image

28 Jun 2023 11:34 AM IST

Latest News

നിഫ്റ്റി എക്കാലത്തെയും ഉയരങ്ങളില്‍, 18,900 കടന്നു

MyFin Desk

nifty gain today
X

Summary

  • അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവര്‍ നേട്ടമുണ്ടാക്കി
  • മൂന്ന് മാസങ്ങളില്‍ നിഫ്റ്റി 11 ശതമാനത്തിലധികം ഉയര്‍ന്നു
  • നിഫ്റ്റി എക്കാലത്തെയും റെക്കോഡ് നിലയായ 18,922ലെത്തി


ഇന്ന് (ജൂണ്‍ 28) വ്യാപാരം ആരംഭിച്ച ഉടനെ നിഫ്റ്റി എക്കാലത്തെയും റെക്കോഡ് നിലയായ 18,922 വരെയെത്തി.

കഴിഞ്ഞയാഴ്ച ഏതാനും ദിവസങ്ങളില്‍ നിഫ്റ്റി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കുതിച്ചെങ്കിലും പ്രോഫിറ്റ് ബുക്കിംഗ് കാരണം അതിനു സാധിച്ചിരുന്നില്ല.

ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി അംഗീകാരം നല്‍കിയതും, എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ജുലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് പ്രഖ്യാപിച്ചതും യുഎസ്സിലെ വിപണിയിലുണ്ടായ റാലിയുമൊക്കെ ഉള്‍പ്പെടുന്ന ചില പോസിറ്റീവ് വാര്‍ത്തകള്‍ വിപണിക്ക് ഗുണം ചെയ്തു.

കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ നിഫ്റ്റി 11 ശതമാനത്തിലധികം ഉയര്‍ന്നു. സെന്‍സെക്‌സ് ആകട്ടെ 10 ശതമാനത്തിലധികവും ഉയര്‍ന്നു.

ഇന്ന് നിഫ്റ്റി 50-യില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവര്‍ നേട്ടമുണ്ടാക്കി.

എച്ച്ഡിഎഫ്‌സി ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി എന്നിവര്‍ക്ക് നഷ്ടം.

ജൂണ്‍ 28ന് വ്യാപാരം ആരംഭിച്ച സെന്‍സെക്‌സും റെക്കോഡ് നിലയായ 63,716 കൈവരിച്ചു. 210 പോയന്റാണ് സെന്‍സെക്‌സ് നേട്ടം.

ആഭ്യന്തര വളര്‍ച്ചയിലെ മുന്നേറ്റം, പണപ്പെരുപ്പം കുറഞ്ഞത്, വര്‍ധിച്ച വിദേശ ഫണ്ടുകളുടെ ഒഴുക്ക്, കോര്‍പറേറ്റ് കമ്പനികളുടെ മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ എന്നിവയൊക്കെ വിപണിയുടെ മുന്നേറ്റത്തെ സഹായിച്ച ഘടകങ്ങളാണ്.

വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ 10 ബില്യന്‍ ഡോളറിലധികം നിക്ഷേപം നടത്തിയതിന്റെ പിന്‍ബലത്തിലാണ് നിഫ്റ്റി റെക്കോഡ് ഉയരങ്ങളിലെത്തിയത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും വിദേശ നിക്ഷേകര്‍ വിറ്റഴിക്കുന്ന കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. എന്നാല്‍ 2023 മാര്‍ച്ച് മുതല്‍ അവര്‍ വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപിക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം വിദേശ നിക്ഷേപകര്‍ 1.4 ബില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ ഇക്വിറ്റികളാണ് വാങ്ങിയത്. മെയ് മാസം 5.3 ബില്യന്‍ ഡോളറിന്റെ ഇക്വിറ്റിയും വാങ്ങിച്ചു. ജൂണ്‍ മാസം 3.7 ബില്യന്‍ ഡോളറും നിക്ഷേപിച്ചു. ഇതോടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ വിദേശനിക്ഷേപം മൊത്തം ഇതുവരെ 10.5 ബില്യന്‍ ഡോളറിലെത്തി.

അതേസമയം ആഭ്യന്തര നിക്ഷേപകര്‍ (Domestic institutional investors) ഈയവസരം പ്രോഫിറ്റ് ബുക്കിംഗിനായി ഉപയോഗിക്കുകയാണ്.

ഈ സാമ്പത്തികവര്‍ഷം ഇതു ആഭ്യന്തര നിക്ഷേപകര്‍ ആകെ 1,785 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് നടത്തിയിരിക്കുന്നത്.