പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ച്ചയില്‍, ഓഗസ്റ്റില്‍ 7%: പലിശ ഇനിയും ഉയര്‍ന്നേക്കും | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeBreaking Newsപണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ച്ചയില്‍, ഓഗസ്റ്റില്‍ 7%: പലിശ ഇനിയും ഉയര്‍ന്നേക്കും

പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ച്ചയില്‍, ഓഗസ്റ്റില്‍ 7%: പലിശ ഇനിയും ഉയര്‍ന്നേക്കും

ഡെല്‍ഹി: രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയിലെ 6.71 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റ് മാസത്തില്‍ 7 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായ എട്ടാം മാസവും ഇത് ആര്‍ബിഐയുടെ സഹന പരിധിയായ 2-6 ശതമാനത്തിന് മുകളിലാണ്. ഓഗസ്റ്റില്‍ ഭക്ഷ്യ പണപ്പെരുപ്പം മുന്‍ മാസത്തെ 6.75 ശതമാനത്തില്‍ നിന്ന് 7.62 ശതമാനത്തിലെത്തി. പച്ചക്കറികളുടെ നിരക്ക് ഓഗസ്റ്റില്‍ 13.23 ശതമാനം വര്‍ധിച്ചു.

ഇന്ധന പണപ്പെരുപ്പം ജൂലൈയിലെ 11.76 ശതമാനത്തില്‍ നിന്ന് 10.78 ശതമാനമായി കുറഞ്ഞു. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ പണപ്പെരുപ്പ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വീണ്ടും നിരക്കുകയരുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ആര്‍ബിഐ പണപ്പെരുപ്പം പിടിച്ച് നിറുത്തുന്നതിനായി പലിശ നിരക്കില്‍ ഇനിയും വര്‍ധന വരുത്തിയേക്കും.

മെയ് മുതല്‍ ജൂലൈ വരെയുള്ള മൂന്നു മാസക്കാലം ആര്‍ബിഐ റിപ്പോ നിരക്കില്‍ പലഘട്ടങ്ങളിലായി 1.4 ശതമാനം വരെ വര്‍ധന വരുത്തിയിരുന്നു. ഇത് വായ്പാ പലിശയിലും ഇഎംഐ അടവിലും ഒന്നര ശതമാനം വരെ വര്‍ധനവിന് കാരണമായിരുന്നു. സെപ്റ്റംബര്‍ ഒടുവില്‍ ആര്‍ബിഐ ധനനയ സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പലിശ നിരക്ക് വര്‍ധനയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

0.35 ശതമാനം വരെ ഇനിയും നിരക്കുയര്‍ത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. അതേ സമയം പലിശ നിരക്കല്ല തൊഴിലവസരങ്ങളുടെ വര്‍ധനയാണ് നിലവിലെ പ്രധാന പ്രശ്‌നമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇത് ഇനിയൊരിക്കല്‍ കൂടി പലിശ നിരക്ക് വര്‍ധന എന്ന സാധ്യതയില്‍ നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന 480 ഉല്‍പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മൊത്തവില സൂചിക പരിഷ്‌കരിക്കാനും പണപ്പെരുപ്പം നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം 2017-18 ആയി ഉയര്‍ത്താനുമുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ അംഗീകരിക്കുന്നതോടെ മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരും. നിലവില്‍ 2011-12 അടിസ്ഥാന വര്‍ഷമായി സ്വീകരിച്ചാണു മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നത്.

മൊത്തവില വിപണിയെ സ്വാധീനിക്കുന്ന പല ഉല്‍പന്നങ്ങളും സൂചികയില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണു കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. പ്രാഥമിക ഉല്‍പന്നങ്ങള്‍, ഊര്‍ജവും ഇന്ധനവും, നിര്‍മിത വസ്തുക്കള്‍ എന്നീ വിഭാഗങ്ങളിലായി 697 ഇനങ്ങളാണു നിലവില്‍ സൂചികയില്‍ ഉള്ളത്. പുതുതായി ഉള്‍പ്പെടുത്തുന്നവയില്‍ 462 എണ്ണം നിര്‍മിത വസ്തുക്കളാണ്.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!