1 Nov 2022 1:54 AM IST
Summary
കൊച്ചി: ശക്തമായ ആഭ്യന്തര കമ്പനി ഫലങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി മാറുന്നതും നിഫ്റ്റിയെ ഇപ്പോഴത്തെ ഉയരങ്ങളിൽ പിടിച്ചു നിർത്താൻ സാധ്യതയുണ്ട്. കൂടാതെ സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു 111.50 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നത് ബുള്ളുകൾക്കു ആവേശം പകരുന്നു. ഇന്നലെ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട എട്ട് പ്രധാന വ്യവസായങ്ങളുടെ സംയുക്ത വ്യാവസായിക ഉൽപ്പാദന സൂചിക (ICI) സെപ്തംബറിൽ 7.9 ശതമാനം വർധിച്ചതായുള്ള കണക്കുകളും ഓഹരിക്കമ്പോളത്തിനു നല്ല വാർത്തയാണ്. കൂടാതെ പാർടിസിപ്പേറ്ററി […]
കൊച്ചി: ശക്തമായ ആഭ്യന്തര കമ്പനി ഫലങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി മാറുന്നതും നിഫ്റ്റിയെ ഇപ്പോഴത്തെ ഉയരങ്ങളിൽ പിടിച്ചു നിർത്താൻ സാധ്യതയുണ്ട്. കൂടാതെ സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.30-നു 111.50 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നത് ബുള്ളുകൾക്കു ആവേശം പകരുന്നു. ഇന്നലെ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട എട്ട് പ്രധാന വ്യവസായങ്ങളുടെ സംയുക്ത വ്യാവസായിക ഉൽപ്പാദന സൂചിക (ICI) സെപ്തംബറിൽ 7.9 ശതമാനം വർധിച്ചതായുള്ള കണക്കുകളും ഓഹരിക്കമ്പോളത്തിനു നല്ല വാർത്തയാണ്. കൂടാതെ പാർടിസിപ്പേറ്ററി നോട്ടുകൾ വഴിയുള്ള ഇന്ത്യൻ വിപണിയിലെ നിക്ഷേപം ഓഗസ്റ്റിലെ 84,810 കോടി രൂപയെ അപേക്ഷിച്ച് സെപ്റ്റംബറിൽ 87,813 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 6.20 ലക്ഷം കോടി രൂപയായി ഉയർന്നതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മുഴുവൻ വർഷ ലക്ഷ്യത്തിന്റെ 37.3 ശതമാനമാണ്.
നാളെയും മറ്റെന്നാളുമായി നടക്കുന്ന യുഎസ് ഫെഡ് മീറ്റിങ്ങും നവംബർ 3-നു കൂടുന്ന ആർബിഐ റേറ്റ് സെറ്റിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗവുമാണ് ഈ ആഴ്ച വിപണിയുടെ ട്രെൻഡ് നിർണ്ണയിക്കുന്ന മറ്റു പ്രധാന ഘടകങ്ങൾ. പണപ്പെരുപ്പത്തെ എങ്ങനെ മെരുക്കാം എന്നതായിരിക്കും സെൻട്രൽ ബാങ്ക് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കൂടാതെ, ഈ ആഴ്ചയിൽ പ്രഖ്യാപിക്കുന്ന വാഹന വിൽപ്പന നമ്പറുകളും മാക്രോ ഇക്കണോമിക് ഡാറ്റയും ഓഹരി വിപണിയെ സ്വാധീനിക്കും. ഇന്ന് വ്യവസായ മേഖലയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) പുറത്തു വരാനുണ്ട്.
ഇന്നലെ സെൻസെക്സ് 786.74 പോയിന്റ് നേട്ടത്തിൽ 60,746.59 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 225.40 പോയിന്റ് നേട്ടത്തിൽ 18,012.20 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 316 പോയിന്റ് ഉയർന്നു 41,306.85 -ൽ എത്തിച്ചേർന്നു. ഇത് വിപണിക്ക് ഒരു ഉണർവ് നൽകുന്നുണ്ട്.
ബാങ്ക് നിഫ്റ്റി അണ്ടർ ടോൺ ബുള്ളിഷ് ആയി തുടരുന്നു, ഒരിക്കൽ അത് 41,500 ന് മുകളിൽ എത്തിയാൽ 42,000 ലെവിലേക്ക് ആക്കം കൂടുമെന്ന് എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറയുന്നു.
