ബാധ്യതയായി മാറിയ ഏറ്റെടുക്കലുകൾ; കണക്കുകൾ പിഴച്ച് ബൈജൂസ് | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeMoreEducationബാധ്യതയായി മാറിയ ഏറ്റെടുക്കലുകൾ; കണക്കുകൾ പിഴച്ച് ബൈജൂസ്

ബാധ്യതയായി മാറിയ ഏറ്റെടുക്കലുകൾ; കണക്കുകൾ പിഴച്ച് ബൈജൂസ്

കൊച്ചി: നിരവധി കമ്പനികൾ ഏറ്റെടുത്ത് സ്വപ്ന തുല്യമായ വളർച്ച നേടിയ മലയാളി സ്റ്റാർട്ടപ്പായ ബൈജൂസ് ഇന്ന് തകർച്ചയുടെ വക്കിലാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസ് കടന്ന് പോകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4,588 കോടി രൂപയുടെ നഷ്ടമാണ് ഏറ്റവും ഒടുവിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബൈജൂസ് രേഖപ്പെടുത്തിയത്. 18 മാസത്തെ കാലതാമസത്തിന് ശേഷമാണ്, കമ്പനി 2020-21 സാമ്പത്തിക വർഷത്തേക്കുള്ള നിർബന്ധിത സാമ്പത്തിക സ്റ്റേറ്റ്മെൻറും വാർഷിക റിട്ടേണുകളും സമർപ്പിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 2,428 കോടി രൂപ വരുമാനം നേടിയതായും 4,588 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2019-20 വർഷത്തേക്കാൾ 15 മടങ്ങ് കൂടുതലാണ് നഷ്ടം. 2019-20 ൽ, കമ്പനിക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഡിജിറ്റൽ വിപ്ലവത്തിന്റെ ഉൽപ്പന്നം

ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് 2011-ൽ സ്ഥാപിച്ചതാണ് ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 115 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുണ്ട്. ഡിജിറ്റലൈസേഷന്റെ യുഗത്തിൽ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി വിദ്യാഭ്യാസ മേഖലയിൽ ചുവടിറപ്പിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തോട് ചേർന്ന് നിന്ന്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനി ആഗോള സാന്നിധ്യമായി.

10-20 മിനിറ്റ് ഡിജിറ്റൽ ആനിമേഷൻ വീഡിയോകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സാങ്കേതികത വിദ്യാർത്ഥികളുടെ പഠനാനുഭവത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കി. കമ്പനി ഇപ്പോൾ ബൈജൂസ് ഫ്യൂച്ചർ സ്കൂൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് കമ്പനിയുടെ അഭിപ്രായത്തിൽ, ‘ലോകമെമ്പാടുമുള്ള കുട്ടികളെ പഠനവുമായി പ്രണയത്തിലാകാൻ പ്രേരിപ്പിക്കും.’

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയ ഈ വിജയം കമ്പനിക്ക് ഒരു വലിയ ഫണ്ടിംഗ് ലഭ്യമാക്കി. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഏകദേശം 250 മില്യൺ ഡോളർ നിക്ഷേപിക്കാൻ സുമേരു വെഞ്ചേഴ്‌സ് സന്നദ്ധത അറിയിച്ചിരുന്നു. ഓഗസ്റ്റിൽ ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതേ വരെ അതിൻറെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.

അതേസമയം, കമ്പനിയുടെ 800 മില്യൺ ഡോളർ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി സ്ഥാപകൻ ബൈജു രവീന്ദ്രൻ 400 മില്യൺ ഡോളറിന്റെ വ്യക്തിഗത നിക്ഷേപം പൂർത്തിയാക്കിയതായി ബൈജൂസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്, അവരുടെ ചില കുടുംബാംഗങ്ങൾ, ഉയർന്ന മാനേജ്‌മെന്റ്, ജീവനക്കാർ എന്നിവരടങ്ങുന്ന സ്ഥാപക ഗ്രൂപ്പിന് സ്ഥാപനത്തിൽ 25 ശതമാനത്തിലധികം പങ്കാളിത്തമുണ്ട്. തന്റെ ഓഹരി വർധിപ്പിക്കുന്നതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 400 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈൻ രവീന്ദ്രൻ നേടിയിട്ടുണ്ട്.

പ്രാരംഭ ടൈംലൈനുകൾ മാറ്റിവച്ചതിന് ശേഷം ബൈജൂസ് അടുത്തിടെ ആകാശ് ഡീൽ പേയ്‌മെന്റ് ക്ലിയർ ചെയ്തു. ഇപ്പോൾ കമ്പനിയുടെ മൂല്യം ഏകദേശം 22 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.

സമ്പൂർണ്ണ ലോക്ക്ഡൗണും ഓൺലൈൻ വിദ്യാഭ്യാസ പദ്ധതികളുടെ വളർച്ചയും, വിദ്യാഭ്യാസ വിപണി വെർച്വൽ മോഡിലേക്ക് മാറിയേക്കാമെന്ന ആശയത്തിന് പ്രാമുഖ്യം നൽകി. ബൈജൂസ് അവരുടെ ബിസിനസ്സ് കെട്ടിപ്പടുത്തത്, ഈ ആശയത്തിൻമേലാണ്. എന്നാൽ ലോക്ഡൌൺ അവസാനിക്കുകയും വിദ്യാലയങ്ങൾ വീണ്ടും തുറക്കുകയും ചെയ്തതോടെ ബൈജൂസിന് തിരിച്ചടിയുണ്ടായി.

