image

9 Aug 2022 3:44 AM GMT

News

ഷവോമിയുടെയടക്കം ചീട്ടുകീറും: ചൈനീസ് ബ്രാന്‍ഡുകള്‍ പടിയിറങ്ങുമോ?

MyFin Desk

ഷവോമിയുടെയടക്കം ചീട്ടുകീറും: ചൈനീസ് ബ്രാന്‍ഡുകള്‍ പടിയിറങ്ങുമോ?
X

Summary

  ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കിയിരിക്കുന്ന ചൈനീസ് കമ്പനികള്‍ വൈകാതെ വെട്ടിലായേക്കും. 12,000 രൂപയില്‍ താഴെ വിലവരുന്ന ചൈനീസ് ഫോണുകള്‍ക്കു നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഷവോമിയും വിവോയും ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ നിലനില്‍പ്പ് തന്നെ ഒരു ചോദ്യചിഹ്നമാകുകയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍പനയുള്ള റിയല്‍മി, ഒപ്പോ, വിവോ, വണ്‍പ്ലസ്, ഷാവോമി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളാണ് സാധാരണക്കാരില്‍ മിക്കവരും വാങ്ങുന്നത്. ഇവയില്‍ മിക്കതും 12,000 രൂപയില്‍ താഴെയുള്ളതുമാണ്. 8888 രൂപ, 9999 രൂപ എന്നീ […]


ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കിയിരിക്കുന്ന ചൈനീസ് കമ്പനികള്‍ വൈകാതെ വെട്ടിലായേക്കും. 12,000 രൂപയില്‍ താഴെ വിലവരുന്ന ചൈനീസ് ഫോണുകള്‍ക്കു നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഷവോമിയും വിവോയും ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ നിലനില്‍പ്പ് തന്നെ ഒരു ചോദ്യചിഹ്നമാകുകയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍പനയുള്ള റിയല്‍മി, ഒപ്പോ, വിവോ, വണ്‍പ്ലസ്, ഷാവോമി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളാണ് സാധാരണക്കാരില്‍ മിക്കവരും വാങ്ങുന്നത്. ഇവയില്‍ മിക്കതും 12,000 രൂപയില്‍ താഴെയുള്ളതുമാണ്. 8888 രൂപ, 9999 രൂപ എന്നീ പ്രൈസ് ടാഗുകളിലുള്ള ഫോണുകളാണ് കടകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലുമടക്കം നന്നായി വിറ്റു പോകുന്നത്. ഇവയില്‍ നല്ലൊരു വിഭാഗവും 4 ജി ഫോണുകളായിരുന്നു.

5ജി ലേലത്തിന് പിന്നാലെ ഇതിന്റെ സേവനം ഉടന്‍ ആരംഭിക്കുമെന്ന് ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചതോടെ 4ജി ഫോണുകളിലേക്കുള്ള ആളുകളുടെ ശ്രദ്ധ കുറഞ്ഞ് തുടങ്ങി. നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ പല ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിസന്ധിയ്ക്ക് പിന്നാലെയാണ് ചൈനീസ് ഫോണുകള്‍ക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കവും സ്ഥിതി കടുപ്പത്തിലാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നീക്കം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ മൈക്രോമാക്സ്, കാര്‍ബണ്‍, ലാവ എന്നിവയ്ക്ക് ഗുണകരമാകും.

വിലക്കുറഞ്ഞ ചൈനീസ് ബ്രാന്‍ഡുകളുടെ പ്രധാന വിപണിയാണ് ഇന്ത്യ. ഇത്തരം മോഡലുകള്‍ വഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ചൈനീസ് ഫോണുകള്‍ ഏറെ പ്രിയങ്കരമായി. കഴിഞ്ഞ മാസം 20 ശതമാനത്തിലധികം വിപണി വിഹിതവുമായി ചൈനീസ് നിര്‍മാതാക്കളായ ഷാവോമി വീണ്ടും മുന്നിലെത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച ഷാവോമി പോലുള്ള മോഡലുകളെ തുടര്‍ന്നും അനുവദിച്ചേക്കുമോയെന്ന കാര്യവും വ്യക്തമല്ല. ചൈനീസ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇന്ത്യ ഇതിനകം തന്നെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒപ്പോ, വിവോ, ഷാവോമി തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളില്‍ അടുത്തിടെ നടത്തിയ റെയ്ഡുകള്‍ ഇത് തെളിയിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ രാജ്യം വിടുന്ന കാര്യം പരിശോധിക്കുമെന്നു കമ്പനികളെ ഉദ്ധരിച്ചു ചൈനീസ് വാര്‍ത്താമാധ്യമമായ ഗ്ലോബല്‍ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓപ്പോ ഇന്ത്യ, ഷവോമി ഇന്ത്യ, വിവോ ഇന്ത്യ എന്നിവയ്ക്ക് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നോട്ടീസ് അയച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ആഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒപ്പോ മൊബൈല്‍സ് ഇന്ത്യ ലിമിറ്റഡിന് 4,403.88 കോടി രൂപ ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കസ്റ്റംസ് തീരുവ വെട്ടിച്ചതിന് അഞ്ച് കേസുകളാണ് ഷവോമി ടെക്‌നോളജി ഇന്ത്യയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവോ മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏകദേശം 2,217 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതായും ഡി.ആര്‍.ഐ കണ്ടെത്തി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ 2020 മുതല്‍ തന്നെ ഇന്ത്യ, ചൈനീസ് കമ്പനികള്‍ക്കെതിരെ നിയന്ത്രങ്ങളും നടപടികളും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ത്യയില്‍ ലഭ്യമായിരുന്ന നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.