ഡോ റെഡ്ഢിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധിച്ച് 1,113 കോടി രൂപയായി. എങ്കിലും ഓഹരികൾ ഇന്നലത്തെ വ്യാപാരത്തിൽ 0.59 ശതമാനം ഇടിഞ്ഞു.
വർധിച്ച ചെലവുകൾ മൂലം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ടാറ്റ സ്റ്റീൽ ഏകീകൃത അറ്റാദായം 90 ശതമാനം ഇടിഞ്ഞു 1,297 കോടി രൂപയായി.
രണ്ടാം പാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ നികുതിയാനന്തര അറ്റാദായം 26 ശതമാനം വർധിച്ച് 2,819.20 കോടി രൂപയായി.
ഇക്വിറ്റാസ് ബാങ്കിന്റെ അറ്റാദായം സെപ്തംബർ പാദത്തിൽ 116 കോടി രൂപയായി; മുൻ വർഷം ഇതേ കാലയളവിൽ ഇത് 41 കോടി രൂപയായിരുന്നു.
ബെയിൻ ക്യാപിറ്റൽ ഇന്ന് ഒരു ബ്ലോക്ക് ഡീലിലൂടെ ആക്‌സിസ് ബാങ്കിലെ 1.24 ശതമാനം ഓഹരികൾ ഓഫ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യന്‍ വിപണികളായ ടോക്കിയോ നിക്കെ (20.80), കോസ്‌പി (25.47), ഹാങ്‌സെങ് (172 .90), ജക്കാർത്ത കോമ്പസിറ്റ് (42.85) എന്നിവ ലാഭത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഷാങ്ഹായ് (-0.01), തായ്‌വാൻ (-14.00) തുടങ്ങിയവ നേരിയ നഷ്ടത്തിലാണ്.
തിങ്കളാഴ്ച അമേരിക്കന്‍ വിപണികള്‍ വീണ്ടും താഴ്ചയിലേക്ക് നീങ്ങി. നാളെ ആരംഭിക്കുന്ന ഫെഡ് മീറ്റിങ്ങിലാണ് എല്ലാവരും കണ്ണുംനട്ടിരിക്കുന്നത്. നസ്‌ഡേക് കോമ്പസിറ്റും (-114.31) എസ് ആൻഡ് പി 500 (-29.08) ഉം ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (-128.85) ഇടിഞ്ഞു. സൗദി അരാംകോ, എലി ലില്ലി, ഫൈസർ, ടൊയോട്ട, ബ്രിട്ടീഷ് പെട്രോളിയം, എ എം ഡി, സോണി, യുബർ, റോയിട്ടേഴ്‌സ്, മിത്സുബിഷി എന്നീ വമ്പൻ കമ്പനികളാണ് ഇന്ന് യുഎസിൽ ഫലപ്രഖ്യാപനങ്ങൾ നടത്തുന്നത്.
യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (46.86) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (10.41) നേട്ടത്തിലാണ് അവസാനിച്ചത്. എന്നാൽ പാരീസ് യുറോനെക്സ്റ്റ് (29.02) താഴ്ചയിലേക്ക് പോയി..
എൻ എസ് ഇ ഫയലിംഗ് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ തിങ്കളാഴ്ച 1,107.10 കോടി രൂപയ്ക്കു അറ്റ വില്പന നടത്തിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 4,178.61 കോടി രൂപയ്ക്ക് അധികം വാങ്ങി.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,660 രൂപ.
യുഎസ് ഡോളർ = 82.78 രൂപ.
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 92.77 ഡോളർ
ബിറ്റ് കോയിൻ = 17,70,053 രൂപ.
ഇന്ന് അദാനി പോർട്സ്, ചമ്പൽ ഫെർട്ടിലൈസേഴ്‌സ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ജെകെ ടയർ, എൽഐസി ഹൗസിംഗ് ഫിനാൻസ്, നൈക്ക, പിഎൻബി, സൺ ഫാർമ, ടെക് മഹീന്ദ്ര, തമിഴ്‌നാട് പെട്രോ, യു പി എൽ, വോൾട്ടാസ് എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