ബിസിനസ്സ് ഓഫ്‌ലൈൻ മോഡിലേക്ക് മാറിയത് ബൈജൂസിൻറെ വരുമാന സ്രോതസ്സുകളെ പരിമിതപ്പെടുത്തി. മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും വെർച്വൽ മോഡിലേക്ക് മാറ്റുമെന്ന ബൈജൂസിൻറെ പ്രതീക്ഷയ്ക്ക് അത് വിരാമമിട്ടു. മറ്റ് സ്റ്റാർട്ടപ്പുകളെ തുടരെ തുടരെ ഏറ്റെടുത്തത് കമ്പനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കാൻ തുടങ്ങി.

ജീവനക്കാരെ പിരിച്ചുവിടൽ

ഈ വര്ഷം ആദ്യം ബിസിനസ് കുറഞ്ഞത് കണക്കിലെടുത്ത്, ബൈജൂസും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു. ബൈജൂസിന്റെ അനുബന്ധ സ്ഥാപനങ്ങളായ ടോപ്പർ ആൻറ് വൈറ്റ് ഹാറ്റ് ജൂനിയർ കുറഞ്ഞത് 600 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈറ്റ്ഹാറ്റ് ജൂനിയറിന്റെ 800 മുഴുവൻ സമയ ജീവനക്കാർ ഈ വർഷം മെയിൽ രാജിവച്ചതായും റിപ്പോർട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എഡ്യുടെക് കമ്പനിയാകാനുള്ള ആഗ്രഹത്തിൽ, ബൈജൂസ്, കോവിഡിന് ശേഷമുള്ള സമയങ്ങളിൽ ഡസൻ കണക്കിന് കമ്പനികളെ ഏറ്റെടുത്തു. അവയെല്ലാം നഷ്ടത്തിൽ കലാശിക്കുകയും അവിടങ്ങളിലെ ജീവനക്കാരെ നിലനിർത്താൻ പാടുപെടുകയും ചെയ്യേണ്ടി വന്നു.

ഏറ്റെടുക്കലുകളും വളർച്ചയും

ആദ്യകാല വിപണിയിലെ വിജയവും വൻതോതിലുള്ള പണമൊഴുക്കും നിരവധി വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കാൻ കമ്പനിയെ സഹായിച്ചു. ബൈജൂസ് ഏറ്റെടുത്ത പ്രധാനപ്പെട്ട കമ്പനികളും ഏറ്റെടുത്ത വർഷവും:

● വിദ്യാർത്ഥി: പഠന മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ഡാറ്റാധിഷ്ഠിത പ്ലാറ്റ്‌ഫോം. (2017 ജനുവരി).

● യുകെ ആസ്ഥാനമായുള്ള പിയേഴ്സണിൽ നിന്നുള്ള ട്യൂട്ടോർവിസ്റ്റയും എഡ്യൂറൈറ്റും. (ജൂലൈ 2017).

● ഗണിത പഠന പ്ലാറ്റ്ഫോം മാത്ത് അഡ്വഞ്ചേഴ്സ്. (ജൂലൈ 2018)

● യുഎസ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ ഗെയിമിംഗ് കമ്പനിയായ ഓസ്മോ ($120 മില്യൺ). (ജനുവരി 2019)

● വൈറ്റ്ഹാറ്റ് ജൂനിയർ, കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്ന പ്ലാറ്റ് ഫോംൾ( $300 മില്യൺ). (ഓഗസ്റ്റ് 2020).

● വെർച്വൽ സിമുലേഷൻ സ്റ്റാർട്ടപ്പ് ലാബൻ ആപ്പ്. (സെപ്റ്റംബർ 2020).

● സംശയ നിവാരണ പ്ലാറ്റ്ഫോം സ്കോളർ.( 2021 ഫെബ്രുവരി).

● ട്യൂട്ടറിംഗ് സ്ഥാപനമായ ഹാഷ്ലേൺ. (2021 മെയ്)

● 1 ബില്യൺ ഡോളറിന് ആകാശ് വിദ്യാഭ്യാസ സേവനങ്ങൾ. (ഏപ്രിൽ 2021)

● 500 മില്യൺ ഡോളറിന് യുഎസ് അധിഷ്ഠിത ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്‌ഫോം എപ്പിക്. (ജൂലൈ 2021)

● ഓഗ്‌മെന്റഡ് റിയാലിറ്റി ഉൽപ്പന്നങ്ങളിൽ പ്രവർത്തിക്കുന്ന വോഡാറ്റ് കമ്പ്യൂട്ടർ വിഷൻ സ്റ്റാർട്ടപ്പ് (2021 ഓഗസ്‌റ്റ്)

● ഗ്രേഡ്അപ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പരീക്ഷാ തയ്യാറെടുപ്പ് പ്ലാറ്റ്‌ഫോമുകളിലൊന്ന്. (സെപ്തംബർ 2021)

● ടൈൻകർ. യുഎസ് ആസ്ഥാനമായുള്ള മുൻനിര K-12 ക്രിയേറ്റീവ് കോഡിംഗ് പ്ലാറ്റ്‌ഫോം

● ഓസ്ട്രിയ ആസ്ഥാനമായ ജിയോജിബ്ര (2021 ഡിസംബർ)

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!