image

14 Feb 2022 11:40 PM GMT

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ നികുതി വലയിലേക്ക്

Suresh Varghese

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ നികുതി വലയിലേക്ക്
X

Summary

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രവും, ആര്‍ബിഐ-യും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോള്‍ നിക്ഷേപകരുടെ ആശങ്കകള്‍ പെരുകുകയാണ്. ചർച്ചകൾ ചൂടുപിടിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആ മേഖലയെക്കുറിച്ചു ഞങ്ങളുടെ ലേഖകൻ തയ്യാറാക്കിയ ഒരു സ്പെഷ്യൽ റിപ്പോർട്ടാണിത്.  സഹകരണ മേഖലയും, രാഷ്ട്രീയവും ഇരട്ട സഹോദരങ്ങളാണ്. താഴേത്തട്ടില്‍ ഇവ രണ്ടും തിരിച്ചറിയാവാനാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതിനാലാണ് സഹകരണ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരും, ആര്‍ബിഐ-യും കൊണ്ടുവരുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ മേല്‍ക്കോയ്മയുള്ള സഹകരണ മേഖലയില്‍ അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്. സഹകരണ ബാങ്കുകളില്‍ കൂടുതല്‍ നിയന്ത്രണാധികാരം ആര്‍ബിഐയ്ക്ക് […]


പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രവും, ആര്‍ബിഐ-യും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോള്‍ നിക്ഷേപകരുടെ ആശങ്കകള്‍ പെരുകുകയാണ്. ചർച്ചകൾ ചൂടുപിടിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആ മേഖലയെക്കുറിച്ചു ഞങ്ങളുടെ ലേഖകൻ തയ്യാറാക്കിയ ഒരു സ്പെഷ്യൽ റിപ്പോർട്ടാണിത്.

സഹകരണ മേഖലയും, രാഷ്ട്രീയവും ഇരട്ട സഹോദരങ്ങളാണ്. താഴേത്തട്ടില്‍ ഇവ രണ്ടും തിരിച്ചറിയാവാനാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതിനാലാണ് സഹകരണ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരും, ആര്‍ബിഐ-യും കൊണ്ടുവരുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ മേല്‍ക്കോയ്മയുള്ള സഹകരണ മേഖലയില്‍ അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്.

സഹകരണ ബാങ്കുകളില്‍ കൂടുതല്‍ നിയന്ത്രണാധികാരം ആര്‍ബിഐയ്ക്ക് നല്‍കിക്കൊണ്ടാണ് ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. തുടരെത്തുടരെയുണ്ടായ സഹകരണ ബാങ്ക് തകര്‍ച്ചകളുടെ, പ്രത്യേകിച്ച് പഞ്ചാബ് & മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് തകര്‍ച്ചയുടെ, പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം ഈ ഭേദഗതി കൊണ്ടുവന്നത്. ഇതിലൂടെ അര്‍ബന്‍ ബാങ്കുകളും, ജില്ലാ സഹകരണ ബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കുകളും കേന്ദ്ര ബാങ്കിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായി. പിന്നീട്, ഈ നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത പ്രാഥമിക സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. നാലു കാര്യങ്ങളാണ് പ്രധാനമായും ആര്‍ബിഐ ഈ നോട്ടീസില്‍ പരസ്യപ്പെടുത്തിയത്.

ഒന്ന്, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്ന ബാങ്കുകള്‍ 'ബാങ്ക്', 'ബാങ്കിംഗ്' എന്ന പദങ്ങള്‍ ഉപയോഗിച്ചുകൂടാ.

രണ്ട്, ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ന്ന് ഇവയിലെ നിക്ഷേപങ്ങള്‍ നഷ്ടപ്പെട്ടാല്‍ കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കില്ല.

മൂന്ന്, സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ നിന്നു മാത്രമേ ഇനി മുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടുള്ളൂ (പൊതുജനങ്ങളില്‍ നിന്ന് വ്യാപകമായി പണം സ്വീകരിക്കാന്‍ പാടില്ല എന്നര്‍ത്ഥം). വാണിജ്യ ഇടപാടുകള്‍ അംഗങ്ങള്‍ക്കിടയില്‍ പരിമിതപ്പെടുത്തണം.

നാല്, സംഘങ്ങളിലെ അംഗങ്ങളുടെ ഓഹരികള്‍ പണമാക്കി മാറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാവും.

