image

28 July 2022 3:58 AM IST

Stock Market Updates

അമേരിക്കന്‍ മാന്ദ്യഭീതി ഒഴിയുന്നു, വിപണികള്‍ക്ക് പ്രത്യാശ

Suresh Varghese

അമേരിക്കന്‍ മാന്ദ്യഭീതി ഒഴിയുന്നു, വിപണികള്‍ക്ക് പ്രത്യാശ
X

Summary

യുഎസ് ഫെഡ് റേറ്റ് വര്‍ധനവ് പ്രതീക്ഷിച്ച നിരക്കിലായിരുന്നതിനാല്‍ (75 ബേസിസ് പോയിന്റ്) ആഗോള വിപണികളെല്ലാം ഇന്ന് ശുഭപ്രതീക്ഷയിലാണ്. അമേരിക്കന്‍ വിപണി ഇന്നലെ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോളവിപണികളിലെ ഈ ശുഭാപ്തി വിശ്വാസം ആഭ്യന്തര വിപണിയിലേക്കും പടരാം. ഇന്നലെ ഏറെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നിട്ടും വിദേശ നിക്ഷേപകര്‍ അറ്റവില്‍പനക്കാരായിരുന്നിട്ടും ഓഹരി വിപണി നേട്ടമുണ്ടാക്കിയിരുന്നു. അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന ആശങ്ക ഏറെക്കുറേ ശമിപ്പിക്കാന്‍ ഇപ്പോള്‍ പുറത്ത് വരുന്ന […]


യുഎസ് ഫെഡ് റേറ്റ് വര്‍ധനവ് പ്രതീക്ഷിച്ച നിരക്കിലായിരുന്നതിനാല്‍ (75 ബേസിസ് പോയിന്റ്) ആഗോള വിപണികളെല്ലാം ഇന്ന് ശുഭപ്രതീക്ഷയിലാണ്. അമേരിക്കന്‍ വിപണി ഇന്നലെ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോളവിപണികളിലെ ഈ ശുഭാപ്തി വിശ്വാസം ആഭ്യന്തര വിപണിയിലേക്കും പടരാം. ഇന്നലെ ഏറെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നിട്ടും വിദേശ നിക്ഷേപകര്‍ അറ്റവില്‍പനക്കാരായിരുന്നിട്ടും ഓഹരി വിപണി നേട്ടമുണ്ടാക്കിയിരുന്നു. അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന ആശങ്ക ഏറെക്കുറേ ശമിപ്പിക്കാന്‍ ഇപ്പോള്‍ പുറത്ത് വരുന്ന മികച്ച കോര്‍പ്പറേറ്റ് ഫലങ്ങളും, മിതമായ ഫെഡ് നിരക്ക് വര്‍ധനയും ഏറെ സഹായകരമാണ്.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ ഉയര്‍ച്ചയിലാണ്. ബ്രെ​ന്റ് ക്രൂഡ് സെപ്റ്റംബർ ഫ്യൂച്ചേഴ്സ് 107 ഡോളറിനടുത്താണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം അവരുടെ ക്രൂഡ് ശേഖരത്തില്‍ 4.5 മില്യണ്‍ ബാരലിന്റെ കുറവ് കഴിഞ്ഞയാഴ്ച്ച ഉണ്ടായിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയ്ക്ക് ഉത്തേജനം നല്‍കുന്ന വാര്‍ത്തയാണ്. അമേരിക്കയിലെ മാന്ദ്യത്തിനുള്ള സാധ്യതകളേയും ഈ കണക്കുകള്‍ നിരാകരിക്കുന്നു. വര്‍ധിച്ച ഊര്‍ജ്ജ ഉപഭോഗ കണക്കുകള്‍ ഒരു മാന്ദ്യത്തിന്റെ ലക്ഷണമായി കരുതാനാവില്ല. അടുത്ത നിരക്ക് വര്‍ധന എന്നുണ്ടാകുമെന്നോ, അതിന്റെ അളവ് എത്രയായിരിക്കുമെന്നോ വ്യക്തമായ സൂചന നല്‍കാന്‍ ഫെഡ് ചെയര്‍ ജെറോം പവല്‍ തയ്യാറാകാഞ്ഞത് കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന വിലയിരുത്തലായി കരുതപ്പെടുന്നു. ഇത് ആഗോള ഓഹരി വിപണികള്‍ക്കും, ക്രൂഡ് ഓയില്‍ വിപണിയ്ക്കും ഒരുപോലെ ഗുണകരമാണ്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 436 കോടി രൂപ വിലയുള്ള ഓഹരികള്‍ അറ്റവില്‍പന നടത്തി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 712 കോടി രൂപ വിലയുള്ള ഓഹരികളുടെ അറ്റ വാങ്ങലുകാരായി മാറി. ഫെഡ് നിരക്കിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായ സ്ഥിതിയ്ക്കും, മികച്ച കോര്‍പ്പറേറ്റ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍ ആഭ്യന്തര വിപണിയില്‍ കുറയുമെന്ന് കണക്കാക്കാം. ഇത് നിക്ഷേപകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "നാലു ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ നാസ്ഡാക്കില്‍ നിന്ന് ഊര്‍ജ്ജം കൈക്കൊണ്ട് ഇന്ത്യന്‍ ഐടി ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തിയേക്കാം. ബാങ്കിംഗ് ധനകാര്യ ഓഹരികള്‍ ഇപ്പോള്‍ തന്നെ മികച്ച നിലയിലാണ്. അവ തുടര്‍ന്നും ശക്തമായ പ്രകടനം നടത്താം. അമേരിക്കന്‍ തൊഴില്‍ വിപണി 50 വര്‍ഷത്തെ ഏറ്റവും മികച്ച നിലയില്‍ തുടരുകയാണെന്നും, 3.6 ശതമാനം തൊഴിലില്ലായ്മാ നിരക്ക് അത്ര വലിയ പ്രശ്‌നമല്ലെന്നും അതിനാല്‍ അമേരിക്ക ഒരു മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ ഇല്ലെന്നും ഫെഡ് ചീഫ് പവല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് വിപണികള്‍ക്ക് ഏറെ പ്രചോദനകരമാണ്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,645 രൂപ (ജൂലൈ 28)
ഒരു ഡോളറിന് 80 രൂപ (ജൂലൈ 28, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 108 ഡോളര്‍ (ജൂലൈ 28, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 23,171.34 ഡോളര്‍ (ജൂലൈ 28, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)