18 Aug 2023 5:31 PM IST
Summary
- എല്‍ നിനോ കാലാവസ്ഥാ പാറ്റേണ്‍ കാരണം, ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വളരെ കുറച്ച് മഴയാണ് ലഭിച്ചത്
- ഓഗസ്റ്റിലെ ആദ്യ 17 ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 90.7 മില്ലിമീറ്റര്‍ (3.6 ഇഞ്ച്) മാത്രമാണ്
2018 ഓഗസ്റ്റ് മാസം കേരളം മറക്കാനിടയില്ലാത്ത മാസമാണ്. കാരണം സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയത് അന്നായിരുന്നു.
എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2023 ഓഗസ്റ്റ് മാസമെത്തിയപ്പോള്‍ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണു കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും.
എല്‍ നിനോ കാലാവസ്ഥാ പാറ്റേണ്‍ കാരണം, ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വളരെ കുറച്ച് മഴയാണ് ലഭിച്ചത്.
ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 100 വര്‍ഷത്തിനിടെയുള്ള വരണ്ട ഓഗസ്റ്റ് മാസമാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പ്രവചിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
1901-ല്‍ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്താന്‍ പോകുന്നതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
ഇതാകട്ടെ, അരി മുതല്‍ സോയാബീന്‍ വരെയുള്ള വേനല്‍ക്കാലത്ത് വിതച്ച വിളകളുടെ വിളവെടുപ്പ് കുറയാന്‍ കാരണമാകുമെന്നും അതിലൂടെ വില വര്‍ധനയിലേക്കും മൊത്തത്തിലുള്ള ഭക്ഷ്യ വിലക്കയറ്റത്തിലേക്കും നയിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ 3 ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സുപ്രധാനമാണു മണ്‍സൂണ്‍. ഇന്ത്യയ്ക്ക് ആവശ്യമായ മഴയുടെ 70 ശതമാനവും നല്‍കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മണ്‍സൂണാണ്. അതിനുപുറമെ കൃഷിയിടങ്ങളിലേക്കും, ജലസംഭരണികളിലേക്കും ജലാശയങ്ങളിലേക്കും ആവശ്യമായ ജലമെത്തിക്കുന്നതും മണ്‍സൂണാണ്.
ഓഗസ്റ്റ് മാസം ഇന്ത്യയില്‍ ശരാശരി 180 മില്ലിമീറ്ററില്‍ താഴെ മഴ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
ഓഗസ്റ്റിലെ ആദ്യ 17 ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 90.7 മില്ലിമീറ്റര്‍ (3.6 ഇഞ്ച്) മാത്രമാണ്. ഇത് സാധാരണയേക്കാള്‍ 40% കുറവാണ്.
ഓഗസ്റ്റ് മാസത്തിലെ ശരാശരി 254.9 മില്ലിമീറ്ററാണ്.
വടക്കുകിഴക്കന്‍ മേഖലകളിലും ചില മധ്യമേഖലകളിലും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മണ്‍സൂണ്‍ മഴ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വടക്കുപടിഞ്ഞാറന്‍, തെക്കന്‍ സംസ്ഥാനങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ പകുതിയോളം കൃഷിയിടങ്ങളിലും ജലസേചനം ഇല്ലാത്തതിനാല്‍ മണ്‍സൂണ്‍ നിര്‍ണായകമാണ്.
ജൂണ്‍ 1 മുതല്‍ തെക്കന്‍ സംസ്ഥാനമായ കേരളത്തില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങുന്നതോടെ കര്‍ഷകര്‍ സാധാരണയായി നെല്ല്, പരുത്തി, സോയാബീന്‍, കരിമ്പ്, നിലക്കടല എന്നിവ മറ്റ് വിളകള്‍ക്കൊപ്പം നടാറുണ്ട്. ഇത്തരത്തില്‍ നട്ട വിളകള്‍ക്ക് ഇപ്രാവിശ്യം മഴ കുറഞ്ഞതിനാല്‍ വന്‍ ഭീഷണിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