ആര്‍ബിഐ ഇപ്പോള്‍ സഹകരണ ബാങ്കുകളായി പരിഗണിക്കുന്നത് ജില്ലാ സഹകരണ ബാങ്കുകളെയും, സംസ്ഥാന സഹകരണ ബാങ്കിനെയും (കേരള ബാങ്ക്), അര്‍ബന്‍ ബാങ്കുകളെയും മാത്രമാണ്. ഈ നീക്കം സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രാഥമിക സഹകരണ ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല എന്ന പ്രചരണം നിക്ഷേപകരില്‍ അങ്കലാപ്പുണ്ടാക്കി. പ്രത്യേകിച്ച്, കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന്റേയും, എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടുകളുടെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്ന സാഹചര്യത്തില്‍. കേരളത്തിലെ ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു സഹകരണ ബാങ്ക് എങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കു പുറമെ, സഹകരണ മാര്‍ക്കറ്റിംഗ് സൊസൈറ്റികളുമുണ്ടാകും.കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപകര്‍ ഒരിക്കലും ഉള്‍പ്പെട്ടിരുന്നില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. “കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരന്റി സ്‌കീമിന്റെ സുരക്ഷിത വലയത്തില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ഉള്‍പ്പെടില്ല എന്നു പറയുമ്പോള്‍, അവര്‍ക്ക് എന്നാണ് ആ പരിരക്ഷ ലഭിച്ചിരുന്നത് എന്ന് തിരിച്ചു ചോദിക്കേണ്ടി വരും,” സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ പറയുന്നു. “ഒരിക്കലും അത്തരം സംരക്ഷണം കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് കിട്ടിയിട്ടില്ല. ഒരു രൂപ പോലും ഈ ഇനത്തില്‍ നല്‍കിയിട്ടില്ല, എന്നാല്‍ ഇപ്പോള്‍ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡുവഴി അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ ഞങ്ങള്‍ നല്‍കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ഏകദേശം രണ്ടര ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈവശമുള്ള കേരളത്തിലെ 1,500 ലേറെ പ്രാഥമിക സഹകരണ സംഘങ്ങളെ സംബന്ധിച്ച് ആര്‍ബിഐയുടെ ഈ നീക്കം ആശങ്കാജനകമാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോള്‍ പലതരം 'ബാങ്കിംഗ്' സേവനങ്ങളും ഇടപാടുകാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല. സ്വന്തമായി ചെക്ക് ബുക്കുകള്‍ നല്‍കാനാവില്ല. പണം പിന്‍വലിക്കുന്നതിന് 'വിത്‌ഡ്രോവല്‍ സ്ലിപ്' മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

“കേരള ബാങ്കില്‍ 'മിറര്‍ അക്കൗണ്ടുകള്‍' സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്ക് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് തടസ്സപ്പെട്ടേക്കാം. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്,” മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് പറയുന്നു. “ബാങ്കിംഗ് മേഖലയില്‍ നിന്ന് കൃഷിക്കാരും, പാവപ്പെട്ടവരും ഇപ്പോള്‍ പുറത്താവുകയാണ്. മുന്‍ഗണനാ വായ്പാ പദ്ധതി തന്നെ ഇപ്പോള്‍ തകിടം മറിക്കപ്പെട്ടിരിക്കുന്നു. ബാങ്കുകള്‍ നേരിട്ട് കൃഷിക്കാര്‍ക്ക് വായ്പ നല്‍കേണ്ടതില്ല. അവര്‍ക്ക് (കൃഷിക്കാര്‍ക്ക്) വായ്പ നല്‍കുന്ന എൻബിഎഫ്‌സി-കള്‍ക്ക് നല്‍കുന്ന വായ്പയും മുന്‍ഗണനാ വായ്പയില്‍ ഉള്‍പ്പെടുത്താമെന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതെല്ലാം സാധാരണക്കാരെ ബാങ്കിംഗ് ശൃംഖലയില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ.”

ആര്‍ബിഐ കഴിഞ്ഞ കുറെ നാളുകളായി ഗുജറാത്തിലെയും, മഹാരാഷ്ട്രയിലെയും അര്‍ബന്‍ ബാങ്കുകള്‍ക്ക് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപകമായി പിഴയിടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കുത്തഴിഞ്ഞ അര്‍ബന്‍-സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട സഹകരണ ബാങ്കിംഗ് സംവിധാനമുള്ള കേരളത്തിനും തിരിച്ചടിയാവുകയാണ്. ആര്‍ബിഐ 2021 ഡിസംബറില്‍ പുറത്തിറക്കിയ 'ട്രെന്‍ഡ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ' (Trends and Progress of Banking in India) റിപ്പോര്‍ട്ടില്‍ പറയുന്നത് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ അനുദിനം വര്‍ധിക്കുകയാണ് എന്നാണ്. അതിനാല്‍ 'സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിം വര്‍ക്കി' (Supervisory Action Framework) നു കീഴില്‍ കൊണ്ടുവരുന്ന അര്‍ബന്‍ ബാങ്കുകളുടെ എണ്ണം വര്‍ധിക്കുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം (net NPA ratio) 6 ശതമാനത്തിൽ കൂടിയാല്‍ ആര്‍ബിഐ ബാങ്കുകളെ സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിം വര്‍ക്കിനു കീഴിലേക്ക് മാറ്റും.

