image

31 Jan 2022 3:04 AM IST

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി

Suresh Varghese

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി
X

Summary

ഇന്ന് വിപണി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സൂചനകളെയാണ്. വളരെ പുരോഗമനപരവും, വളര്‍ച്ച ത്വരിതപ്പെടുത്തുന്നതുമായ ഒരു ബജറ്റായിരിക്കും വരാനിരിക്കുന്നതെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. അതിനാല്‍ ഇന്ന് വിപണിയില്‍ ചില ശുഭസൂചനകള്‍ കണ്ടേക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മാറ്റിവെക്കുന്ന തുക, വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ തുടര്‍ച്ച, ധനകമ്മി കുറച്ചുകൊണ്ടു വരാനുള്ള മാര്‍ഗങ്ങള്‍, ഉപഭോഗം വര്‍ധിപ്പിക്കുവാന്‍ സ്വീകരിക്കുന്ന വഴികള്‍ എന്നിവ വിപണിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. വിപണിയുടെ വീഴചയെ ഒരു പരിധി […]


ഇന്ന് വിപണി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സൂചനകളെയാണ്. വളരെ പുരോഗമനപരവും, വളര്‍ച്ച ത്വരിതപ്പെടുത്തുന്നതുമായ ഒരു ബജറ്റായിരിക്കും വരാനിരിക്കുന്നതെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. അതിനാല്‍ ഇന്ന് വിപണിയില്‍ ചില ശുഭസൂചനകള്‍ കണ്ടേക്കാം.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മാറ്റിവെക്കുന്ന തുക, വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ തുടര്‍ച്ച, ധനകമ്മി കുറച്ചുകൊണ്ടു വരാനുള്ള മാര്‍ഗങ്ങള്‍, ഉപഭോഗം വര്‍ധിപ്പിക്കുവാന്‍ സ്വീകരിക്കുന്ന വഴികള്‍ എന്നിവ വിപണിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.
വിപണിയുടെ വീഴചയെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ മികച്ച കമ്പനി ഫലങ്ങള്‍ക്കും, നവീകരണസ്വഭാവമുള്ള ബജറ്റിനും സാധിക്കും.
വെള്ളിയാഴ്ച ലോക വിപണികളില്‍ മുന്നേറ്റം പ്രകടമായിരുന്നു. ഫെഡിന്റെ നയതീരുമാനങ്ങളെക്കാളും, യുദ്ധഭീതിയെക്കാളും വിപണികളെ സ്വാധീനിച്ചത് മികച്ച കമ്പനി ഫലങ്ങളാണ്. ഡൗ ജോണ്‍സ് 1.65 ശതമാനവും, S&P500 2.43 ശതമാനവും, നാസ്ഡാക് 3.13 ശതമാനവും ഉയര്‍ന്നു.
സിംഗപ്പൂര്‍ SGX നിഫ്റ്റി തിങ്കളാഴ്ച രാവിലെ 122 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ) 2.8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ കഴിഞ്ഞയാഴ്ച വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 730 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. നിഫ്റ്റി50 കമ്പനികളുടെ മൊത്തത്തിലുള്ള മൂന്നാംപാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു.
സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് യെഷ ഷായുടെ അഭിപ്രായത്തില്‍ 'നിഫ്റ്റി കഴിഞ്ഞയാഴ്ച നെഗറ്റീവിലാണ് ക്ലോസ് ചെയ്തത്. ഡെയ്‌ലി ചാര്‍ട്ടില്‍ 100-ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ആവറേജിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാപാര സമയത്തെ റിക്കവറി സൂചിപ്പിക്കുന്നത് 16,850 നോടടുപ്പിച്ച് സൂചികയ്ക്ക് നിലനില്‍ക്കാന്‍ സാഹചര്യമുണ്ടെന്നാണ്. ബാങ്ക് നിഫ്റ്റി സൂചികയും ഷോര്‍ട്-ടേം ആവറേജില്‍ നിന്നും മുകളിലേക്ക് കുതിക്കുന്നുണ്ട്. ഇവയൊക്കെ സൂചിപ്പിക്കുന്നത് വിപണി മുകളിലേക്ക് പോകാനാഗ്രഹിക്കുന്നു എന്നാണ്. 16,850 ന് താഴേക്ക് നിഫ്റ്റി പോകുന്നില്ലെങ്കില്‍ വ്യാപാരികള്‍ക്ക് ബുള്ളിഷ് നിലപാട് സ്വീകരിക്കാവുന്നതാണ്. തൊട്ടടുത്ത പ്രതിരോധം സംഭവിക്കാനിടയുള്ളത് 17,650 ലാണ്.'
എ ജി എസ് ട്രാന്‍സാക്ട് ടെക്‌നോളജീസിന്റെ ഓഹരികള്‍, 680 കോടി രൂപ സമാഹരിച്ചതിനു ശേഷം, ഇന്ന് ബി എസ് ഇയില്‍ വ്യാപാരത്തിനെത്തും. പ്രൈസ് ബാന്‍ഡ് 166-175 ആയിരുന്നു.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,500 രൂപ (ജനുവരി 28). ഡോളര്‍ വില 75.19 (ജനുവരി 30). ബ്രെന്റ് ക്രൂഡ് ബാരലിന് 94 സെന്റ് ഉയര്‍ന്ന് 90.97 ഡോളറിലെത്തി. ഒരു ബിറ്റ് കോയിന്റെ വില 29,94,997 രൂപ (@ 7.17 am,വസിര്‍ എക്‌സ്).