image

26 May 2022 6:06 AM GMT

Social Security

എന്‍പിഎസ് വിട്ട് രാജസ്ഥാനും ഛത്തീസ്ഗഢും, കൂടുതല്‍ സംസ്ഥാനങ്ങള്‍ കൂടു മാറുമോ?

wilson Varghese

എന്‍പിഎസ് വിട്ട് രാജസ്ഥാനും ഛത്തീസ്ഗഢും, കൂടുതല്‍ സംസ്ഥാനങ്ങള്‍ കൂടു മാറുമോ?
X

Summary

രാജസ്ഥാനും ഛത്തീസ്ഗഢും എന്‍പിഎസ് വിട്ട് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് പോയി കഴിഞ്ഞു. പഞ്ചാബ്, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കേരളവും പഴയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്ന് പല കുറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍പിഎസും( നാഷണല്‍ പെന്‍ഷന്‍ സ്‌കിം) പഴയ പെന്‍ഷന്‍ സംവിധാനവും തമ്മിലുള്ള വ്യത്യാസം അറിയുന്നത് നല്ലതാണ്. 2004 ലാണ് അന്ന് നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ സ്‌കീം നിര്‍ത്തലാക്കി ദേശീയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ഇതേതുടര്‍ന്ന് എതാണ്ടെല്ലാം […]


രാജസ്ഥാനും ഛത്തീസ്ഗഢും എന്‍പിഎസ് വിട്ട് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് പോയി കഴിഞ്ഞു. പഞ്ചാബ്, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കേരളവും പഴയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്ന് പല കുറി വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ എന്‍പിഎസും( നാഷണല്‍ പെന്‍ഷന്‍ സ്‌കിം) പഴയ പെന്‍ഷന്‍ സംവിധാനവും തമ്മിലുള്ള വ്യത്യാസം അറിയുന്നത് നല്ലതാണ്. 2004 ലാണ് അന്ന് നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ സ്‌കീം നിര്‍ത്തലാക്കി ദേശീയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ഇതേതുടര്‍ന്ന് എതാണ്ടെല്ലാം സംസ്ഥാനങ്ങളും എന്‍പിഎസിലേക്ക് മാറി. എന്നാല്‍ ഇപ്പോള്‍, നടത്തിപ്പിലെ അനിശ്ചിതത്വവും റിട്ടേണ്‍ സംബന്ധിച്ച വ്യക്തത ഇല്ലാത്തതുമായ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സര്‍വീസ് സംഘടനകളും മറ്റും നിരന്തര സമ്മര്‍ദം ചെലുത്തുന്നതോടെയാണ് പല സംസ്ഥാനങ്ങളും ഇതില്‍ നിന്ന് പിന്‍മാറുന്നത്. ഇത് എന്‍പിഎസ് പെന്‍ഷന്‍ സ്‌കീമിന്റെ നിലനില്‍പ്പിന് തന്നെ ഭിഷണിയാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. പഴയ പെന്‍ഷന്‍ സ്‌കീമും എന്‍പിഎസും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പഴയ സ്‌കീം

ഇവിടെ പെന്‍ഷന്‍ ലഭിക്കുന്നതിന് ശമ്പളത്തില്‍ നിന്ന് വിഹിതം ഈടാക്കുന്നില്ല. അല്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കാന്‍ മുന്‍കൂര്‍ തുക അടയ്‌ക്കേണ്ടതില്ല.

നിശ്ചിത മാസ പെന്‍ഷന്‍ ഇവിടെ ഉറപ്പാണ്. പലപ്പോഴും അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനമാണ് പെന്‍ഷനായി ലഭിക്കുക.

ഇവിടെ മുഴുവന്‍ പെന്‍ഷനും നല്‍കുന്നത് അതാത് സര്‍ക്കാരാണ്. സര്‍വീസില്‍ തുടരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ പെന്‍ഷന്‍ തുക കുടുംബത്തിന് ലഭിക്കും.

ജിപിഎഫ് (ജനറല്‍ പ്രോവിഡന്റ് ഫണ്ട്) സൗകര്യം ഇവിടെ ലഭ്യമാണ്. ഇതനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ജിപിഎഫിലേക്ക് നിക്ഷേപിക്കാം. ഉയര്‍ന്ന പലിശയില്‍ തൊഴില്‍ കാലം മുഴുവന്‍ നടത്തുന്ന ഈ നിക്ഷേപം പിന്നീട് പിരിയുമ്പോള്‍ വലിയ തുകയായി ലഭിക്കും.

ബാധ്യത

ചില റിസ്‌ക്കുകളും ഇവിടെയുണ്ട്. ജീവനക്കാരന് നിലവിലെ ശമ്പളത്തിന്റെ പകുതിയോളമാണ് പെന്‍ഷനായി നല്‍കേണ്ടത്. അങ്ങനെ വരുമ്പോള്‍ അത് സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഇതിനായി സംസ്ഥാന ബജറ്റില്‍ വലിയ നീക്കിയിരിപ്പ് നടത്തേണ്ടിയും വരും. ഇതു മൂലം പല അത്യാവശ്യ ചെലവുകളും സര്‍ക്കാരിന് ഒഴിവാക്കേണ്ടി വരും. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് വലിയ ബാധ്യതയായി മാറാനും സാധ്യതയുണ്ട്.

എന്‍പിഎസ്

ഇവിടെ ജിപിഎഫിന്റെ ആനുകൂല്യം ഉണ്ടാവില്ല. പെന്‍ഷന്‍ ഫണ്ടിലേക്ക് നിശ്ചിത തുക ശമ്പളത്തില്‍ നിന്ന് തുടര്‍ച്ചയായി പിടിച്ചുകൊണ്ടിരിക്കും. എന്നിരുന്നാല്‍ തന്നെയും നിശ്ചിത പെന്‍ഷന്‍ വരുമാനത്തിന് ഒരു ഉറപ്പുമില്ല.
ഇങ്ങനെ പിടിക്കുന്ന തുകയില്‍ നിശ്ചിത ശതമാനം ഓഹരി മാര്‍ക്കറ്റില്‍ നിക്ഷേപിക്കപ്പെടുന്നതിനാല്‍ അതിന്റെ പ്രകടനമനുസരിച്ചാകും ഇവിടെ റിട്ടേണ്‍. പഴയ പെന്‍ഷന്‍ സ്‌കീമില്‍ ലഭ്യമായിരുന്ന പണപ്പെരുപ്പത്തിന്റെ നേട്ടവും കാലാകാലങ്ങളില്‍ പേകമ്മീഷന്‍ വരുത്തുന്ന അധിക വര്‍ധനയും എന്‍പിഎസില്‍ ഉണ്ടാകില്ല.

പോരായ്മ

ഇവിടെ പക്ഷെ, ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് എന്‍ പിഎസിലെ നിക്ഷേപം, റിട്ടേണ്‍, തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത ഇല്ല എന്നതാണ് അത്. അത് തന്നെയാണ് എന്‍പിഎസിന്റെ പ്രധാന പോരായ്മയും.