ഇത്തരം നടപടികളുടെ തുടര്‍ച്ചയായാണ് 2021 ജൂലൈയില്‍ കേന്ദ്രം സഹകരണ മന്ത്രാലയം സ്ഥാപിക്കുന്നത്. ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നത് “മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകളുടെ വളര്‍ച്ചയും, വികാസവും ഉറപ്പുവരുത്തുന്ന രീതിയില്‍ അവയ്ക്ക് പ്രത്യേകമായ 'അഡ്മിനിസ്‌ട്രേറ്റീവ്, ലീഗല്‍, പോളിസി ഫ്രെയിം വര്‍ക്ക്' നല്‍കുന്നതിനു വേണ്ടിയാണ്” കേന്ദ്ര സഹകരണ മന്ത്രാലയം ആരംഭിച്ചതെന്നാണ്. ഇവിടെ പ്രധാനമാകുന്നത് മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകളുടെ കടന്നുവരവാണ്. 'സുരക്ഷിതമല്ലാത്ത' സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് കേന്ദ്ര നിയന്ത്രണത്തിലുള്ള മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകളിലേക്ക് ഇടപാടുകാര്‍ക്ക് മാറാന്‍ പ്രലോഭനമുണ്ടാകും. 2002 ലാണ് കേന്ദ്രം മള്‍ട്ടി-സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവുകളെ അനുവദിച്ചുകൊണ്ട് നിയമം പാസാക്കുന്നത്. എന്നാല്‍ അതിന് ജീവനില്ലാതെ കിടക്കുകയായിരുന്നു ഇത്രനാളും. പുതിയ കേന്ദ്ര മന്ത്രാലയത്തിന്റെ രൂപീകരണം വിവിധ സംസ്ഥാനങ്ങളില്‍ ഒരേസമയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇത്തരം കോ-ഓപ്പറേറ്റീവുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.

“മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകള്‍ ഇപ്പോഴുണ്ടായ ഒരു പ്രതിഭാസമല്ല. അവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ വന്നുതുടങ്ങിയതാണ്. ഇവിടുത്തെ 'രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്സിന്' അവയുടെ മേല്‍ നിയന്ത്രണങ്ങളില്ല. അവര്‍ക്ക് ഇഷ്ടമുള്ള പലിശയും, മറ്റു നയങ്ങളും പ്രഖ്യാപിക്കാം. പല സ്ഥലങ്ങളിലും അവര്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചെങ്കിലും കേരളത്തില്‍ അവര്‍ക്ക് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. കാരണം ഇവിടുത്തെ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ തന്നെയാണ് അവയുടെ ഉടമസ്ഥര്‍; അവര്‍ സ്വന്തം സംഘങ്ങളുപേക്ഷിച്ച് പോവില്ല,” സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറയുന്നു.

സഹകരണ മന്ത്രി വി എന്‍ വാസവന്‍

സഹകരണ പ്രസ്ഥാനങ്ങള്‍ ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര സംഘങ്ങള്‍ വേരുപിടിയ്ക്കും. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നിവയാണ് ശക്തമായ സഹകരണ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങള്‍. ഇവയ്ക്കു പുറമെയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് അടിത്തട്ടിലേയ്ക്ക് രാഷ്ട്രീയം വ്യാപിപ്പിയ്ക്കാന്‍ ഇത് സഹായകരമാകും. മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകള്‍ക്ക് കേരളവും, മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിലവിലുള്ള സഹകരണ ശൃംഖലയ്ക്ക് വെല്ലുവിളിയുയര്‍ത്താനും കഴിയും.

