image

19 Sep 2023 4:28 AM GMT

Latest News

യു. കെ വീസ നേടാന്‍ സീനിയർ കെയർ ജോലികള്‍

Karthika Ravindran

Free job visas to settle in UK | uk emigration
X

Summary

ജോബ് വിസ സൗജന്യം ആയി ആണ് നല്‍കുന്നത്


യുകെയില്‍ സെറ്റില്‍ ആകാന്‍ ഫ്രീ ജോബ് വിസകള്‍ !

അര്‍പ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യാന്‍ തയാറുണ്ടോ? അവര്‍ക്കു യുകെയില്‍ തൊഴില്‍ വിസ റെഡി. അതും കുറഞ്ഞ ചെലവില്‍. മാത്രവുമല്ല, ഭാവിയില്‍ എളുപ്പത്തില്‍ സ്ഥിര വിസ ലഭിക്കുകയും ചെയ്യും.

ഇനി ചെയ്യേണ്ട ജോലിയെക്കുറിച്ചു പറയാം. സീനിയര്‍ കെയര്‍ ജോബ്് എന്നാണ് ഇതറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന ജീവിതചര്യകളില്‍ സഹായം നല്‍കുകയാണ് ജോലി. സീനിയര്‍ കെയര്‍ അസിസ്റ്റന്റ്, സോഷ്യല്‍ വര്‍ക്കര്‍, നെഴ്സിംഗ് ഹോം മാനേജര്‍, ഡേ കെയര്‍ ഓപ്പറേറ്റര്‍, ഹോം കെയര്‍ ഏജന്‍സി ഓപ്പറേറ്റര്‍, ഗവണ്‍മെന്റ് സീനിയര്‍ കെയര്‍ സര്‍വീസസ് തുടങ്ങിയവ ഇവയില്‍ ചിലതാകുന്നു. യു.കെ യില്‍ സീനിയര്‍ കെയര്‍ ജോബുകള്‍ ധാരാളം ലഭ്യമാണ്.

മുതിര്‍ന്ന പൗരന്മാരുടെ മെഡിക്കല്‍ പരിചരണം, കുളി, വസ്ത്രം ധരിക്കല്‍, ഭക്ഷണം കഴിക്കല്‍ തുടങ്ങിയവ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ദൈനംദിന ജീവിതത്തില്‍ വൈകാരിക പിന്തുണയും നല്‍കണം. സൗഹൃദം നല്‍കുന്നതിനൊപ്പം യാത്രയില്‍ അനുഗമിക്കണം.

ഈ ജോബ് വിസ സൗജന്യം ആയി ആണ് നല്‍കുന്നത്. എന്നാല്‍ ചില ഏജന്‍സികള്‍ ഫ്രീ ആയി കിട്ടുന്ന ഈ വിസ തരപ്പെടുത്തുവാന്‍ ആളുകളുടെ കൈയില്‍ നിന്ന് വന്‍ തുക പണം കൈപ്പറ്റുന്നതായി കേട്ടിട്ടുണ്ട്. .

ഈ ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍

ഈ ജോലികള്‍ക്ക് പ്രത്യേക യോഗ്യതകളോ, പ്രവൃത്തിപരിചയമോ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഈ ജോലി ശാരീരികവും, വൈകാരികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവ ആണ്്. അതിനാല്‍ മാനസികമായും, ശാരീരികവും ആയി ഫിറ്റ് ആയിരിക്കേണ്ടത് ആവശ്യം ആണ്. ദയയുണ്ടായിരിക്കണം; ക്ഷമയുണ്ടായിരിക്കണം. വെല്ലുവിളികളേറെയുള്ള ജോലിയാണിത്. ഭാവനയും അര്‍പ്പണബോധവുമുള്ള ഒരാള്‍ക്ക് വയോജനങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കാം. മാത്രവുമല്ല, കരിയറില്‍ പഠിക്കാനും വളരാനും അവസരം ലഭിക്കുകയും ചെയ്യും.

