image

21 March 2022 3:22 AM IST

Market

വിപണിയിലെ മുന്നേറ്റം തുടര്‍ന്നേക്കാം

MyFin Desk

വിപണിയിലെ മുന്നേറ്റം തുടര്‍ന്നേക്കാം
X

Summary

ആഗോള ശുഭസൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണി ഇന്നും നേട്ടമുണ്ടാക്കാനാണ് സാധ്യത. കഴിഞ്ഞ എട്ട് സെഷനുകളിലായി 5000 പോയിന്റ് ഉയര്‍ച്ചയാണ് സെന്‍സെക്‌സിനുണ്ടായത്. ഇത് നിക്ഷേപകരുടെ ആസ്തിയില്‍ 19 ലക്ഷം കോടി രൂപ വര്‍ദ്ധനവുണ്ടാക്കി. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണി ഹ്രസ്വകാലത്തേക്ക് ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിച്ചേക്കാം. കാരണം, നിക്ഷേപകര്‍ സമ്പദ് ഘടനയുടെ തിരിച്ചുവരവിന്റെ സ്വഭാവം മനസ്സിലാക്കാനും, വരാനിരിക്കുന്ന കമ്പനി ഫല സൂചനകള്‍ വിലയിരുത്താനും ഈ സമയം ഉപയോഗിക്കും. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു. ഡൗ ജോണ്‍സ് 0.8 ശതമാനം, […]


ആഗോള ശുഭസൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണി ഇന്നും നേട്ടമുണ്ടാക്കാനാണ് സാധ്യത. കഴിഞ്ഞ എട്ട് സെഷനുകളിലായി 5000 പോയിന്റ് ഉയര്‍ച്ചയാണ് സെന്‍സെക്‌സിനുണ്ടായത്. ഇത് നിക്ഷേപകരുടെ ആസ്തിയില്‍ 19 ലക്ഷം കോടി രൂപ വര്‍ദ്ധനവുണ്ടാക്കി.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണി ഹ്രസ്വകാലത്തേക്ക് ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിച്ചേക്കാം. കാരണം, നിക്ഷേപകര്‍ സമ്പദ് ഘടനയുടെ തിരിച്ചുവരവിന്റെ സ്വഭാവം മനസ്സിലാക്കാനും, വരാനിരിക്കുന്ന കമ്പനി ഫല സൂചനകള്‍ വിലയിരുത്താനും ഈ സമയം ഉപയോഗിക്കും.

വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു. ഡൗ ജോണ്‍സ് 0.8 ശതമാനം, എസ് ആന്‍ഡ് പി 500 1.11 ശതമാനം, നാസ്ഡാക്ക് 2.05 ശതമാനം ഉയര്‍ന്നു.

സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ നേരിയ ലാഭത്തിലാണ് വ്യാപാരം നടക്കുന്നത്. ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, "ഫെഡ് നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ വിപണി അമേരിക്കന്‍ വിപണിയെ പിന്തുടരുകയാണ് ചെയ്തത്. വിപണി അമിതമായ വില്‍പ്പന കണ്ടുകഴിഞ്ഞു. ഈ ഘട്ടത്തില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നതാണ്. യുക്രെയ്ന്‍ യുദ്ധം ഇപ്പോഴും തുടരുന്നത് ഒരു തിരിച്ചടിയാണ്. ക്രൂഡ് വില 100 ഡോളറിനോടടുപ്പിച്ച് തുടരുന്നത് നല്ല ലക്ഷണമല്ല. വിപണിയില്‍ വീഴ്ച്ചയുണ്ടായാല്‍ അത് പ്രയോജനപ്പെടുത്താനായി നിക്ഷേപകര്‍ പണലഭ്യത നിലനിര്‍ത്തുന്നത് നന്നായിരിക്കും."

"നിഫ്റ്റിയില്‍ 17250 ശക്തമായ പിന്തുണയായി പ്രവര്‍ത്തിച്ചേക്കാം. തൊട്ട് താഴെ 17180 അല്ലെങ്കില്‍ 17100 നിലകളിലും പിന്തുണ പ്രതീക്ഷിക്കാം. മുകളിലേക്ക് പോയാല്‍, 17340 ല്‍ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. ഇതു മറികടന്നാല്‍, 17460 അടുത്ത തടസ്സമായി മാറാം. ഈ ഘട്ടവും പിന്നിട്ടാല്‍ 17535 ലെവലില്‍ തടസ്സങ്ങള്‍ വന്നേക്കാം," ശര്‍മ്മ പറഞ്ഞു.

ശ്രദ്ധിക്കേണ്ട മേഖലകള്‍:
റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍, മെറ്റല്‍സ്, എഫ്എംസിജി

ശ്രദ്ധിക്കേണ്ട ഓഹരികള്‍:
വേള്‍പൂള്‍, ട്രെന്‍ഡ്, യുണൈറ്റഡ് ബ്രൂവറീസ്, ഗുജറാത്ത് നര്‍മ്മദാവാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ രണ്ടാം ദിവസവും തുടര്‍ന്നു. 2,800 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ വെള്ളിയാഴ്ച്ച അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 678.45 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു.

സാങ്കേതിക വിശകലനം:

കൊട്ടക് സെക്യൂരിറ്റീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (ടെക്‌നിക്കല്‍ റിസര്‍ച്ച്) അമോല്‍ അത്താവലെ പറയുന്നു: "ഇന്ത്യന്‍ വിപണി സൂചികകള്‍ക്ക് ആഗോള സൂചികകള്‍ വലിയ പിന്തുണ നല്‍കി. മുമ്പ് തകര്‍ച്ചയ്ക്ക് കാരണമായിരുന്ന പല ഘടകങ്ങളും ഇപ്പോള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് വിപണിയെ പുനരുജ്ജീവിപ്പിക്കുന്നുണ്ട്. സാങ്കേതികമായി, നിഫ്റ്റിയുടെ പിന്തുണ ഇപ്പോള്‍ 16800 ല്‍ നിന്നും 17000 ലേക്ക് മാറിയിട്ടുണ്ട്. 17000 ലെവലില്‍ സൂചിക തുടര്‍ന്നാല്‍ അത് 17450 ല്‍ ചെന്നെത്താം. ചിലപ്പോള്‍ 17600 വരെ എത്തിച്ചേരാം. എന്നിരുന്നാലും, 17000 നിഫ്റ്റിയുടെ സുപ്രധാന പിന്തുണയായി നിലനിന്നേക്കാം. ഇതിന് താഴേക്ക് പോയാല്‍ 16900-16800 വരെ വിപണി ഇടിഞ്ഞേക്കാം."

കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,730 രൂപ (മാര്‍ച്ച് 20)

ഡോളര്‍ വില 76.06 രൂപ (മാര്‍ച്ച് 20)

1 ബിറ്റ് കൊയ്ന്‍ = 32,19,928 രൂപ (@ 8.02 am ; വസിര്‍ എക്‌സ്)

ബ്രെന്റ് ക്രൂഡ് ബാരലിന് 110.93 ഡോളര്‍ (8.03 am)