2022-23 ലെ കേന്ദ്ര ബജറ്റില്‍ 900 കോടി രൂപയാണ് അമിത് ഷാ നേതൃത്വം കൊടുക്കുന്ന സഹകരണ മന്ത്രാലയത്തിനായി വകയിരുത്തിയിരിക്കുന്നത്. ഈ മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കുക എന്നതാണ്. “ഇതിലൂടെ 'റൂറല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ' (ഗ്രാമീണ വായ്പാ സംവിധാനത്തിന്റെ) സുതാര്യത ഉറപ്പുവരുത്തും” എന്നാണ് ഷാ മാധ്യമങ്ങളോടു പറഞ്ഞത്. ഇതിന് വിശാലമായ അര്‍ത്ഥങ്ങളുണ്ട്. “രാജ്യത്തെ സഹകരണ സ്ഥാപനങ്ങളുടേയോ, അവയുടെ പ്രവര്‍ത്തനങ്ങളുടേയോ, അവയിലെ അംഗങ്ങളുടേയോ യാതൊരു വിവരങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ കൈയ്യിലില്ല,” എന്നാണ് കേന്ദ്ര ബജറ്റിനു ശേഷം മാധ്യമങ്ങള്‍ക്കായി നല്‍കിയ കുറിപ്പില്‍ ഷാ പറയുന്നത്. “കേന്ദ്ര ഗവണ്‍മെന്റ് ഒരു നാഷണല്‍ ഡാറ്റാ ബേസ് വികസിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതിനായി തല്‍പരകക്ഷികളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്,” ഷാ കൂട്ടിച്ചേര്‍ത്തു.

ഇതിലൂടെ രാജ്യമെമ്പാടുമുള്ള സഹകരണ സംഘങ്ങളിലെയും, സഹകരണ ബാങ്കുകളിലെയും നിക്ഷേപകരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യിലെത്തും. ഇപ്പോള്‍ താരതമ്യേന രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ നികുതി സംവിധാനത്തിന്‍ കീഴിലേക്ക് വരും. “പ്രൈമറി സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് പിടിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം കൊണ്ടുവന്നു. ഇത് വല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രാഥമിക സംഘങ്ങള്‍ അര്‍ബന്‍ ബാങ്കുകളിലും, കേരള ബാങ്കിലും വെറുതെ സൂക്ഷിക്കുന്ന പണത്തിനു പോലും ഇപ്പോള്‍ നികുതി നല്‍കേണ്ട സ്ഥിതിയാണ്. കേരളാ ബാങ്ക് രൂപീകരിച്ചിട്ട് രണ്ടു വര്‍ഷമേയായുള്ളൂ. കഴിഞ്ഞ മാസം ഞങ്ങള്‍ക്കൊരു നോട്ടീസ് കിട്ടി; 26.5 കോടി രൂപ ഇന്‍കം ടാക്‌സ് അടയ്ക്കണം. അത് 1983 കാലയളവില്‍ എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടത്തിയ ഏതോ ഇടപാടിന്റെ പേരിലുള്ള നികുതിയാണ്. ഇപ്പോള്‍ ജില്ലാ ബാങ്ക് ഇല്ലാത്തതിനാല്‍ അത് ഞങ്ങളുടെ ചുമലില്‍ വന്നു," ഗോപി കോട്ടമുറിയ്ക്കല്‍ പറയുന്നു.

ഗോപി കോട്ടമുറിയ്ക്കല്‍

കേന്ദ്രത്തിന് ചെറിയ സംഘങ്ങളോടു താല്‍പര്യമില്ല. വലിയ സംഘങ്ങള്‍ മതി. അങ്ങനെയാണെങ്കില്‍ ഇവിടെ നിന്നു സംഭരിക്കുന്ന പണം കേരളത്തിനു പുറത്ത് വായ്പയായിട്ടു നല്‍കാമല്ലോ.

