image

28 April 2022 3:04 AM IST

Market

കമ്പനി ഫലങ്ങള്‍ വിപണിയ്ക്ക് പ്രതീക്ഷയേകുന്നില്ല

MyFin Desk

കമ്പനി ഫലങ്ങള്‍ വിപണിയ്ക്ക് പ്രതീക്ഷയേകുന്നില്ല
X

Summary

ഇതുവരെ പുറത്തുവന്ന കമ്പനികളുടെ നാലാംപാദ ഫലങ്ങള്‍ അത്ര ആകര്‍ഷകമല്ലാത്തതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നേരിയ വീഴ്ച്ചകള്‍ പ്രതീക്ഷിക്കാം. ഈ സാമ്പത്തിക വര്‍ഷത്തെ ലാഭ പ്രതീക്ഷകളെ സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റുകള്‍ പുറത്തിറക്കുന്ന അവലോകനം വരും ദിവസങ്ങളില്‍ വിപണിയെ കാര്യമായി സ്വാധീനിച്ചേക്കാം. മാര്‍ച്ചില്‍ അസംസ്‌കൃത വസ്തുക്കളിലുണ്ടായ ശക്തമായ വിലക്കയറ്റം കമ്പനിയുടെ നാലാംപാദ ലാഭക്കണക്കുകളില്‍ പൂര്‍ണ്ണമായി പ്രതിഫലിച്ചിട്ടില്ല. വിദേശ നിക്ഷേപത്തിന് അത്ര അനുകൂലമായ സാമ്പത്തിക കാലാവസ്ഥയല്ല ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏറ്റവും പോസിറ്റീവായ നീക്കം എല്‍ഐസി ഐപിഒ ആണ്. ഇത് ധാരാളം […]


ഇതുവരെ പുറത്തുവന്ന കമ്പനികളുടെ നാലാംപാദ ഫലങ്ങള്‍ അത്ര ആകര്‍ഷകമല്ലാത്തതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് നേരിയ വീഴ്ച്ചകള്‍ പ്രതീക്ഷിക്കാം.

ഈ സാമ്പത്തിക വര്‍ഷത്തെ ലാഭ പ്രതീക്ഷകളെ സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റുകള്‍ പുറത്തിറക്കുന്ന അവലോകനം വരും ദിവസങ്ങളില്‍ വിപണിയെ കാര്യമായി സ്വാധീനിച്ചേക്കാം.

മാര്‍ച്ചില്‍ അസംസ്‌കൃത വസ്തുക്കളിലുണ്ടായ ശക്തമായ വിലക്കയറ്റം കമ്പനിയുടെ നാലാംപാദ ലാഭക്കണക്കുകളില്‍ പൂര്‍ണ്ണമായി പ്രതിഫലിച്ചിട്ടില്ല. വിദേശ നിക്ഷേപത്തിന് അത്ര അനുകൂലമായ സാമ്പത്തിക കാലാവസ്ഥയല്ല ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഏറ്റവും പോസിറ്റീവായ നീക്കം എല്‍ഐസി ഐപിഒ ആണ്. ഇത് ധാരാളം റീട്ടെയ്ല്‍ നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് പുതിയതായി എത്തിക്കും. 27 കോടി പോളിസി ഉടമകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടില്‍ ഓഹരി വാങ്ങാം. ഇത് ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ജനകീയ പങ്കാളിത്തം വന്‍തോതില്‍ വര്‍ധിക്കുന്നതിന് സഹായിക്കും.

ഗവണ്‍മെന്റ് വിപണിയില്‍ നിന്ന് സമാഹരിക്കേണ്ട തുകയുടെ അളവ് (ഓഫര്‍ സൈസ്) 21,000 കോടി രൂപയായി കുറച്ചതും, ഓഹരിവില മുന്‍പ് പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ത്തി നിശ്ചയിച്ചതും (902/949 രൂപ) വിപണിയ്ക്ക് ഏറെ സഹായകരമാണ്.

അമേരിക്കന്‍ വിപണി ഇന്നലെ ഏറെക്കുറേ ലാഭനഷ്ടങ്ങളില്ലാതെ അവസാനിച്ചു.
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയില്‍ ഇന്നു രാവിലെ (7.49) 24 പോയിന്റ് നേട്ടത്തില്‍ വ്യാപാരം നടക്കുന്നു. ഏഷ്യയിലെ മറ്റു വിപണികളെല്ലാം നേരിയ ലാഭത്തിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 4,064.54 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,917.51 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം:

കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, വിപണിയ്ക്ക് കൃത്യമായ ദിശയില്ല. സൂചിക അതിന്റെ 50 ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിന് താഴേയാണ് ക്ലോസ് ചെയ്തത്. 'ഗ്യാപ് ഡൗണ്‍' ഓപ്പണിംഗിന് ശേഷം ബെയറിംഗ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്.
വ്യാപാരികളെ സംബന്ധിച്ച് 17125 തൊട്ടടുത്ത പ്രതിരോധ നിലയായി പ്രവര്‍ത്തിച്ചേക്കാം. ഈ പ്രതിരോധം മറികടക്കാനായാല്‍ സൂചിക 17200 വരെ ചെന്നെത്താം. എന്നിരുന്നാലും 17000 ന് താഴെയുള്ള വ്യാപാരം കൂടുതല്‍ ദുര്‍ബലമായ സാഹചര്യം സൃഷ്ടിക്കാം. ഇത് 16900-16850 വരെ സൂചികയെ എത്തിച്ചേക്കാം."

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍- ബജാജ് ഓട്ടോ, ആദിത്യ ബിര്‍ള കാപിറ്റല്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, ഐപിസിഎ ലബോറട്ടറീസ്.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട്ട് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍- ബജാജ് ഫിനാന്‍സ്, സിന്‍ജീന്‍ ഇന്റര്‍നാഷ്ണല്‍, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, ആരതി ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,845 രൂപ (ഏപ്രില്‍ 27)
ഒരു ഡോളറിന് 76.70 രൂപ (ഏപ്രില്‍ 27)
ബ്രെന്റ് ക്രൂഡ് ബാരലിന് 104.33 ഡോളര്‍ (ഏപ്രില്‍ 28, 8.09 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 31,79,799 രൂപ (ഏപ്രില്‍ 28, 8.10 am, വസീര്‍എക്‌സ്)