image

7 Jan 2022 6:38 AM IST

Learn & Earn

എന്താണ് ബിഗ് ഡാറ്റ അനാലിസിസ്?

MyFin Desk

എന്താണ് ബിഗ് ഡാറ്റ അനാലിസിസ്?
X

Summary

നമുക്കു ചുറ്റും വലിയൊരു വിപണിയാണുള്ളത്. പല തരം ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകാറുണ്ട്. എങ്ങനെയാണ് പരസ്പരം മത്സരിക്കുന്ന വിപണിയിൽ നിലവിലെ പ്രവണതകൾ, ഉപഭോക്തൃ മുൻഗണനകൾ, മറഞ്ഞിരിക്കുന്ന പാറ്റേണുകൾ, എന്നിവയൊക്കെ മനസ്സിലാക്കുന്നത്? നിലവിലെ വിപണിയെക്കുറിച്ചു പഠിക്കാനും മനസിലാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ചെറിയ സ്റ്റാർട്ടപ്പുകൾ തൊട്ട്  വലിയ കോർപ്പറേറ്റുകൾ വരെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ്  ബിഗ് ഡാറ്റ അനാലിസിസ്. സാങ്കേതികവിദ്യയുപയോഗിച്ച്  ഡാറ്റാകൾ വിശകലനം ചെയ്യുന്നതിനും പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള ഒരു മാർഗമുണ്ടാക്കുകയാണ് ഡാറ്റാ അനാലിസിസ് കൊണ്ടുദ്ദേശിക്കുന്നത്. പ്രവർത്തനങ്ങളെയും പ്രകടനത്തെയും […]


നമുക്കു ചുറ്റും വലിയൊരു വിപണിയാണുള്ളത്. പല തരം ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകാറുണ്ട്. എങ്ങനെയാണ് പരസ്പരം മത്സരിക്കുന്ന വിപണിയിൽ...

നമുക്കു ചുറ്റും വലിയൊരു വിപണിയാണുള്ളത്. പല തരം ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകാറുണ്ട്. എങ്ങനെയാണ് പരസ്പരം മത്സരിക്കുന്ന വിപണിയിൽ നിലവിലെ പ്രവണതകൾ, ഉപഭോക്തൃ മുൻഗണനകൾ, മറഞ്ഞിരിക്കുന്ന പാറ്റേണുകൾ, എന്നിവയൊക്കെ മനസ്സിലാക്കുന്നത്? നിലവിലെ വിപണിയെക്കുറിച്ചു പഠിക്കാനും മനസിലാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ചെറിയ സ്റ്റാർട്ടപ്പുകൾ തൊട്ട് വലിയ കോർപ്പറേറ്റുകൾ വരെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ബിഗ് ഡാറ്റ അനാലിസിസ്.

സാങ്കേതികവിദ്യയുപയോഗിച്ച് ഡാറ്റാകൾ വിശകലനം ചെയ്യുന്നതിനും പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള ഒരു മാർഗമുണ്ടാക്കുകയാണ് ഡാറ്റാ അനാലിസിസ് കൊണ്ടുദ്ദേശിക്കുന്നത്. പ്രവർത്തനങ്ങളെയും പ്രകടനത്തെയും കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബിസിനസ്സ് ഇന്റലിജൻസ് (BI) ക്വറീസ് ആണ് ഉപയോഗപ്പെടുത്തുന്നത്.

ബിസിനസ്സുമായി ബന്ധപ്പെട്ട ഫലങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്ന ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിന് ഇന്ന് ഓർഗനൈസേഷനുകൾ ബിഗ് ഡാറ്റാ അനാലിസിസ് സിസ്റ്റങ്ങളും സോഫ്റ്റ്വെയറും ആണ് ഉപയോഗിക്കുന്നത്. ഫലപ്രദമായ മാർക്കറ്റിംഗ്, പുതിയ വരുമാന അവസരങ്ങൾ, ഉപഭോക്താക്കൾക്ക് വ്യക്തിഗതമായ സേവനങ്ങൾ, മെച്ചപ്പെട്ട പ്രവർത്തനക്ഷമത കൈവരിക്കുക എന്നിവയൊക്കെയാണ് ഇതു കൊണ്ടുള്ള പ്രയോജനങ്ങൾ. ഫലപ്രദമായി വിലയിരുത്തിയാൽ വിപണിയിൽ എതിരാളികളെക്കാൾ നേട്ടങ്ങൾ കൈവരിക്കാൻ ബിഗ് ഡാറ്റ അനാലിസിസ് കൊണ്ട് കഴിയുന്നു.

