image

7 Jan 2023 11:43 AM GMT

Kerala

50 ലക്ഷം വരെ നഷ്ടമായവരുടെ നീളുന്ന പട്ടിക, കണ്ണൂരില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

Bureau

investment fraud two arrest
X


കണ്ണൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ നഗരത്തിലെ കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍മാരായ തൃശൂര്‍ വരവൂര്‍ സ്വദേശിയുമായ കുന്നത്ത് പീടികയില്‍ കെ എം ഗഫൂര്‍(40), മലപ്പുറം ചങ്ങരംകുളത്തെ ഷൗക്കത്ത് അലി എന്നിവരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. സി ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിസാഹസികമായി പ്രതികളെ പിടികൂടിയത്. തലശ്ശേരി സ്വദേശി ദീപക് കല്യാടിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. പ്രതികളായ ഷൗക്കത്തലിക്കും ഗഫൂറിനും പുറമേ എ ടി എം ഡയറക്ടര്‍ ആന്റണി, കണ്ണൂര്‍ അര്‍ബന്‍ നിധി എ ജി എം, ജി എം, ബ്രാഞ്ച് മാനേജര്‍, കണ്ണൂര്‍ അര്‍ബന്‍ നിധി മറ്റ് ഡയറക്ടര്‍മാര്‍, സ്റ്റാഫ് ബ്രാഞ്ച് മാനേജര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.

ദീപകിന്റെ അമ്മയുടെ പേരില്‍ നിക്ഷേപിച്ച 59.5 ലക്ഷം രൂപക്ക് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. 5000 മുതല്‍ അരക്കോടിയിലധികം രൂപ വരെ നഷ്ടമായവരുടെ നീളുന്ന പട്ടികയാണ് പരാതിയായി പോലീസിന് മുന്‍പാകെ ഉള്ളത്. ഇന്നലെ നാടകീയ സംഭവ വികാസങ്ങളാണ് ടൗണ്‍ സ്റ്റേഷനില്‍ ഉണ്ടായത്.

ഷൗക്കത്തലിയും ഗഫൂറും സ്റ്റേഷനില്‍ ഉണ്ടെന്നറിഞ്ഞ് നിക്ഷേപകരും സ്ഥാപന ജീവനക്കാരുമുള്‍പ്പെടെ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ പ്രതികള്‍ സ്റ്റേഷനില്‍ എത്തിയേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പണം നിക്ഷേപിച്ചവരും ജീവനക്കാരും സ്റ്റേഷനു സമീപം നിലയുറപ്പിച്ചിരുന്നു. ഇവര്‍ കണ്ണൂരിലുണ്ടെന്ന വിവരം ഇന്നലെ രാവിലെ തന്നെ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാതിരുന്ന ഇരുവരെയും പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു.

കൂലിപണിക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍,ഹോട്ടല്‍ തൊഴിലാളികള്‍, സര്‍ക്കാര്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥര്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങി നിരവധി ആളുകളാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ കേസെടുത്താല്‍ തങ്ങള്‍ക്ക് കിട്ടാനുള്ള പണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പ്രതിഭാഗം വക്കീലിനോട് പറയുന്നതും കാണാമായിരുന്നു.

ഇതിനിടെ പണം നഷ്ടമായ വ്യക്തി സ്റ്റേഷനില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇടപെട്ട സി ഐ ബിനുമോഹന്‍ പരാതിയുള്ളവര്‍ക്ക് ഇനിയും എഴുതി നല്‍കാമെന്നും ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നവര്‍ക്ക് സ്റ്റേഷന് പുറത്ത് വെച്ച് ആവാം എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പലരുടെയും വീടുകളില്‍ പോലും അറിയാതെയാണ് പണം നിക്ഷേപിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. കണ്ണൂരിന് പുറമേ മംഗലാപുരം, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള യുവതികള്‍ ഉള്‍പ്പെടെ പലരും കണ്ണീരണിഞ്ഞാണ് ഇന്നലെ സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.