image

25 Feb 2022 3:17 AM IST

Market

യുദ്ധഭീതി ഒഴിയാതെ ഇന്ത്യന്‍ വിപണി

MyFin Desk

യുദ്ധഭീതി ഒഴിയാതെ ഇന്ത്യന്‍ വിപണി
X

Summary

ഇന്ത്യന്‍ വിപണി ഇന്നും യുക്രൈന്‍ യുദ്ധഭീതിയില്‍ മുങ്ങിപ്പോകാനാണ് സാധ്യത. ലോകമെമ്പാടുമുള്ള വിപണികളെ ബാധിച്ച ഈ തകര്‍ച്ച ഇന്ത്യയിലേക്കും വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലെ വോളറ്റിലിറ്റി ഇന്‍ഡക്‌സ് 30 ശതമാനം ഉയര്‍ന്ന് 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നു. വ്യാഴാഴ്ചത്തെ വില്‍പ്പന കാരണം നിക്ഷേപകരുടെ 10 ലക്ഷം കോടി രൂപ നഷ്ടമായതായി കണക്കാക്കുന്നു. തകര്‍ച്ച എല്ലാ മേഖലകളെയും ഒരുപോലെ ബാധിച്ചു. എന്നാല്‍ ബ്രെന്റ് ക്രൂഡിന്റെ വില 2014 നു ശേഷം ആദ്യമായി ബാരലിന് 104 ഡോളര്‍ കടന്നു. അമേരിക്കയും യൂറോപ്യന്‍ […]


