകയാണെന്ന് റാപ്പിഡോര്‍ സ്ഥാപക സിഇഒ തോംസണ്‍ സ്‌കറിയ അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ വ്യാപാര രംഗത്ത് കടന്നു വരാന്‍ കഴിയാത്ത 90 ശതമാനം വ്യാപാരികള്‍ക്കും സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും അവരുടെ ബിസിനസ്സ് വിപുലീകരിക്കാനും പുതിയ വിപണികളിലേക്ക് കടന്നുചെല്ലുവാനും കൂടുതല്‍ മികച്ച രീതിയില്‍ കച്ചവടം നടത്തുവാനും ഈ പുതിയ സംവിധാനം പ്രോത്സാഹനമായിത്തീരും.

ഇന്ത്യയിലെ 60 മില്യണ്‍ എംഎസ്എംഇകളെ ശാക്തീകരിക്കുന്നത് നമ്മുടെ ജിഡിപിയെ ഉത്തേജിപ്പിക്കും. കൂടാതെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്വപ്നവും സാക്ഷാത്കരിക്കുവാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള എംഎസ്എംഇകള്‍ ഇതു വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ചെലവ് കുറഞ്ഞ, മികച്ച ലാഭം കിട്ടുന്ന, മികച്ച വില്‍പ്പന നടക്കുന്ന ഈ പ്ലാറ്റ്‌ഫോം ഡിജിറ്റല്‍ വിപണനത്തില്‍ പുത്തന്‍ അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.