image

4 March 2022 2:51 AM IST

ശ്രദ്ധിക്കുക, വിലക്കയറ്റം വിപണിയെ പിടിച്ചുലക്കുന്നുണ്ട്

MyFin Desk

ശ്രദ്ധിക്കുക, വിലക്കയറ്റം വിപണിയെ പിടിച്ചുലക്കുന്നുണ്ട്
X

Summary

ഉയരുന്ന ക്രൂഡ് ഓയിലിന്റെയും ദുർബ്ബലമായ ആഗോള വിപണിയുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്നും 'ബെയറിഷ്' ആയി തുടരാനാണ് സാദ്ധ്യത. റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ഫലമായി എല്ലാ ഉപഭോഗ സാധനങ്ങളുടെയും വില അനിയന്ത്രിതമായി കുതിച്ചു കയറുകയാണ്. വളരെ കരുതലോടെ, തങ്ങളുടെ പൊസിഷൻസ് കണിശമായ സ്റ്റോപ് ലോസ് വെച്ചു മാത്രമെ ഇന്ന് വിപണിയിൽ ഇറങ്ങാവൂ. യുഎസ് മാർക്കറ്റുകൾ ഇന്നലെ താഴ്ചയിലാണ് അവസാനിച്ചത്. ഡൗവ് ജോൺസ് 0.29%, എസ് ആന്റ് പി 0.53%, നാസ് ഡക് 1.5% എന്നിങ്ങനെ ഇടിഞ്ഞു. സിംഗപ്പൂർ […]


ഉയരുന്ന ക്രൂഡ് ഓയിലിന്റെയും ദുർബ്ബലമായ ആഗോള വിപണിയുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്നും 'ബെയറിഷ്' ആയി തുടരാനാണ് സാദ്ധ്യത.

റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ഫലമായി എല്ലാ ഉപഭോഗ സാധനങ്ങളുടെയും വില അനിയന്ത്രിതമായി കുതിച്ചു കയറുകയാണ്. വളരെ കരുതലോടെ, തങ്ങളുടെ പൊസിഷൻസ് കണിശമായ സ്റ്റോപ് ലോസ് വെച്ചു മാത്രമെ ഇന്ന് വിപണിയിൽ ഇറങ്ങാവൂ.

യുഎസ് മാർക്കറ്റുകൾ ഇന്നലെ താഴ്ചയിലാണ് അവസാനിച്ചത്. ഡൗവ് ജോൺസ് 0.29%, എസ് ആന്റ് പി 0.53%, നാസ് ഡക് 1.5% എന്നിങ്ങനെ ഇടിഞ്ഞു.

സിംഗപ്പൂർ രാവിലെ 405.50 പോയിന്റ് താഴെയാണ് വ്യാപാരം നടക്കുന്നത്.

"2008 നു ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയിലാണ് ക്രൂഡോയിൽ. ഈ പശ്ചാത്തലത്തിൽ ആർബിഐ എങ്ങനെ ഇത് മറികടക്കും എന്നാണ് ദലാൽ സ്ടീറ്റ് ഉറ്റുനോക്കുന്നത്. പ്രധാനമായും വളർച്ച നിലനിർത്താനുള്ള നയപരമായ തീരുമാനങ്ങൾ. സാങ്കേതികമായി നോക്കിയാൽ നിഫ്റ്റിയുടെ ദീർഘകാല ചാർട്ടിൽ 15,901 ലക്ഷ്യമാക്കിയ ഒരു 'ബെയറിഷ്' ചിത്രമാണ് തെളിഞ്ഞു വരുന്നത്. 16,807 നു മുകളിലായാൽ മാത്രമെ ശക്തിപ്രാപിച്ചു എന്ന് ഉറപ്പിക്കാനാവൂ", മേഹ്ത്ത ഇക്വിറ്റീസിന്റെ വൈസ് ചെയർമാനായ പ്രശാന്ത് താപ്സെ പറഞ്ഞു.

എണ്ണയെ ആശ്രയിക്കുന്ന എല്ലാ മേഖലകളും ഇന്ന് തകർന്നടിയാൻ ഇടയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. (എന്നാൽ, എണ്ണക്കമ്പനികളുടെ വില ഇന്നലെ ഉയർന്നു. ഒഎൻജിസി 7.50 രൂപയും ഐഒസി 2.65 രൂപയും എച്ച്പിസിഎൽ 12.75 രൂപയും). ബാങ്ക് നിഫ്റ്റിയും സമീപ ഭാവിയിൽ താഴ്ചയിൽ തന്നെ തുടരാനാണ് സാദ്ധ്യത. മിഡ് ക്യാപ് ഓഹരികളും സമ്മർദ്ദത്തിൽ തുടരാം. ചുരുക്കം ചില മുൻനിര ഓഹരികൾക്കാണ് ഈ സാഹചര്യത്തിൽ പ്രാധാന്യം നൽകേണ്ടത്.

"ഉയരുന്ന എണ്ണവിലയും തുടർന്നു സമ്പദ്ഘടനയിൽ അത് ഏൽപ്പിക്കുന്ന ആഘാതവും ആസന്നമായ നാണയപ്പെരുപ്പവും നിക്ഷേപകരെ ലാഭമെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി തീവ്രമായ വിൽപന കുറഞ്ഞുവരികയാണ്. 16,450-16,400 വിപണിയിൽ വീണ്ടുമൊരു ആശ്രയമായി ഉയർന്നു വരുകയാണ്. കഴിഞ്ഞ പ്രാവശ്യത്തെ താഴേക്കുള്ള ഗതിയിൽ 16,400 ൽ നിഫ്റ്റിക്ക് ശക്തമായ ഒരു പിന്തുണ ലഭിച്ചിരുന്നു. അത് സൂചികയെ 18,350 ലേക്ക് ഉന്തി വിട്ടു. ചുരുക്കത്തിൽ 16,400 ന് ഒരു വലിയ പ്രസക്തിയുണ്ട്. അതുകൊണ്ട് വിപണി എത്രത്തോളം കാലം അതിനു മുകളിൽ നിൽക്കുന്നുവോ അത്രയും കാലം 16,800 നും 16,400 നുമിടയിൽ ഒരു അസ്ഥിരത നമുക്ക് ദർശിക്കാനാവും. 16,400 നു താഴെ പോയാൽ അത് വിപണിക്ക് വിനാശകരമായി ഭവിക്കും", കൊട്ടക് സെക്യൂരിറ്റീസ് ഓഹരി വിഭാഗം തലവനായ ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.