image

31 July 2022 5:46 AM IST

Market

വിദേശ നിക്ഷേപത്തില്‍ വര്‍ധന: ജൂലൈയില്‍ ഒഴുകിയെത്തിയത് 5,000 കോടി

MyFin Desk

വിദേശ നിക്ഷേപത്തില്‍ വര്‍ധന: ജൂലൈയില്‍ ഒഴുകിയെത്തിയത് 5,000 കോടി
X

Summary

 കഴിഞ്ഞ ഒന്‍പത് മാസം തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നുവെങ്കിലും ഏതാനും ആഴ്ച്ചകളായി സ്ഥിതിഗതികള്‍ മാറുകയാണ്. വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായതോടെ ജൂലൈയില്‍ മാത്രം 5,000 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ആഗോള മാര്‍ക്കറ്റില്‍ ഡോളറിന്റെ കരുത്ത് നേരിയ തോതില്‍ കുറഞ്ഞതും കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലുണ്ടായ ഉയര്‍ച്ചയുമാണ് ഇന്ത്യന്‍ ഓഹരി വിപണിയ്ക്കും ഗുണകരമായത്. ജൂണില്‍ മാത്രം 50,145 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 2020ന് ശേഷമുള്ള ഏറ്റവും […]


കഴിഞ്ഞ ഒന്‍പത് മാസം തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നുവെങ്കിലും ഏതാനും ആഴ്ച്ചകളായി സ്ഥിതിഗതികള്‍ മാറുകയാണ്. വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായതോടെ ജൂലൈയില്‍ മാത്രം 5,000 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ആഗോള മാര്‍ക്കറ്റില്‍ ഡോളറിന്റെ കരുത്ത് നേരിയ തോതില്‍ കുറഞ്ഞതും കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലുണ്ടായ ഉയര്‍ച്ചയുമാണ് ഇന്ത്യന്‍ ഓഹരി വിപണിയ്ക്കും ഗുണകരമായത്. ജൂണില്‍ മാത്രം 50,145 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 2020ന് ശേഷമുള്ള ഏറ്റവും വലിയ പിന്‍വലിക്കലാണിത്.
മാര്‍ച്ച് 2020-ല്‍ 61,973 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍, ഉയരുന്ന പണപ്പെരുപ്പം എന്നിവയാണ് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ഏതാനും മാസമായി അകറ്റി നിര്‍ത്തിയത്. ഇന്ത്യയ്ക്കു പുറമേ വിദേശ നിക്ഷേപകര്‍ വളര്‍ന്നുവരുന്ന വിപണികളായ തായ് വാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വെള്ളിയാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 45 പൈസ ഉയര്‍ന്ന് 79.42ല്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് ശേഷം ഇതാദ്യമാണ് രൂപയുടെ മൂല്യം ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം ഉയരുന്നത്. ആഭ്യന്തര ഓഹരികളിലെ ഉണര്‍വും വിദേശ ഓഹരികളിലുണ്ടായ തിരിച്ചടിയുമാണ് രൂപയ്ക്ക് നേട്ടമായത്. രാജ്യത്തേക്ക് പുതിയതായി എത്തിയ വിദേശ മൂലധന നിക്ഷേപവും രൂപയ്ക്ക് ബലമേകി. വെള്ളിയാഴ്ച്ച ഇന്റര്‍ബാങ്ക് ഫോറക്സ് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.55 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.17 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു.