image

8 March 2022 8:17 AM IST

Market

വില ഉയരും, മുണ്ട് മുറുക്കി ഉടുക്കാം, അത്യാവശ്യത്തിന് ചെലവാക്കാം

MyFin Desk

വില ഉയരും, മുണ്ട് മുറുക്കി ഉടുക്കാം, അത്യാവശ്യത്തിന് ചെലവാക്കാം
X

Summary

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് രാജ്യം കരകയറി വരുമ്പോള്‍ അപ്രതീക്ഷിതമായി എത്തിയ യുദ്ധം വലിയ പ്രതിസന്ധിയാണ് കുടുംബ ബജറ്റിലും വിപണിയിലും ഉണ്ടാക്കിയിരിക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് സാധാരണക്കാരന്റെ നിത്യചെലവില്‍ വലിയ വര്‍ധന ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി ക്രൂഡ് വിലയെ തകിടം മറിച്ചത്. ഇത് രാജ്യത്തെ ഇന്ധന വിലയിലും വലിയ മാറ്റങ്ങളുണ്ടാക്കും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില 125 പിന്നിട്ടിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും ഉയര്‍ന്നേക്കാം. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉടന്‍ വര്‍ധന […]


കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് രാജ്യം കരകയറി വരുമ്പോള്‍ അപ്രതീക്ഷിതമായി എത്തിയ യുദ്ധം വലിയ പ്രതിസന്ധിയാണ് കുടുംബ ബജറ്റിലും വിപണിയിലും ഉണ്ടാക്കിയിരിക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് സാധാരണക്കാരന്റെ നിത്യചെലവില്‍ വലിയ വര്‍ധന ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി ക്രൂഡ് വിലയെ തകിടം മറിച്ചത്. ഇത് രാജ്യത്തെ ഇന്ധന വിലയിലും വലിയ മാറ്റങ്ങളുണ്ടാക്കും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില 125 പിന്നിട്ടിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും ഉയര്‍ന്നേക്കാം. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉടന്‍ വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് വാര്‍ത്തകള്‍. ലിറ്ററൊന്നിന് 10 മുതല്‍ 20 രൂപ വരെ വര്‍ധനയുണ്ടായേക്കാം എന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ അത് സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ വലിയ അലയൊലികള്‍ ഉണ്ടാക്കും.

നിലവില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ നിത്യോപയോഗ സാധനങ്ങളുടെ വാങ്ങലില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അരി, വറ്റല്‍ മുളക്, ജിരകം, വെളിച്ചെണ്ണ തുടങ്ങിയ നിത്യേപയോഗ സാധനങ്ങളുടെ വിലയില്‍ പത്ത് രൂപ മുതല്‍ 90 രൂപവരെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഒരു കിലോ കോഴിയിറച്ചിയുടെ വില കഴിഞ്ഞ ദിവസം 155 രൂപയിലേക്ക് എത്തിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരി, പച്ചക്കറികള്‍, കോഴി തുടങ്ങിയവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്.

ഇന്ധന വില ഉയരും

ഇന്ധന വിലയില്‍ വര്‍ധനവുണ്ടായാല്‍ അത് വീണ്ടു വില വര്‍ധനവിന് കാരണമായേക്കാം. ഇന്ധനവില വര്‍ധനവിന്റെ ചുവടുപിടിച്ച് ചരക്ക് നീക്കത്തിന്റെ ചെലവും വര്‍ധിക്കും. അത് സംസ്ഥാനത്ത് മറ്റെല്ലാ വസ്തുക്കളുടെയും വിലയിലും വര്‍ധനവുണ്ടാക്കും. ഇതിനുപുറമേ ഉത്പാദനക്കുറവും ആന്ധ്രപ്രദേശിലെയും തമിഴ്മനാട്ടിലെയും കൃഷിനാശം തുടങ്ങിയ പ്രശ്നങ്ങളും വിലക്കയറ്റത്തിന് കാരണമാകും. രാജ്യത്തെ ഏറ്റവും വലിയ പാല്‍-പാലുത്പന്ന നിര്‍മാതാക്കളായ അമുല്‍ മാര്‍ച്ച് ഒന്നിനാണ് ഒരു ലിറ്റര്‍ പാലിന്റെ വില രണ്ട് രൂപ വര്‍ധിപ്പിച്ചത്.

