image

19 Sep 2022 3:16 AM GMT

Aviation

എയര്‍ലൈനുകള്‍ക്കിത് 'ഭാഗ്യവര്‍ഷം'; എട്ട് മാസത്തിനിടെ 7.7 കോടി ആഭ്യന്തര യാത്രക്കാര്‍;

MyFin Bureau

എയര്‍ലൈനുകള്‍ക്കിത് ഭാഗ്യവര്‍ഷം; എട്ട് മാസത്തിനിടെ 7.7 കോടി ആഭ്യന്തര യാത്രക്കാര്‍;
X

Summary

മുംബൈ: രാജ്യത്തെ ആഭ്യന്തര വിമാന നിരക്കിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി കേന്ദ്രം എടുത്തു കളഞ്ഞതിന് പിന്നാലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. ഓഗസ്റ്റ് 31 മുതലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുറഞ്ഞ നിരക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും വിവിധ സെഗ്മെന്റുകളിലായി 21 ശതമാനം അധികം ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും വിമാന കമ്പനികള്‍ വ്യക്തമാക്കുന്നു. മാത്രമല്ല രാജ്യത്തെ പ്രധാന ഹബ്ബുകളായ മുംബൈ, പുനെ, ഡെല്‍ഹി, ബെംഗലൂരു എന്നിവിടങ്ങളിലേക്കെല്ലാം വന്‍ തിരക്കാണുള്ളത്. ഓഗസ്റ്റിലെ ടിക്കറ്റ് ബുക്കിനിനെക്കാള്‍ 23 […]


മുംബൈ: രാജ്യത്തെ ആഭ്യന്തര വിമാന നിരക്കിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി കേന്ദ്രം എടുത്തു കളഞ്ഞതിന് പിന്നാലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. ഓഗസ്റ്റ് 31 മുതലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുറഞ്ഞ നിരക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും വിവിധ സെഗ്മെന്റുകളിലായി 21 ശതമാനം അധികം ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും വിമാന കമ്പനികള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല രാജ്യത്തെ പ്രധാന ഹബ്ബുകളായ മുംബൈ, പുനെ, ഡെല്‍ഹി, ബെംഗലൂരു എന്നിവിടങ്ങളിലേക്കെല്ലാം വന്‍ തിരക്കാണുള്ളത്. ഓഗസ്റ്റിലെ ടിക്കറ്റ് ബുക്കിനിനെക്കാള്‍ 23 ശതമാനം അധികമാണ് സെപ്റ്റംബറില്‍ ലഭിച്ചിരിക്കുന്നതെന്നും യാത്രാ കമ്പനികള്‍ വ്യക്തമാക്കുന്നു.

ദസറ, ദീപാവലി തുടങ്ങിയ അവധി ദിനങ്ങള്‍ നാട്ടിലേക്ക് പോകാന്‍ (ആഭ്യന്തര യാത്ര) ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകളില്‍ നിന്നും ഇതിനോടകം ബുക്കിംഗ് ലഭിച്ചു കഴിഞ്ഞുവെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.

ഇതിനു പുറമേ പ്രധാന ബിസിനസ് റൂട്ടുകളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ലക്ഷ്വറി സെഗ്മെന്റിലുള്ള വിമാന ടിക്കറ്റുകള്‍ക്കും ആവശ്യക്കാരുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തെ കണക്ക് നോക്കിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് പ്രകടമാണെന്നും വിമാനകമ്പനിയായ ഇന്‍ഡിഗോയുടെ അറിയിപ്പിലുണ്ട്.

നിരക്കിന്റെ പരിധി മാറ്റിയതോടെ കമ്പനികള്‍ക്ക് അവരവര്‍ക്ക് അനുയോജ്യമായ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തുവാനും ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്തുവാനും സഹായിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 7.7 കോടി ആളുകളാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 4.6 കോടിയായിരുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ 67.38 ശതമാനത്തിന്റെയും പ്രതിമാസം 50.96 ശതമാനത്തിന്റെയും വര്‍ധനയാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ഓഗസ്റ്റിൽ മാത്രം രാജ്യത്ത് 1.01 കോടി ആളുകളാണ് ആഭ്യന്തര വിമാനയാത്ര നടത്തിയതെന്നും ജൂലൈയില്‍ ഇത് 97.05 ലക്ഷമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

27 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓഗസ്റ്റില്‍ ആഭ്യന്തര വിമാന നിരക്കുകളുടെ പരിധി സര്‍ക്കാര്‍ നീക്കം ചെയ്തത്. കോവിഡ് മഹാമാരി ശക്തമായ സമയത്ത് 2020 മെയ് 25 നാണ് ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ വ്യോമയാന മന്ത്രാലയം ഉയര്‍ന്നതും താഴ്ന്നതുമായ പരിധികള്‍ ഏര്‍പ്പെടുത്തിയത്. ടിക്കറ്റ് പരിധി ഒഴിവാക്കിയതോടെ ആഭ്യന്തര യാത്രാ നിരക്കുകളില്‍ വിമാനക്കമ്പനികള്‍ക്ക് തീരുമാനമെടുക്കുവാന്‍ സാധിച്ചു.

കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനികള്‍ക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്നും അതിനാല്‍ ഇത് പിന്‍വലിക്കണമെന്നും വിമാനക്കമ്പനികള്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധം മൂലം എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടാകുന്ന മാറ്റം വിലയിരുത്തിയാണ് ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 31ന് മുന്‍പ് ബുക്കിംഗ് തീയതി മുതല്‍ 15 ദിവസത്തേക്ക് ആഭ്യന്തര വിമാനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകള്‍ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്. 15 ദിവസത്തിന് ശേഷമുള്ള ബുക്കിംഗുകളില്‍ മാത്രമാണ് വിമാനക്കമ്പനികള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത്.