എല്ലാ നിക്ഷേപകരെയും നികുതി വലയിലേക്ക് കൊണ്ടുവരിക എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം ഇതിലൂടെ സാധ്യമാവും. “ഒരു നിശ്ചിത തുകയ്ക്കു മുകളില്‍ പണമായി ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് നിയന്ത്രണം കൊണ്ടുവരാം. പിന്നീട് പണം ചെക്കായി നല്‍കുമ്പോള്‍ അവര്‍ നികുതി വലയില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നു,“ കോന്നി അരുവാപ്പുലം ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശിവകുമാര്‍ പറയുന്നു. “സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ കൂടുതലും ദീര്‍ഘകാലത്തേയ്ക്കുള്ളവയാണ്. അവ പുതുക്കേണ്ട സമയമാകുമ്പോള്‍ ഞങ്ങള്‍ നിക്ഷേപകരോട് തിരിച്ചറിയല്‍ രേഖകളുമായി (ആധാർ, പാൻ എന്നിവ) വരാന്‍ ആവശ്യപ്പെടാറുണ്ട്,“ ശിവകുമാര്‍ പറഞ്ഞു.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടാല്‍ അവയുടെ സാമ്പത്തിക അടിത്തറയിളകും. അവർ നടത്തുന്ന സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ സാധിക്കാതെ വരും. ഓണച്ചന്തകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയിലൂടെ സമൂഹത്തില്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. ഇവിടേയ്ക്കാണ് കേന്ദ്ര പിന്തുണയുള്ള മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകള്‍ കടന്നുകയറാന്‍ ശ്രമിക്കുക. എല്ലാറ്റിനുമുപരി, സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് രഹസ്യസ്വഭാവമില്ലെങ്കില്‍ (അവയ്ക്കും നികുതി നല്‍കേണ്ട അവസ്ഥയുണ്ടായാല്‍) കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന പൊതുമേഖലാ ബാങ്കുകളിലേക്കോ, ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള പുതുതലമുറ ബാങ്കുകളിലേക്കോ നിക്ഷേപങ്ങള്‍ മാറ്റപ്പെടാം. ഇത്തരം ബാങ്കുകള്‍ക്ക് മൂലധന സമാഹരണത്തിനുള്ള വലിയ അവസരമായി ഇത് മാറും. "കേന്ദ്രത്തിന് ചെറിയ സംഘങ്ങളോടു താല്‍പര്യമില്ല. വലിയ സംഘങ്ങള്‍ മതി. അങ്ങനെയാണെങ്കില്‍ ഇവിടെ നിന്നു സംഭരിക്കുന്ന പണം കേരളത്തിനു പുറത്ത് വായ്പയായിട്ടു നല്‍കാമല്ലോ. അവരുടെ കണക്കനുസരിച്ച് മൂന്നുലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയുടെ കൈയ്യിലുണ്ട്," ഗോപി കോട്ടമുറിയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

സഹകരണ സംഘങ്ങള്‍ നിക്ഷേപകരില്‍ നിന്നും, വായ്പയെടുക്കുന്നവരില്‍ നിന്നും ഒരു നിശ്ചിത തുക സമാഹരിച്ച് ഓഹരികളാക്കി മാറ്റാറുണ്ട്. വായ്പകള്‍ അടച്ചുതീര്‍ക്കുമ്പോള്‍, അല്ലെങ്കില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഈ ഓഹരികളും പണമാക്കി മാറ്റാറുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് ഇതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സ്ഥാപനങ്ങളില്‍ ഓഹരികള്‍ വേഗത്തില്‍ പണമാക്കി മാറ്റി ഓഹരിയുടമകള്‍ രക്ഷപ്പെടുന്നതിന് തടയിടാനാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ ചെറുകിട നിക്ഷേപകരെയും, വായ്പയെടുക്കുന്നവരേയും ഇത് പ്രതിസന്ധിയിലാക്കുന്നുണ്ട്. “ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,000 രൂപയുടെ ഷെയര്‍ നല്‍കാറുണ്ട്. ഒരു ലക്ഷം രൂപയുടെ വായ്പയെടുത്താലും ഒരു നിശ്ചിത തുക ഓഹരികളാക്കി സൂക്ഷിക്കാറുണ്ട്. ഓഹരികള്‍ പണമാക്കി മാറ്റാനുള്ള നിയന്ത്രണങ്ങള്‍ വന്നതോടെ ഇടപാടുകാര്‍ക്ക് ഇതൊരു അസൗകര്യമായി,“ ശിവകുമാര്‍ കൂട്ടിച്ചേർത്തു.

ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ക്കെതിരായ സംസ്ഥാന ഗവണ്‍മെന്റിന്റെ നിയമപരമായ നീക്കങ്ങള്‍ എവിടെയും എത്തിയിട്ടില്ല. കേന്ദ്ര ബാങ്കിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് സംസ്ഥാന സഹകരണ മന്ത്രി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, ആര്‍ബിഐയെ ഈ ഘട്ടത്തില്‍ പിണക്കരുത് എന്നൊരു അഭിപ്രായവും ഭരണരംഗത്തുള്ളവര്‍ക്കുണ്ട്. പ്രത്യേകിച്ച്, കേരള ബാങ്കിന് ഒട്ടനവധി അനുമതികള്‍ (വിദേശ ഇന്ത്യാക്കാരുടെ അക്കൗണ്ട് തുറക്കാനുള്ള അനുമതി ഉള്‍പ്പെടെ) ലഭിക്കാനുള്ള സാഹചര്യത്തില്‍. ഇതാവാം നിയമനടപടികള്‍ വൈകുന്നതിനു പിന്നിലെ കാരണം.

(ഭാഗം 2: സഹകരണ മന്ത്രി വി എന്‍ വാസവനുമായുള്ള മുഖാമുഖം)