image

24 Jun 2023 10:59 AM IST

Latest News

കോവിഡ്-19: ഉത്ഭവം ചൈനീസ് ലാബില്‍നിന്നല്ലെന്ന് യുഎസ് ഇന്റലിജന്‍സ്

MyFin Desk

കോവിഡ്-19: ഉത്ഭവം ചൈനീസ് ലാബില്‍നിന്നല്ലെന്ന് യുഎസ് ഇന്റലിജന്‍സ്
X

Summary

  • സിഐഎയ്ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കോവിഡ്-19ന്റെ കൃത്യമായ ഉത്ഭവം നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്‌
  • യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും വിശ്വസിക്കുന്നത് കൊറോണ വൈറസ് ലാബില്‍ നിന്നും ലീക്ക് ചെയ്തതാണെന്നാണ്
  • വുഹാനിലുള്ള വൈറോളജി ലാബിലെ ശാസ്ത്രജ്ഞരാണ് കോവിഡ്-19 മാരക വൈറസിന്റെ സൃഷ്ടിക്ക് പിന്നിലെന്ന് പ്രചരിച്ചിരുന്നു


കോവിഡ്-19 മഹാമാരി വിതച്ച ദുരന്തത്തില്‍ നിന്നും ലോകം മെല്ലെ കരകയറി വരുന്നതേയുള്ളൂ. എങ്കിലും കോവിഡ്-19ന്റെ ഉത്ഭവം സംബന്ധിച്ച വിവാദങ്ങള്‍ ഇതു വരെ കെട്ടടങ്ങിയിട്ടില്ല.

ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബിലെ ശാസ്ത്രജ്ഞരാണ് കോവിഡ്-19 മാരക വൈറസിന്റെ സൃഷ്ടിക്ക് പിന്നിലെന്ന് പ്രചരിച്ചിരുന്നു. ജൈവായുധങ്ങളുടെ നിര്‍മാണത്തിനിടെ വൈറസ് ചോര്‍ന്നതാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് ലാബില്‍ നിന്ന് കോവിഡ്-19 ചോര്‍ന്നുവെന്ന് വാദിക്കുന്നവര്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിരസിച്ചിരിക്കുകയാണ്. ഓഫീസ് ഓഫ് ദ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ജൂണ്‍ 23 വെള്ളിയാഴ്ച പുറത്തിറക്കിയ നാല് പേജുള്ള ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കോവിഡ്-19 വൈറസിന്റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്നാണെന്നു കണ്ടെത്താന്‍ തങ്ങള്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്‍പാകെ സമര്‍പ്പിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

അമേരിക്കയുടെ സിഐഎയ്ക്കും (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) മറ്റുള്ള ഏജന്‍സികള്‍ക്കും കോവിഡ്-19ന്റെ കൃത്യമായ ഉത്ഭവം നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മനുഷ്യരില്‍ കൊറോണ വൈറസ് ബാധ പിടിപെട്ടെന്ന് 2019-ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ തന്നെയാണു ചൈനയുടെ പ്രധാനപ്പെട്ട വൈറോളജി ലാബ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ചൈനയാണ് കോവിഡ്-19ന്റെ ഉത്ഭവമെന്ന് ലോകം കരുതി.

ഇതേ തുടര്‍ന്ന് കൊറോണ വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും ചൂടേറിയ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ചൈനയുമായുള്ള യുഎസ്സിന്റെയും മറ്റ് രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളില്‍ വരെ ഇത് അകല്‍ച്ചയുണ്ടാക്കിയിരുന്നു.

കോവിഡ്-19 ഉത്ഭവം ചൈനയിലാണെന്നതിന് തെളിവില്ലെന്ന് ഇപ്പോള്‍ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചൈനയ്ക്ക് മേലുണ്ടായിരുന്ന ലോകരാഷ്ട്രങ്ങളുടെ സംശയം ഏറെക്കുറെ ദൂരീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും വിശ്വസിക്കുന്നത് കൊറോണ വൈറസ് ലാബില്‍ നിന്നും ലീക്ക് ചെയ്തതാണെന്നാണ്. എന്നാല്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതായിരിക്കാമെന്നാണ് നാല് ഏജന്‍സികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

സിഐഎ ഇതുസംബന്ധിച്ച് യാതൊരു വിലയിരുത്തലും നടത്തിയിട്ടുമില്ല.

ഗവേഷണങ്ങളുടെ ഭാഗമായി വുഹാനിലെ വൈറോളജി ലാബ് വൈറസുകളെ ജനിതക മാറ്റത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ വുഹാനിലെ വൈറോളജി ലാബില്‍ SARS-CoV-2 പോലുള്ള വൈറസുകളെ ഏതെങ്കിലും തരത്തിലുള്ള ജനിതക മാറ്റത്തിന് വിധേയമാക്കിയിരുന്നതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സിക്ക് തെളിവുകള്‍ ലഭിച്ചിട്ടില്ല. കോവിഡ്-19 മഹാമാരിയുടെ ഉറവിടമാകാന്‍ സാധ്യതയുള്ളൊരു വൈറസാണ് SARS-CoV-2.