image

9 Sep 2022 1:29 AM GMT

Technology

പ്ലേസ്റ്റോറില്‍ ഫാന്റസി ഗെയിമുകളുടെ രണ്ടാം വരവ്, നിയന്ത്രണമുണ്ടെന്ന് ഗൂഗിൾ

MyFin Desk

google play
X

Summary

ഡെല്‍ഹി: ഫാന്റസി ഗെയിമിംഗ് ആപ്പുകളും (ഫാന്റസി സ്‌പോര്‍ട്ട്‌സ്) റമ്മി ഗെയിമുകളും പ്ലേസ്റ്റോറില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്ത് മാസങ്ങള്‍ക്കകം തീരുമാനത്തില്‍ മാറ്റം വരുത്തി ഗൂഗിള്‍. വരുന്ന ഒരു വര്‍ഷത്തേക്ക് തിരഞ്ഞെടുത്ത ഫാന്റസി ഗെയിമുകളും റമ്മി ആപ്പുകളും പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തും. ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ ഗാംബ്ലിംഗ് പോളിസികളുടെ ഭാഗമായി ഓണ്‍ലൈന്‍ കാസിനോകളും സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട് 'പന്തയം' വെയ്ക്കുന്ന തരം ആപ്പുകളുള്‍പ്പടെ പ്ലാറ്റ്‌ഫോമില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന ആപ്പുകള്‍ ഘട്ടം ഘട്ടമായി പ്ലേസ്റ്റോറില്‍ […]