ഇന്ത്യന്‍ വിപണി ഇന്നും യുക്രൈന്‍ യുദ്ധഭീതിയില്‍ മുങ്ങിപ്പോകാനാണ് സാധ്യത. ലോകമെമ്പാടുമുള്ള വിപണികളെ ബാധിച്ച ഈ തകര്‍ച്ച ഇന്ത്യയിലേക്കും വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലെ വോളറ്റിലിറ്റി ഇന്‍ഡക്‌സ് 30 ശതമാനം ഉയര്‍ന്ന് 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നു.
വ്യാഴാഴ്ചത്തെ വില്‍പ്പന കാരണം നിക്ഷേപകരുടെ 10 ലക്ഷം കോടി രൂപ നഷ്ടമായതായി കണക്കാക്കുന്നു. തകര്‍ച്ച എല്ലാ മേഖലകളെയും ഒരുപോലെ ബാധിച്ചു. എന്നാല്‍ ബ്രെന്റ് ക്രൂഡിന്റെ വില 2014 നു ശേഷം ആദ്യമായി ബാരലിന് 104 ഡോളര്‍ കടന്നു.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണവില കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ ഇടയാക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ് റഷ്യ. യൂറോപ്പും, ചൈനയും, ദക്ഷിണ കൊറിയയുമാണ് ആണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍.
ഇന്ത്യന്‍ ഇറക്കുമതിയുടെ ഏകദേശം ഒരു ശതമാനം മാത്രമേ റഷ്യയില്‍ നിന്നുണ്ടായിരുന്നുള്ളൂ. കാരണം, റഷ്യ ഉല്‍പ്പാദിപ്പിക്കുന്ന ഹെവി ക്രൂഡ് ഓയില്‍ ഇന്ത്യയില്‍ ശുദ്ധീകരിച്ചെടുക്കുക വിഷമകരമാണ്. എന്നാല്‍ ആഗോള എണ്ണ വിപണിയില്‍ വില ഉയരുവാന്‍ ഈ ഉപരോധം കൊണ്ട് സാധിക്കും. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയെയും ഇത് പ്രതികൂലമായി ബാധിക്കും. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റത്തിന് ഇത് കാരണമാകും.
മോസ്‌കോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്നലെ രാവിലെ വ്യാപാരം നടന്നിരുന്നില്ല. പിന്നീട്, എംഒഇഎക്‌സ് സൂചിക 50 ശതമാനം തകര്‍ച്ചയിലാണ് വ്യാപാരം ആരംഭിച്ചത്.
എന്നാല്‍, അമേരിക്കന്‍ വിപണി നേട്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 3 ശതമാനം, എസ് ആന്‍ഡ് പി 500 ഒരു ശതമാനം ഉയര്‍ന്നു. ഡൗ ജോണ്‍സും ലാഭമുണ്ടാക്കി. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ 161 പോയിന്റ് ഉയര്‍ച്ചയിലാണ് വ്യാപാരം ആരംഭിച്ചത്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, കനത്ത് വില്‍പ്പന സമ്മര്‍ദ്ദം കാരണം നിഫ്റ്റി നിര്‍ണ്ണായക പിന്തുണയായ 16,600 ഭേദിച്ചു. അവര്‍ വിലയിരുത്തുന്നത് വിപണിയിലെ ചാഞ്ചാട്ടം കുറേ സമയത്തേക്ക് തുടരുമെന്നു തന്നെയാണ്. നെഗറ്റീവായ സൂചനകളാണ് ലഭിക്കുന്നതെങ്കിലും തീരുമാനമെടുക്കുന്നതിനായി വ്യാപാരികള്‍ ഡെറിവേറ്റീവ്‌സ് ഡാറ്റയ്ക്കു വേണ്ടി കാത്തിരിക്കുക. വലിയ വിലത്തകര്‍ച്ച ഉണ്ടായാല്‍ മികച്ച ഓഹരികള്‍ വാങ്ങാവുന്നതാണ്.
മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെയുടെ പറയുന്നു, "വിപണി ഒരു വന്യമൃഗത്തെപ്പോലെ പെരുമാറിയേക്കാം. 16,700-16,900 സോണില്‍ തിരിച്ചു വരാനുള്ള ദുര്‍ബലമായ ഏത് ശ്രമവും കരടികളുടെ ഇടപെടലില്‍ ഇല്ലാതായേക്കാം. വിപണി ഉയരുന്നതിന്റെ തുടക്കത്തില്‍ തന്നെ സാധിക്കുമെങ്കില്‍ വിറ്റ് ലാഭമെടുക്കുക എന്നതാവും മികച്ച തന്ത്രം."
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 6,448.24 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 7,667.75 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ വാങ്ങി.
കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍, "സാങ്കേതികമായി, ഒരുപാട് കാലത്തിനു ശേഷം, നിഫ്റ്റി 200 ദിവസത്തെ സിംപിള്‍ മൂവിങ്ങ് ആവറേജിന് താഴെയാണ് ക്ലോസ് ചെയ്തത്. ഡെയ്‌ലി ചാര്‍ട്ടുകളില്‍ 'ലോങ് ബെയറിഷ് കാന്‍ഡില്‍' ആണ് രൂപപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ നിന്നും വിപണി കൂടുതല്‍ ദുര്‍ബലമായേക്കാം എന്നതാണ് സൂചന. അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് നിഫ്റ്റിയില്‍ 16,800 നും 16,000 നും മധ്യേ വ്യാപാരം നടന്നേക്കാം. വിപണി വിലകുറയുന്നതിന്റെ അന്തരീക്ഷത്തിലാണ്. ഈ കറക്ടീവ് പാറ്റേണ്‍ 16,200-16,000 നിലയില്‍ പൂര്‍ത്തിയായേക്കാം. വ്യാപാരികളെ സംബന്ധിച്ച് 16,400-16,500 ഇന്‍ട്രാ ഡേ പ്രതിരോധമായി പ്രവര്‍ത്തിച്ചേക്കാം. 16,100-16,000 തൊട്ടടുത്ത പിന്തുണയായി മാറാം."
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,685 രൂപ (ഫെബ്രുവരി 24).
ഒരു ഡോളറിന്റെ വില 75.39 രൂപ.
ബ്രെന്റ് ക്രൂഡ് ബാരലിന് 99.08 ഡോളര്‍ (നാസ്ഡാക് @ 8.25 am).
ഒരു ബിറ്റ് കോയിന്റെ വില 30,50,680 രൂപ (@ 8.22 am, വസിര്‍ എക്‌സ്).