image

12 Sept 2022 3:58 AM IST

Market

ഉത്പാദന, പണപ്പെരുപ്പ കണക്കുകള്‍ വിപണിയില്‍ നിർണ്ണായകം

Suresh Varghese

Stock Market
X

Summary

ഓഹരി വിപണിയില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായേക്കാവുന്ന മൂന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പുറത്ത് വരും. ജൂലൈ മാസത്തിലെ വ്യവസായ ഉത്പാദനവും (Industrial production),  ഫാക്ടറി ഉത്പാദനവും (Manufacturing output), ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്കുകളുമാണ് ഇവ. ഇതിന്റെ സ്വാധീനം ഓഹരി വിപണിയില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. വിപണി പ്രതീക്ഷിക്കുന്നത് പണപ്പെരുപ്പ നിരക്കുകള്‍ കുറയുമെന്നാണ്. എന്നാല്‍ റോയ്‌ട്ടേഴ്‌സ് നടത്തിയ സര്‍വേയുടെ സൂചനകള്‍ ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം മുന്‍മാസത്തെ അപേക്ഷിച്ച് നേരിയ തോതില്‍ ഉയരുമെന്നാണ്. ഭക്ഷ്യ വസ്തുക്കളുടെ […]


ഓഹരി വിപണിയില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായേക്കാവുന്ന മൂന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പുറത്ത് വരും. ജൂലൈ മാസത്തിലെ വ്യവസായ ഉത്പാദനവും (Industrial production), ഫാക്ടറി ഉത്പാദനവും (Manufacturing output), ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്കുകളുമാണ് ഇവ. ഇതിന്റെ സ്വാധീനം ഓഹരി വിപണിയില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. വിപണി പ്രതീക്ഷിക്കുന്നത് പണപ്പെരുപ്പ നിരക്കുകള്‍ കുറയുമെന്നാണ്. എന്നാല്‍ റോയ്‌ട്ടേഴ്‌സ് നടത്തിയ സര്‍വേയുടെ സൂചനകള്‍ ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം മുന്‍മാസത്തെ അപേക്ഷിച്ച് നേരിയ തോതില്‍ ഉയരുമെന്നാണ്. ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണം.
യുഎസ്-ഏഷ്യന്‍ വിപണികള്‍
ചൈനീസ് വിപണികളെല്ലാം ഇന്ന് അവധിയാണ്. തയ്‌വാന്‍ വെയ്റ്റഡ്, ജപ്പാനിലെ നിക്കി, സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ വിപണികളില്‍ നേരിയ ഉയര്‍ച്ച കാണുന്നുണ്ട്. അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ ചൊവ്വാഴ്ച്ച പുറത്ത് വരും. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ വലിയ മുന്നേറ്റം കാണുന്നില്ല. ഡോളര്‍ ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെ അല്‍പ്പം തളര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണികളും വെള്ളിയാഴ്ച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഫെഡ് കടുത്ത നിരക്ക് വര്‍ധനയുമായി മുന്നോട്ട് പോകുമെന്ന് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ വരാന്‍ പോകുന്ന പണപ്പെരുപ്പ നിരക്കുകള്‍ ഏറെ നിര്‍ണ്ണായകമാണ്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സെപ്റ്റംബറില്‍ ഇതു വരെ ഓഹരികളില്‍ അറ്റ നിക്ഷേപകരായി നിലനില്‍ക്കുകയാണ്. 5,500 കോടി രൂപയാണ് ഇതുവരെയുള്ള അധിക നിക്ഷേപം. ഈ നില തുടര്‍ന്നാല്‍ വിപണിയ്ക്ക് ഏറെ ആശ്വാസമാകും. ഈ മാസം ഒടുവില്‍ ചേരുന്ന യുഎസ് ഫെഡ് പണനയ തീരുമാനം വരുന്നത് വരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അല്‍പ്പം ചാഞ്ചാട്ടം പ്രകടിപ്പിക്കാനും സാധ്യതയുണ്ട്.
ക്രൂഡ് ഓയില്‍
ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ക്രൂഡ് ഓയില്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഏഷ്യന്‍ വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 92 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ചൈനയില്‍ നിന്നുള്ള ഡിമാന്റ് വന്‍ തോതില്‍ ഇടിയുന്നതാണ് എണ്ണ വില ഉയരാത്തതിന് കാരണം. കൂടാതെ റഷ്യന്‍ ക്രൂഡ് ഓയിലിന് മേല്‍ വില നിയന്ത്രണമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കവും വിപണിയ്ക്ക് തിരിച്ചടിയായി. ഉത്പാദനം നേരിയ തോതില്‍ കുറയ്ക്കാനുള്ള ഒപെക് തീരുമാനവും ഉദ്ദേശിച്ച ഫലം കാണിക്കുന്നില്ല.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,675 രൂപ (സെപ്റ്റംബര്‍ 12)
ഒരു ഡോളറിന് 79.64 രൂപ (സെപ്റ്റംബര്‍ 12)
ബ്രെന്റ് ക്രൂഡ് ബാരലിന് 91.49 ഡോളര്‍ (സെപ്റ്റംബര്‍ 12, 8.09 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 17,91,111 രൂപ (സെപ്റ്റംബര്‍ 12, 8.09 am, വസീര്‍എക്‌സ്)