മുംബൈ : രാജ്യത്ത് ഭവന വായ്പാ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇവ എത്തിക്കുന്നതിനുള്ള ചുവടുവെപ്പുമായി എസ്ബിഐ. പദ്ധതിയുടെ ഭാഗമായി അഞ്ച്...
മുംബൈ : രാജ്യത്ത് ഭവന വായ്പാ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇവ എത്തിക്കുന്നതിനുള്ള ചുവടുവെപ്പുമായി എസ്ബിഐ. പദ്ധതിയുടെ ഭാഗമായി അഞ്ച് ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുമായി (എച്ച് എഫ് സി) കരാറില്‍ ഏര്‍പ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ്് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഭവന വായ്പ അനുവദിക്കുക. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, എഡല്‍വീസ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുമായിട്ടാണ് എസ്ബിഐ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.
മുംബൈയില്‍ ഒപ്പുവച്ച പങ്കാളിത്ത കരാര്‍ എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര ഹൗസിംഗ് കമ്പനികളുടെ മേധാവികള്‍ക്ക് കൈമാറി. ഒട്ടേറെയാളുകള്‍ക്ക് വാസയോഗ്യമായ ഭവനങ്ങള്‍ ഇല്ല എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കുള്‍പ്പടെ (ഇഡബ്ല്യുഎസ്) ഒട്ടേറെ ആളുകള്‍ ഭവനമില്ലാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും എസ്ബിഐ ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതാത് പ്രദേശങ്ങളില്‍ കൂടുതല്‍ ശാഖകളുള്ള എച്ച് എഫ് സി കള്‍ വഴി ഭവന വായ്പ ലഭ്യമാക്കും. ഇടപാടുകളെല്ലാം എസ്ബിഐയുടെ മേല്‍നോട്ടത്തിലാകും നടക്കുക. ഭവന വായ്പാ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ എച്ച് എഫ് സികളുമായി സഹകരിച്ച് വായ്പാ വിതരണം സാധ്യമാക്കുമെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി. വായ്പയ്ക്ക് മേല്‍ മിതമായ പലിശ മാത്രം ഈടാക്കുമെന്നതിനാല്‍ ഒട്ടേറെ സാധാരണക്കാരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 2024 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാവര്‍ക്കും ഭവനം എന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യത്തിന് പദ്ധതി ഏറെ ഗുണകരമാകും.