ഡെല്‍ഹി: ഫാന്റസി ഗെയിമിംഗ് ആപ്പുകളും (ഫാന്റസി സ്‌പോര്‍ട്ട്‌സ്) റമ്മി ഗെയിമുകളും പ്ലേസ്റ്റോറില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്ത് മാസങ്ങള്‍ക്കകം തീരുമാനത്തില്‍ മാറ്റം വരുത്തി ഗൂഗിള്‍. വരുന്ന ഒരു വര്‍ഷത്തേക്ക് തിരഞ്ഞെടുത്ത ഫാന്റസി ഗെയിമുകളും റമ്മി ആപ്പുകളും പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തും. ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ ഗാംബ്ലിംഗ് പോളിസികളുടെ ഭാഗമായി ഓണ്‍ലൈന്‍ കാസിനോകളും സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട് 'പന്തയം' വെയ്ക്കുന്ന തരം ആപ്പുകളുള്‍പ്പടെ പ്ലാറ്റ്‌ഫോമില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന ആപ്പുകള്‍ ഘട്ടം ഘട്ടമായി പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തുമെന്നും ഇന്ത്യയിലെ ഡെവലപ്പര്‍മാര്‍ (അല്ലെങ്കില്‍ അവരുമായി സഹകരിച്ച്) സൃഷ്ടിച്ച ആപ്പുകള്‍ക്കാകും മുന്‍ഗണന നല്‍കുക എന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം 28 മുതല്‍ 2023 സെപ്റ്റംബര്‍ 28 വരെയുള്ള കാലയളവാണ് ഇതിനായുള്ള പൈലറ്റ് പ്രൊജക്ട് നടപ്പാക്കുക. എന്നാല്‍ ഗെയിമിംഗ് ആപ്പ് ഡെവലപ്പര്‍ കമ്പനികളില്‍ നിന്നും ഗൂഗിളിന്റെ നീക്കത്തിന് എതിരായ അഭിപ്രായമാണ് പുറത്ത് വന്നിരിക്കുന്നത്. കമ്പനിയുടേത് ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും അധികാര ദുര്‍വിനിയോഗമാണ് അവര്‍ കാണിയ്ക്കുന്നതെന്നും ഗെയിമിംഗ് കമ്പനിയായ വിന്‍സോയുടെ സഹസ്ഥാപക സൗമ്യ സിംഗ് റോത്തോര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പ്രചാരമേറുകയാണ്. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളും പല തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഫാന്റസി സ്‌പോര്‍ട്ട്‌സ് എന്നാല്‍
ഒരു ഫാന്റസി സ്പോര്‍ട്സ് എന്നത് ഒരു തരം ഗെയിമാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഇവ കളിക്കാനാവുക. അവിടെ പങ്കെടുക്കുന്നവര്‍ ഒരു പ്രൊഫഷണല്‍ സ്പോര്‍ട്സിലെ യഥാര്‍ത്ഥ കളിക്കാരുടെ പ്രോക്‌സികള്‍ (പകരക്കാര്‍) അടങ്ങിയ സാങ്കല്‍പ്പിക അല്ലെങ്കില്‍ വെര്‍ച്വല്‍ ടീമുകളെ സൃഷ്ടിച്ചാണ് കളിയ്ക്കുന്നത്. ഇത്തരം ഗെയിമുകളില്‍ പങ്കെടുക്കുന്നവരില്‍ നല്ലൊരു വിഭാഗവും കുട്ടികളായിരുന്നു. എന്നാല്‍ ഇവ കൗമാരക്കാരിലുള്‍പ്പടെ പലവിധ മാനസിക-ശാരീരിക ആരോഗ്യപ്രശന്ങ്ങള്‍ സൃഷ്ടിക്കുന്നു എന്ന പരാതി നാളുകള്‍ക്ക് മുന്‍പേ ഉയരുന്നുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഗൂഗിള്‍ നയങ്ങളില്‍ വ്യത്യാസം വരുത്തിയത്. ഗൂഗിളിന്റെ പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, ഗെയിം ഡെവലപ്പര്‍മാര്‍ പ്രാദേശികമായ നിയമങ്ങള്‍ പാലിക്കണം. 18 വയസ്സിന് താഴെയുള്ള ഒരു വ്യക്തിക്ക് ഫാന്റസി, റമ്മി ആപ്പുകള്‍ തുടങ്ങിയവ ആക്സസ് ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്നും നിബന്ധനകളില്‍ പറയുന്നു.
തേര്‍ഡ് പാര്‍ട്ടി ബില്ലിംഗും വരുന്നു
ഗൂഗിള്‍ പ്ലേയില്‍ തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് സാധ്യമാക്കാനുള്ള തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് ഫാന്റസി ഗെയിമിംഗ് ആപ്പുകള്‍ക്ക് കമ്പനി വീണ്ടും അവസരം കൊടുക്കാനൊരുങ്ങുന്നത്. ഇതുവരെ ഗൂഗിള്‍ പ്ലേയുടെ തന്നെ ബില്ലിംഗ് രീതിയായിരുന്നു പ്ലേ സ്റ്റോറില്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങളിലുള്‍പ്പടെ ആഗോള ഗെയിം ഡെവലപ്പര്‍ കമ്പനികള്‍ക്കടക്കം വിയോജിപ്പുണ്ടായിരുന്നു. മിക്ക കമ്പനികളും തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് രീതികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ഗൂഗിളിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കമ്പനികള്‍ തുടര്‍ച്ചായി ഇക്കാര്യം ആവശ്യപ്പെട്ടതോടെ തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് പ്ലാറ്റ്ഫോമുകളെ ഗൂഗിള്‍ പ്ലേയുമായി സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഗൂഗിള്‍ പ്ലേയില്‍ ആപ്പുകളുടെ ബില്ലിംഗ് രീതികള്‍ സംബന്ധിച്ച് കോംമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേതടക്കം സൂക്ഷ്മ പരിശോധന ഇപ്പോള്‍ നടക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, ഇന്തോനേഷ്യ, യൂറോപ്യന്‍ ഇക്കണോമിക്ക് ഏരിയ എന്നിവിടങ്ങളില്‍ പൈലറ്റ് പ്രൊജക്ട് നടപ്പാക്കാനുള്ള ചുവടുവെപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് രീതി പൂര്‍ണമായും വന്നുകഴിഞ്ഞാല്‍ ഈ രീതി അവലംബിക്കുന്ന ആദ്യ ആപ്പ് പ്ലാറ്റ്ഫോമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മാറും.
ആപ്പ് ഡെവലപ്പര്‍മാരുടെ വരുമാനം ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ കടന്നാല്‍ അതിന്റെ 30 ശതമാനം നേരത്തെ കമ്മീഷനായി ഗൂഗിളിന് നല്‍കണമായിരുന്നു. ഇത് 15 ശതമാനമായി കുറച്ചിട്ടും തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് രീതി വേണം എന്ന ആവശ്യത്തില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാര്‍ പിന്നോട്ട് പോയില്ല. കമ്മീഷന്‍ കുറയ്ക്കുന്ന നടപടി ആപ്പിളും (ആപ്പിള്‍ സ്റ്റോര്‍) സ്വീകരിച്ചിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഭൂരിഭാഗം ആപ്പുകളും ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ്ജ് അടയ്ക്കേണ്ടി വരുന്ന വിഭാഗത്തില്‍ പെട്ടവയാണ്.