മുന്നോട്ടുള്ള തൊഴില്‍ സാധ്യതകള്‍

യു.കെയില്‍ സീനിയര്‍ കെയര്‍ വളരുന്ന മേഖലയാണ്. 2025-ഓടെ ഈ മേഖലയില്‍ 13 ലക്ഷം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നു കണക്കാക്കുന്നു. യു.കെ ജനസംഖ്യയില്‍ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ഈ തൊഴില്‍ വളര്‍ച്ചയ്ക്കു കാരണം. ഇത്തരത്തില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ തേടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

സീനിയര്‍ കെയര്‍ ജോലികള്‍ക്ക് നല്ല ശമ്പളവും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. യു.കെയിലെ സീനിയര്‍ കെയര്‍ വര്‍ക്കര്‍മാരുടെ ശരാശരി ശമ്പളം വര്‍ഷം 24,000 പൗണ്ട് ആണ്. ശമ്പളം വ്യത്യാസപ്പെടാം, എന്നാല്‍ സാധാരണയായി 18,000 മുതല്‍ 25,000 വരെ പൗണ്ട് ആണ് ശമ്പളം. ആഴ്ചയില്‍ രണ്ട് ദിവസം അവധിയായി ലഭിക്കും. ആനുകൂല്യങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, അവധിക്കാലം എന്നിവ ഉള്‍പ്പെടുന്നു.

എഗ്രിമെന്റ് നിബന്ധനകള്‍

രണ്ട് വര്‍ഷത്തെ വര്‍ക്ക് എഗ്രിമെന്റ് ആണ് ജോബ് വിസയില്‍ നല്‍കുന്ന നിബന്ധന. ഈ സമയം ജോലി ഉപേക്ഷിക്കാനോ മറ്റ് ജോലികള്‍ നോക്കുവാനോ സാധിക്കുകയില്ല. കാരാര്‍ സമയം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റും യുകെയില്‍ പെര്‍മെനന്റ് വിസയും ലഭിക്കും.

ഈ ജോലിക്ക് യോജിച്ചവര്‍ ആരെല്ലാം

നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, മറ്റ് വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് എളുപ്പ വഴിയിലും കുറഞ്ഞ ചിലവിലും യുകെയില്‍ വര്‍ക്ക്, പെര്‍മെനന്റ് വിസ ലഭിക്കാന്‍ ഇതൊരു മികച്ച ഓപ്ഷന്‍ തന്നെ ആണ്. ദയ, സഹാനുഭൂതി, പക്വത, ക്ഷമ, ആശയവിനിമയ കഴിവുകള്‍, ശാരീരിക ക്ഷമത എന്നീ ഗുണങ്ങള്‍ സീനിയര്‍ കെയര്‍ ജോലിതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അത്യാവശ്യമാണ്. കൂടാതെ മുതിര്‍ന്ന പൗരന്മാരോടു ആഴമായ കരുതലും, നല്ല പെരുമാറ്റവും ഈ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഈ ഗുണങ്ങളുള്ളവര്‍ക്ക് സീനിയര്‍ കെയര്‍ ജോലികള്‍ തൃപ്തികരമായ ഒരു തൊഴിലും, മികച്ച വരുമാനവും ആയിരിക്കും. മാത്രമല്ല, മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനും, അവരുടെ ജീവിതം മികച്ചതാക്കുകയും ചെയ്യാം.

ക്ഷമ : പേഴ്സണല്‍ കെയര്‍ ജോലികള്‍ ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം ക്ഷമയാണ്. പ്രായമായ ആളുകള്‍ക്ക് പലപ്പോഴും ശാരീരികവും, മാനസികവുമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നതിനാല്‍, വളരെ ക്ഷമയോടെ അവരെ സഹായിക്കാന്‍ കഴിയുന്ന ഒരാള്‍ ആവശ്യമാണ്.

കരുതല്‍ : പേഴ്സണല്‍ കെയര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാത്സല്യവും, കരുതലും പ്രകടിപ്പിക്കാന്‍ കഴിയണം. പ്രായമായ ആളുകള്‍ക്ക് അവരുടെ കുടുംബങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നതിനാല്‍, അവരെ പരിചരിക്കുന്ന ആളില്‍ നിന്ന് അവര്‍ക്ക് സ്‌നേഹവും, പരിഗണനയും കൊടുക്കേണ്ടതുണ്ട്.

