9 Aug 2023 10:53 AM IST
Summary
- പ്രവേശന ഫീസ് 100 രൂപ
- വെള്ളത്തിലെ കൊമ്പന്മാരെയെല്ലാം നേരിട്ട് കാണാം
- കടുക് മണിയോളം ചെറിയ മത്സ്യം മുതല്‍ മനുഷ്യനേക്കാള്‍ വലിപ്പമുള്ള മത്സ്യങ്ങളെ കാണാം
കൊച്ചി: കടലിനടിയിലൂടെ നടന്ന് ആഴക്കടലിലെ വര്‍ണവിസ്മയ കാഴ്ചകള്‍ കാണാനും കടലമ്മയുടെ കൊട്ടാരത്തിലെ വിസ്മയ കാഴ്ചകള്‍ ആസ്വദിക്കാനും ഡിക്യുഎഫ് ഒരുക്കുന്ന മറൈന്‍ വേള്‍ഡ്-അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഒരുങ്ങുകയാണ്.
കടുക് മണിയോളം ചെറിയ മത്സ്യം മുതല്‍ മനുഷ്യനേക്കാള്‍ വലിപ്പമുള്ള മത്സ്യങ്ങളുടെ അപൂര്‍വ വിസ്മയ കാഴ്ചകള്‍ ഒരുക്കിയിട്ടുള്ള അക്വേറിയം ഓഗസ്റ്റ് 11 ന് കാഴ്ചക്കാര്‍ക്കായി തുറന്നുകൊടുക്കും. വിവിധ തരത്തിലുള്ള ലോപ്സ്റ്റര്‍, ക്രാബ്, മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന അബാബ, 10 കിലോഗ്രാം വരെ വലിപ്പമുള്ള പിരാന, 20 കിലോഗ്രാം വരെ വലിപ്പമുള്ള റെഡ് ടെയ്ല്‍, ആറടി നീളം വരുന്ന അലിഗേറ്റര്‍ തുടങ്ങിയ വെള്ളത്തിലെ കൊമ്പന്മാരെയെല്ലാം നേരിട്ട് കാണാം.
കണ്ണും കഴുത്തും കൈകളും ചലിപ്പിക്കുന്ന 18 അടി നീളമുള്ള ഭീമന്‍ നീരാളിയാണ് പ്രവേശന കവാടത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. 6 അടിക്ക് മുകളില്‍ വലിപ്പമുള്ള മാര്‍ബിളില്‍ തീര്‍ക്കുന്ന കടലമ്മയുടെ കൊട്ടാരത്തില്‍ നിരവധി അതിശയങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നു.
ഇതോടൊപ്പം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉല്ലാസിക്കുവാന്‍ ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും ഇവിടെ ഒരുങ്ങുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തുണിത്തരങ്ങള്‍, പട്ട് സാരികള്‍, കോട്ടണ്‍ സാരികള്‍, സെറ്റ് മുണ്ടുകള്‍, കുത്തമ്പിള്ളി കൈത്തറി, അന്‍പത് ശതമാനം വിലക്കുറവില്‍ ഫര്‍ണിച്ചറുകള്‍ എന്നിവയും ഓണം ട്രേഡ് ഫെയറില്‍ ലഭ്യമാകുമെന്ന് സംഘാടകരായ ഫയാസ് റഹ്‌മാന്‍, ബിജു എബ്രഹാം, സന്തോഷ് എന്നിവര്‍ അറിയിച്ചു.
അഞ്ചു വയസ് മുതല്‍ പ്രവേശന ഫീസ് 100 രൂപ. അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയും മറ്റു ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമാണ് പ്രവേശനം.
പഠിക്കാം & സമ്പാദിക്കാം
Home