എങ്ങനെയാണിത് പ്രാവർത്തികമാക്കുന്നത്?
ഡാറ്റാ അനലിസ്റ്റുകൾ, ഡാറ്റാ സയന്റിസ്റ്റുകൾ, സ്റ്റാറ്റിസ്റ്റീഷ്യൻസ്, മറ്റ് അനലിറ്റിക്സ് പ്രൊഫഷണലുകൾ എന്നിവരൊക്കെയാണ് ഇത്തരം ഡാറ്റകൾ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നത്. ഇത്തരം വിശകലനത്തിനായി പ്രധാനമായും നാലു മാർഗങ്ങളാണ് ഇവർ സ്വീകരിക്കാറുള്ളത്.

* ആദ്യത്തെ സ്റ്റെപ്പ് ഡാറ്റ ശേഖരിക്കുകയാണ്. പ്രൊഫഷണലുകൾ വ്യത്യസ്ത മാർഗങ്ങളിൽ നിന്നായി ഡാറ്റ ശേഖരിക്കുന്നു.
ഇന്റർനെറ്റ് ക്ലിക്ക്സ്ട്രീം ഡാറ്റ, വെബ് സെർവർ ലോഗുകൾ, ക്ലൗഡ് ആപ്ലിക്കേഷനുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ ഉള്ളടക്കം, ഉപഭോക്തൃ ഇമെയിലുകളിൽ നിന്നും സർവേ പ്രതികരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ, മൊബൈൽ ഫോൺ രേഖകൾ ഒപ്പം
ഇന്റർനെറ്റ് ഓഫ് തിംഗ്സുമായി (IoT) ബന്ധിപ്പിച്ച് സെൻസറുകൾ ക്യാപ്‌ചർ ചെയ്യുന്ന മെഷീൻ ഡാറ്റ ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ നിന്നായി വിവരങ്ങൾ ലഭ്യമാക്കുന്നു.

* ശേഖരിച്ച ഡാറ്റ പ്രോസസ്സ് ചെയ്യുകയാണ് അടുത്തത്. ഒരു ഡാറ്റ വെയർഹൗസിലോ ഡാറ്റ പൂളിലോ ഡാറ്റ ശേഖരിച്ചതിനു ശേഷം ഡാറ്റ പ്രൊഫഷണലുകൾ ഈ ഡാറ്റകൾ വിശകലനത്തിനായി ശരിയായി കോൺഫിഗർ ചെയ്യുന്നു. സമഗ്രമായ ഡാറ്റ പ്രോസസ്സിങ് നടത്തുന്നു.

* ഗുണനിലവാരമുള്ള ഡാറ്റയാക്കി മാറ്റുകയാണ് പിന്നീടുള്ള രീതി. സ്ക്രിപ്റ്റിംഗ് ടൂളുകളോ എന്റർപ്രൈസ് സോഫ്‌റ്റ്‌വെയറോ ഉപയോഗിച്ച് ഡാറ്റ പ്രൊഫഷണലുകൾ ഡാറ്റ സ്‌ക്രബ് ചെയ്യുന്നു. ഡ്യൂപ്ലിക്കേഷനുകളോ ഫോർമാറ്റിങോ പിശകുകളോ പോലെ എന്തെങ്കിലും പൊരുത്തക്കേടുകൾ ഈ സ്റ്റേജിൽ തിരഞ്ഞു കണ്ടെത്തുന്നു. കൂടാതെ ഡാറ്റ ഓർഗനൈസുചെയ്യുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നത് ഈ സ്റ്റേജിലാണ്.

* ശേഖരിച്ചതും പ്രോസസ്സ് ചെയ്തതുമായ ഡാറ്റ അനലിറ്റിക്സ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. ഇതിനായി ഡാറ്റാ മൈനിംഗ് (പാറ്റേണുകളുണ്ടാക്കി ഡാറ്റാ സെറ്റുകളെ ഫിൽട്ടർ ചെയ്യുന്ന രീതി), മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റാ സെറ്റുകൾ വിശകലനം ചെയ്യാൻ അൽഗോരിതങ്ങൾ ടാപ്പുചെയ്യുക, ടെക്സ്റ്റ് മൈനിംഗ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് സോഫ്റ്റ്വെയർ, കൃത്രിമ ബുദ്ധി (AI)
മുഖ്യധാരാ ബിസിനസ്സ് ഇന്റലിജൻസ് സോഫ്റ്റ്വെയർ, ഡാറ്റ വിഷ്വലൈസേഷൻ ടൂളുകൾ എന്നിവയൊക്കെ ഉപയോഗപ്പെടുത്തുന്നു.

ബിഗ് ഡാറ്റ അനാലിസിസ് സാങ്കേതിക വിദ്യയിലെ വലിയൊരു മുന്നേറ്റമാണ്. ഇതിന്റെ സാധ്യതകളാകട്ടെ അനന്തവും. ഇന്ന് നിരവധി മേഖലകളിൽ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.