image

19 Sep 2023 9:45 AM GMT

Latest News

മാഗി പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 10 രൂപയ്ക്കും ഇനി സ്വന്തമാക്കാം

MyFin Desk

good news for maggi lovers now get for rs10
X

Summary

  • നെസ്ലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ 40 ഗ്രാം മാഗി പാക്കറ്റുകള്‍ 10 രൂപയ്ക്ക് വില്‍ക്കും


നെസ്ലെയുടെ ജനപ്രിയ ഉത്പന്നമായ മാഗി ഇനി 10 രൂപയ്ക്ക് ലഭ്യമാകും. വിപണി വിഹിതം വര്‍ധിപ്പിക്കാനും കിടമത്സരത്തെ ശക്തമായി നേരിടാനുമായിട്ടാണ് നെസ്ലെയുടെ ഈ നീക്കം. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നഷ്ടമായ വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് ആകര്‍ഷകമായ വിലയില്‍ വില്‍ക്കാന്‍ മാഗി കമ്പനി പദ്ധതിയിടുന്നത്.

100 ഗ്രാം മാഗി പത്ത് രൂപയ്ക്ക് വിറ്റിരുന്ന നെസ്‌ലെ ഇന്ത്യാ വിഭാഗം 2014 ഡിസംബറില്‍ വില 12 രൂപയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉത്പാദന ചെലവ് വര്‍ധിച്ചതോടെ 2022 ഫെബ്രുവരിയില്‍ 12 രൂപയില്‍ നിന്ന് വില 14 രൂപയിലേക്ക് ഉയര്‍ത്തിയിരുന്നു.

15 സംസ്ഥാനങ്ങളിലെ ഗ്രാമീണ ചെറുകിട വിപണികളെ ഉള്‍പ്പെടുത്തി 'റര്‍ബന്‍' വിപണികളാണ് മാഗിയുടെ ലക്ഷ്യം. 40 ഗ്രാമായിരിക്കും 10 രൂപക്ക് കിട്ടുക. .

ഇന്ത്യയിലുടനീളം എരിവുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന വര്‍ധിച്ചുവരികയാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഈ ആവശ്യം മാഗി എപ്പോഴും നിറവേറ്റുന്നു. മാഗി സ്പെഷ്യല്‍ മസാല, മാഗി സ്പൈസി വെളുത്തുള്ളി, മാഗി മഞ്ചൂരിയന്‍ നൂഡില്‍സ് എന്നിവ നഗര വിപണികളില്‍ സജീവമാണ്. 'റര്‍ബന്‍ മാര്‍ക്കറ്റുകള്‍ക്കായി, ഞങ്ങള്‍ അടുത്തിടെ 10 രൂപയ്ക്ക് മാഗി നൂഡില്‍സിന്റെ 'ടീക്ക മസാല', 'ചട്പട മസാല' എന്നീ വകഭേദങ്ങള്‍ പുറത്തിറക്കിയിിരക്കുകയാണ്,' നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി.

2022ല്‍ 55,000 ഗ്രാമങ്ങളും 1,800 വിതരണ കേന്ദ്രങ്ങളും ചേര്‍ത്ത് കമ്പനി സാന്നിധ്യം വിപുലീകരിച്ചതായി നെസ്ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഏപ്രില്‍ 30 ന് അവസാനിച്ച 12 മാസ കാലയളവില്‍ പ്രാദേശിക ബ്രാന്‍ഡുകളുടെ വോളിയം വളര്‍ച്ച ദേശീയ ബ്രാന്‍ഡുകളേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരൊറ്റ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകളെയാണ് പ്രാദേശിക ബ്രാന്‍ഡുകളായി നിര്‍വചിക്കുന്നത്.

നെസ്ലെയുടെ പോര്‍ട്ട്ഫോളിയോയില്‍ മാഗിയുടെ സംഭാവന ചെറുതല്ല. 2022ല്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ മാഗി നൂഡില്‍സ് 32.2 ശതമാനം സംഭാവന നല്‍കിയതായി വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ പാക്കേജ്ഡ് നൂഡില്‍സ് വിപണിയില്‍ 60 ശതമാനത്തിലധികം വിപണി വിഹിതമാണ് മാഗിക്കുള്ളത്.

നിലവില്‍ 75 ഗ്രാം മാഗി പാക്കറ്റിന് 15 രൂപയാണ് വില. ഇതിന് പുറമേ 120 ഗ്രാം പാക്കറ്റിന് 25 രൂപയും 200 ഗ്രാം പാക്കറ്റിന് 40 രൂപയുമാണ് വില. 40 ഗ്രാം മാഗി പാക്കറ്റുകള്‍ വില്‍ക്കുന്നതോടെ കമ്പനിക്ക് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാകുമെന്നാണ് കരുതുന്നത്.

മാഗി ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന വിവിധ വിഭവങ്ങളുടെ പാചകരീതികള്‍ കമ്പനി പ്രചരിപ്പിക്കുന്നു. ഇതിന് പുറമേ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും രുചി പ്രദര്‍ശനങ്ങളും മറ്റ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.