ആശയവിനിമയം : പേഴ്സണല്‍ കെയര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കസ്റ്റമര്‍മാരുമായി നന്നായി ആശയവിനിമയം നടത്താന്‍ കഴിയണം. ഇത് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുകയും, അവരുടെ പരിചരണം കൂടുതല്‍ ഫലപ്രദമാക്കാനും കഴിയും.

ഉത്തരവാദിത്തം : കൃത്യനിഷ്ഠതയും, ഉത്തരവാദിത്തവും ഉള്ളവര്‍ ആയിരിക്കണം. പ്രായമായ ആളുകള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നേരിടാന്‍ സഹായിക്കുന്നതിന് അവര്‍ എപ്പോഴും സന്നദ്ധരായിരിക്കണം.

ശാരീരിക ശക്തി : ചില പേഴ്സണല്‍ കെയര്‍ ജോലികള്‍ക്ക് ശാരീരിക ശക്തി ആവശ്യമാണ്. ഉദാഹരണത്തിന്, വൃദ്ധരെ ഉയര്‍ത്തുകയോ ചലിപ്പിക്കുകയോ ചെയ്യേണ്ടിവരുന്ന ജോലികള്‍.

ശ്രദ്ധ : പേഴ്സണല്‍ കെയര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചെറിയ വിശദാംശങ്ങളില്‍ ശ്രദ്ധിക്കണം. ഇത് അവരുടെ കസ്റ്റമര്‍മാര്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ സഹായിക്കും

ടീംവര്‍ക്ക് : ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ടീം ആയി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇത് മികച്ച പരിചരണം നല്‍കാന്‍ അവരെ സഹായിക്കും.

ഫ്‌ലെക്‌സിബിലിറ്റി : ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെ അയവുള്ള സമീപനം സ്വീകരിക്കുവാന്‍ കഴിയുന്നവര്‍ ആയിരിക്കണം. അവരുടെ കസ്റ്റമര്‍മാരുടെ ആവശ്യങ്ങള്‍ മാറുന്നതനുസരിച്ച് പരിചരണത്തില്‍ മാറ്റം വരുത്തുവാന്‍ കഴിയണം.

മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള താല്‍പര്യം : മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള താല്‍പര്യം ഉണ്ടായിരിക്കണം. ഈ ജോലി വളരെ സന്തോഷകരവും ഫലപ്രദവുമാക്കാന്‍ ഇത് സഹായിക്കും.

യു.കെയില്‍ സീനിയര്‍ കെയര്‍ ജോബ് നേടാന്‍

• ഐഇഎല്‍ടിഎസ് പാസാകുക

• ലഭ്യമായ വിവിധ തരം സീനിയര്‍ കെയര്‍ ജോലികള്‍ ഗവേഷണം ചെയ്യുക.

• ജോലിയെ കുറിച്ച് മനസ്സിലാക്കുക.

• ആവശ്യമായ പരിശീലനം നേടുക.

• ഈ ജോലികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുക.

ജോലി കിട്ടാന്‍ സാധ്യതയേറെ

സീനിയര്‍ കെയര്‍ ജോലി വാഗ്ദാനം ചെയ്യുന്ന നിരവധി തൊഴില്‍ ഏജന്‍സികള്‍ യു.കെയില്‍ ഉണ്ട്. അവരുടെ വെബ്‌സൈറ്റുകളില്‍ പ്രൊഫൈല്‍ സൃഷ്ടിക്കാനും ജോലികള്‍ക്കായി അപേക്ഷിക്കാനും സാധിക്കും. മറ്റ് സീനിയര്‍ കെയര്‍ വര്‍ക്കര്‍മാരുമായി സംസാരിക്കുക, അവര്‍ക്ക് ഈ തൊഴില്‍ മേഖലയെക്കുറിച്ചു അവബോധം നല്‍കാനും മികച്ച മാര്‍ഗനിര്‍ദ്ദേശം നല്‍കാനും കഴിയും. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരാള്‍ക്ക് സീനിയര്‍ കെയര്‍ ജോലി ലഭിക്കാന്‍ സാധ്യതയേറെയാണ്.