ഇന്ത്യന്‍, അല്ലെങ്കില്‍ അമേരിക്കയ്ക്കു പുറത്തുള്ള, കമ്പനികളുടെ ഓഹരികളെപ്രതിനിധാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളാണ്...
ഇന്ത്യന്‍, അല്ലെങ്കില്‍ അമേരിക്കയ്ക്കു പുറത്തുള്ള, കമ്പനികളുടെ ഓഹരികളെ
പ്രതിനിധാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളാണ് അമേരിക്കന്‍ ഡിപ്പോസിറ്ററി
റെസീപ്റ്റസ് (American depository receipts). അമേരിക്കന്‍ ഡോളറിലാണ് ഇത് പുറത്തിറക്കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാതെ തന്നെ വ്യാപാരം നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്.
ഇതിനായി ഒരു അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനെ കമ്പനിയുടെ ഓഹരികള്‍ ഏല്‍പ്പിക്കുന്നു. ബാങ്ക് അവയെ എ ഡി ആറുകളാക്കി മാറ്റി അമേരിക്കന്‍ വിപണിയില്‍ വില്‍ക്കുന്നു. ഒരു എ ഡി ആര്‍ ഒന്നോ അതിലധികമോ ഓഹരികള്‍ ചേര്‍ന്നതാവാം. യു എസ് 'സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ'(SEC) ന്റെ എല്ലാ നിബന്ധനകള്‍ക്കും വിധേയമായാണ് എ ഡി ആര്‍ പുറത്തിറക്കുന്നത്. ഗ്ലോബല്‍ ഡിപ്പോസിറ്ററി റെസീപ്റ്റ്‌സ് (GDR) നെ എ ഡി ആര്‍ ആയി മാറ്റാന്‍ സാധിക്കും.
കമ്പനികള്‍ക്ക് ആഗോള വിപണികളില്‍ സാന്നിധ്യമറിയിക്കാന്‍ ഇതിലൂടെ കഴിയും. സ്വരൂപിക്കുന്ന പണം വിദേശത്തെയോ ഇന്ത്യയിലെയോ അക്കൗണ്ടുകളില്‍ സൂക്ഷിക്കാം. ഓരോ രാജ്യത്തെയും മുന്‍നിര കമ്പനികള്‍ക്കാണ് എ ഡി ആര്‍ പുറത്തിറക്കാന്‍ സാധിക്കുക. ഇതിനായി കമ്പനി ഭരണം സംബന്ധിച്ചും, അതിന്റെ ധനസ്ഥിതി സംബന്ധിച്ചും സുതാര്യമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം. വിദേശ നിക്ഷേപകരുടെ പൂര്‍ണ്ണ വിശ്വാസം ആര്‍ജിക്കത്തക്ക വിധത്തിലുള്ള സുതാര്യമായ ഭരണ ചരിത്രമായിരിക്കണം
കമ്പനികള്‍ക്കുണ്ടാവേണ്ടത്.
അതായത്, വിദേശത്തോ ഇന്ത്യയിലോ നിയമനടപടികളോ, വിലക്കുകളോ നേരിടുന്ന കമ്പനികളാവരുത്. നിക്ഷേപകരുടെ പരിശോധനയ്ക്കായി മുന്‍വര്‍ഷങ്ങളിലെ വാര്‍ഷിക കണക്കുകള്‍ യു എസ്/ യൂറോപ്പ് നിലവാരത്തില്‍ തയ്യാറാക്കണം. വിദേശ വിപണികളിലെ സാന്നിധ്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒരുപാട് അവസരങ്ങള്‍ തുറന്നുകൊടുക്കുന്നുണ്ട്. സമാനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം (collaboration), വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാനുള്ള സാഹചര്യം (mergers & acquisitions) എന്നിവ ഇതിലൂടെ ഉണ്ടാകുന്നു.
American depository receipts