23 May 2023 12:57 PM IST
Summary
- യുഎസ് പ്രതിരോധ കെട്ടിടത്തിന് പുറത്ത് കറുത്ത പുക ഉയരുന്നതായിരുന്നു ഫോട്ടോ
- ഒരു വ്യാജ ചിത്രത്തിന് വിപണിയെ വരെ പിടിച്ചുലയ്ക്കാനും സാധിച്ചു
- വെരിഫൈഡ് അക്കൗണ്ട് അടക്കം ആയിരക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഈ ചിത്രം പ്രചരിച്ചത്
യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ സ്‌ഫോടനം നടന്നതായുള്ള ചിത്രം തിങ്കളാഴ്ച (മെയ് 22) പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് യുഎസ്സില്‍ വിപണി ഇടിഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ രാവിലെയാണ് ചിത്രം സഹിതമുള്ള വാര്‍ത്ത പ്രചരിച്ചത്. നിരവധി വാര്‍ത്താ സ്രോതസ്സുകള്‍ ഇത് ശരിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണു വിപണി ഇടിഞ്ഞത്. എസ് ആന്‍ഡ് പി 500 നിമിഷങ്ങള്‍ കൊണ്ട് 30 പോയിന്റാണ് ഇടിഞ്ഞത്. പിന്നീട് തിരിച്ചുവരവ് നടത്തുകയും ചെയ്തു.
യുഎസ് പ്രതിരോധ കെട്ടിടത്തിന് പുറത്ത് കറുത്ത പുക ഉയരുന്നതായിരുന്നു ഫോട്ടോ. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വ്യാജമായി സൃഷ്ടിച്ചതാണെന്നു പിന്നീട് കണ്ടെത്തി.
6,53,000 ഫോളോവേഴ്‌സുള്ള വാള്‍ട്ടര്‍ ബ്ലൂംബെര്‍ഗ് അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഈ ചിത്രം ഷെയര്‍ ചെയ്തു.
വെരിഫൈഡ് അക്കൗണ്ട് അടക്കം ആയിരക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഈ ചിത്രം പ്രചരിച്ചത്.
ഒരു വ്യാജ ചിത്രത്തിന് വിപണിയെ വരെ പിടിച്ചുലയ്ക്കാനും അതിലൂടെ സാധിച്ചു.
തങ്ങളുടെ കെട്ടിടത്തിലും പരിസരത്തും സ്‌ഫോടനം നടന്നിട്ടില്ലെന്ന് അഭിപ്രായപ്പെടാന്‍ ഒടുവില്‍ പെന്റഗണിനു രംഗത്തുവരേണ്ടതായി വന്നു.
' ഇത് തെറ്റായ റിപ്പോര്‍ട്ടാണെന്നും പെന്റഗണ്‍ ഇന്ന് ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ' പെന്റഗണ്‍ വക്താവ് പറഞ്ഞു.
പെന്റഗണ്‍ വക്താവിനു പുറമെ ആര്‍ലിംഗ്ടണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും വിശദീകരണവുമായി രംഗത്തുവന്നു. പെന്റഗണിനു പരിസരത്തില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നു അവര്‍ വ്യക്തമാക്കി.
സമീപകാലത്ത് എഐ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലാകുന്ന ചിത്രവും, പ്രശസ്തരായ അഭിനേതാക്കളും അഭിനേത്രികളും പ്രായമാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നു കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഇത്തരത്തില്‍ വൈറലായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
