image

30 Oct 2022 8:30 PM GMT

Stock Market Updates

ഇന്ന് ഓഹരി കേന്ദ്രീകൃത വ്യാപാരം പ്രതീക്ഷിക്കാം

Mohan Kakanadan

ഇന്ന് ഓഹരി കേന്ദ്രീകൃത വ്യാപാരം പ്രതീക്ഷിക്കാം
X

Summary

കൊച്ചി: ആഗോള വിപണിയാകെ സങ്കീർണതകളിൽ ചൂഴ്ന്നു നിൽക്കുമ്പോഴും ത്രൈമാസ ഫലങ്ങളുടെ സീസൺ ആഭ്യന്തര വിപണിക്ക് ഇതുവരെ ആശ്വാസകരമായിരുന്നു. രണ്ടാം പാദ വരുമാനത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള ഇപ്പോഴുള്ള പോക്ക് ഓഹരി കേന്ദ്രീകൃത വ്യാപാരത്തിലേക്ക് തുടർന്നും വിപണിയെ നയിക്കും. സിങ്കപ്പൂർ എസ് ജി എക്സ് രാവിലെ കുതിച്ചു കയറുന്നതും ഇന്ത്യൻ വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. നവംബർ 3-നു കൂടുന്ന ആർബിഐ റേറ്റ് സെറ്റിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗവും നവംബർ 2-3 തീയതികളിൽ നടക്കുന്ന യുഎസ് ഫെഡ് മീറ്റിംഗുമായിരിക്കും ഈ ആഴ്ചയിൽ […]


കൊച്ചി: ആഗോള വിപണിയാകെ സങ്കീർണതകളിൽ ചൂഴ്ന്നു നിൽക്കുമ്പോഴും ത്രൈമാസ ഫലങ്ങളുടെ സീസൺ ആഭ്യന്തര വിപണിക്ക് ഇതുവരെ ആശ്വാസകരമായിരുന്നു. രണ്ടാം പാദ വരുമാനത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള ഇപ്പോഴുള്ള പോക്ക് ഓഹരി കേന്ദ്രീകൃത
വ്യാപാരത്തിലേക്ക് തുടർന്നും വിപണിയെ നയിക്കും. സിങ്കപ്പൂർ എസ് ജി എക്സ് രാവിലെ കുതിച്ചു കയറുന്നതും ഇന്ത്യൻ വിപണിക്ക് ആശ്വാസം പകരുന്നുണ്ട്.

നവംബർ 3-നു കൂടുന്ന ആർബിഐ റേറ്റ് സെറ്റിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗവും നവംബർ 2-3 തീയതികളിൽ നടക്കുന്ന യുഎസ് ഫെഡ് മീറ്റിംഗുമായിരിക്കും ഈ ആഴ്ചയിൽ വിപണിയുടെ ട്രെൻഡ് നിർണ്ണയിക്കുന്ന മറ്റു പ്രധാന സംഭവങ്ങൾ. കൂടാതെ, ഈ ആഴ്ചയിൽ പ്രഖ്യാപിക്കുന്ന വാഹന വിൽപ്പന നമ്പറുകളും മാക്രോ ഇക്കണോമിക് ഡാറ്റയും ഓഹരി വിപണിയെ സ്വാധീനിക്കും.

കഴിഞ്ഞ സെഷനിൽ സെൻസെക്സ് 203.01 പോയിന്റ് അഥവാ 0.34 ശതമാനം വർധിച്ച് 59,959.85 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 49.85 പോയിന്റ് അഥവാ 0.28 ശതമാനം നേട്ടത്തിൽ 17,786.80 ലും ക്ലോസ് ചെയ്തു.

പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ചും വില വരുതിയിലാക്കാൻ സെൻട്രൽ ബാങ്ക് സ്വീകരിക്കുന്ന പരിഹാര നടപടികളെക്കുറിച്ചും ഗവർണർ ശക്തി കാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കും. വ്യവസായ മേഖലയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ചൊവ്വാഴ്ച പ്രഖ്യാപിക്കും, അതേസമയം സേവന മേഖലയുടെ കണക്കുകൾ വ്യാഴാഴ്ച പുറത്തു വരും.

ശക്തമായ ആഭ്യന്തര വരുമാനം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി മാറുന്നത്, അനുകൂലമായ ആഭ്യന്തര സൂചനകൾ എന്നിവ നിഫ്റ്റിയെ അടുത്ത കുറച്ച് ദിവസങ്ങളിൽ 18,000/18,200 ലെവലിലെത്തിക്കുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റീട്ടെയിൽ റിസർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.

സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി രാവിലെ 7.15-നു 178.50 പോയിന്റ് ഉയർന്നു 18,013.00 ൽ വ്യാപാരം നടക്കുന്നു. ടോക്കിയോ നിക്കെ (338.61), തായ്‌വാൻ (58.25) എന്നിവയും ലാഭത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ സിയോള്‍, ഷാങ്ഹായ് (-0.05), ഹാങ്‌സെങ് (-564.88), ജക്കാർത്ത കോമ്പസിറ്റ് (-35.72) തുടങ്ങിയ ഏഷ്യന്‍ വിപണികൾ നഷ്ടത്തിലാണ്.

ബെർക് ഷെയർ ഹാത്ത്വെ, പാനസോണിക്, എന്നീ വമ്പൻ കമ്പനികളാണ് ഇന്ന് ഫലപ്രഖ്യാപനങ്ങൾ നടത്തുന്നത്.

വെള്ളിയാഴ്ച അമേരിക്കന്‍ വിപണികള്‍ കുതിച്ചു കയറി. നസ്‌ഡേക് കോമ്പസിറ്റും (+309.77) എസ് ആൻഡ് പി 500 (+93.76) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+828.52) ഉയർന്നു. ലണ്ടൻ ഫുട്‍സീ 100 (-26.02) പോയിന്റ് താഴ്ന്നാണ് അവസാനിച്ചത്. എന്നാൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (32.10) പാരീസ് യുറോനെക്സ്റ്റ് (29.02) എന്നീ യൂറോപ്യൻ സൂചികകൾ വർധിച്ചു.

എൻ എസ്‌ ഇ ഫയലിംഗ് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച -613.37 കോടി രൂപയ്ക്കു അറ്റ വില്പന നടത്തിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,568.75 കോടി രൂപയ്ക്ക് അധികം വാങ്ങി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,675 രൂപ.

യുഎസ് ഡോളർ = 82.47 രൂപ.

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 95.92 ഡോളർ

ബിറ്റ് കോയിൻ = 17,71,797 രൂപ.

ഇന്ന് ടാറ്റ സ്റ്റീൽ, ലാർസൺ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, ഇക്വിറ്റസ് ബാങ്ക്, കാസ്ട്രോൾ എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.