പാൽ

ഇതിന്റെ ചുവടു പിടിച്ച് മദര്‍ മില്‍ക്കും മാര്‍ച്ച് അഞ്ചിന് പാല്‍ വില രണ്ട് രൂപ വര്‍ധിപ്പിച്ചു. പാല്‍ സംഭരണത്തിനുള്ള ചെലവ് വര്‍ധിച്ചതാണ് പാലിന്റെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. അതായത് ഇന്ധന വില, പാക്കേജിംഗ് ഉത്പന്നങ്ങളുടെ വില എന്നിങ്ങനെയുള്ള ചെലവുകള്‍ 2021 ജൂലൈ മുതല്‍ എട്ടു ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നത്. നിലവിലുള്ള ഭക്ഷ്യവിലക്കയറ്റത്തോതുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലുണ്ടായ ഈ വര്‍ധനവ് വളരെകുറഞ്ഞ നിരക്കാണെന്നുകൂടി കമ്പനി വ്യക്തമാക്കുന്നു.

വ്യവസായ ഉത്പന്നങ്ങൾ

നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമേ വ്യവസായമേഖലയിലും വില വര്‍ധനവ് കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ട്. സ്റ്റീല്‍ വില ഒരു ടണ്ണിന് 5,000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. യുക്രെയ്ന്‍- റഷ്യ പ്രതിസന്ധി വന്നതോടെ സ്റ്റീല്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുവായ കോക്കിംഗ് കോളിന്റെ വില ഇരുപത് ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ആഗോള വിതരണ ശൃംഖലയിലുള്ള പ്രതിസന്ധിയാണ് ഇതിനു കാരണം.ഇന്ത്യ 85 ശതമാനം കോക്കിംഗ് കോള്‍ ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വിലയും ബോഷ് തുടങ്ങിയ കമ്പനികള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഇതിനു കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചരക്ക് നീക്ക ചെലവ് വര്‍ധിക്കാന്‍ കാരണമായി. ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നത്.

വാഹന വില

വാഹന വ്യവസായമേഖലയുടെ കാര്യവും ഒട്ടു വ്യത്യസ്തമല്ല. ജനുവരിയില്‍ 15 ശതമാനം താഴേയ്ക്കു പോയ വാഹന വ്യവസായ മേഖല പതിയെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചു വരികയായിരുന്നു. പക്ഷേ, യുക്രെയ്ന്‍ റഷ്യ പ്രതിസന്ധിയും ക്രുഡ് ഓയില്‍ വില വര്‍ധനവും വീണ്ടും വാഹന വിപണിയെ മോശമായി ബാധിച്ചിരിക്കുകയാണ്. ഇത്രയും നാള്‍ തിരഞ്ഞെടുപ്പ് വിപണിക്ക് ഗുണമായിരുന്നു. എന്നാല്‍ മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇന്ധനവിലയില്‍ ചെറിയൊരു വര്‍ധനവുണ്ടായാല്‍ പോലും അത് വാഹന വ്യവസായത്തെ മോശമായി ബാധിക്കും. അതിനിടയില്‍ രണ്ടു വര്‍ഷത്തിനൊടുവില്‍ തേഡ് പാര്‍ട്ടി പ്രീമിയത്തിലുണ്ടാകുന്ന വര്‍ധനവും വാഹനവ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം.

പണപ്പെരുപ്പം

20 ശതമാനം മുതലാണ് പ്രീമിയം വര്‍ധിക്കുക. ഇതും ചരക്ക് നീക്കത്തിനുള്ള ചെലവ് ഉയര്‍ത്താന്‍ കാരണമാകും. 2022 ലെആദ്യ പാദത്തില്‍ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് 5.7 ശതമാനമായിരുന്നു ആര്‍ബിഐ പ്രവചിച്ചിരുന്നത്. എന്നാല്‍ ജനുവരിയില്‍ അത് 6.01 ശതമാനത്തിലേക്ക് എത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഫെബ്രുവരി 14 ന് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുരുക്കത്തില്‍ വരും ദിനങ്ങളില്‍ കുടുംബ ബജറ്റുകളിലെ ആവശ്യങ്ങളെ വെട്ടി അത്യാവശ്യങ്ങളിലേക്കുമാത്രമായി ചെലവ് ചുരുക്കേണ്ടിവരും.