image

8 Jan 2022 3:05 AM GMT

Banking

എത്ര വായ്പയുണ്ട് നിങ്ങള്‍ക്ക്?, പലിശ കൂടുതലുള്ള ചെറുവായ്പകള്‍ ഒഴിവാക്കാം

MyFin Desk

എത്ര വായ്പയുണ്ട് നിങ്ങള്‍ക്ക്?, പലിശ കൂടുതലുള്ള ചെറുവായ്പകള്‍ ഒഴിവാക്കാം
X

Summary

  ഒരോ ആവശ്യങ്ങള്‍ക്കനുസരിച്ചും വായ്പകള്‍ എടുക്കുന്നത് ഒരു നല്ല സാമ്പത്തിക പ്രവര്‍ത്തനമല്ല. ആവശ്യങ്ങള്‍ അല്ലലില്ലാതെ നടക്കുമെങ്കിലും പിന്നീട് വലിയ പലിശ ബാധ്യതയിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരാളെ തള്ളി വിടും. ഇങ്ങനെ പലപ്പോഴായി ഉയര്‍ന്ന പലിശയ്‌ക്കെടുത്ത പല വായ്പകളും സംയോജിപ്പിച്ച് നിരക്ക് കുറഞ്ഞ ഒന്നോ രണ്ടോ വായ്പകളാക്കി മാറ്റിയാല്‍ ഇത് വലിയ സാമ്പത്തികാശ്വാസവും ഒപ്പം മനസമാധാനവും നല്‍കും. എങ്ങിനെയാണ് വായ്പകളെ ഇങ്ങനെ സംയോജിപ്പിക്കുന്നത്? ബാധ്യത കണക്കാക്കാം ആദ്യം നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ എത്രയെന്ന് കണക്കു കൂട്ടുക. അതിന് ശേഷം […]


ഒരോ ആവശ്യങ്ങള്‍ക്കനുസരിച്ചും വായ്പകള്‍ എടുക്കുന്നത് ഒരു നല്ല സാമ്പത്തിക പ്രവര്‍ത്തനമല്ല. ആവശ്യങ്ങള്‍ അല്ലലില്ലാതെ നടക്കുമെങ്കിലും പിന്നീട്...

 

ഒരോ ആവശ്യങ്ങള്‍ക്കനുസരിച്ചും വായ്പകള്‍ എടുക്കുന്നത് ഒരു നല്ല സാമ്പത്തിക പ്രവര്‍ത്തനമല്ല. ആവശ്യങ്ങള്‍ അല്ലലില്ലാതെ നടക്കുമെങ്കിലും പിന്നീട് വലിയ പലിശ ബാധ്യതയിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരാളെ തള്ളി വിടും. ഇങ്ങനെ പലപ്പോഴായി ഉയര്‍ന്ന പലിശയ്‌ക്കെടുത്ത പല വായ്പകളും സംയോജിപ്പിച്ച് നിരക്ക് കുറഞ്ഞ ഒന്നോ രണ്ടോ വായ്പകളാക്കി മാറ്റിയാല്‍ ഇത് വലിയ സാമ്പത്തികാശ്വാസവും ഒപ്പം മനസമാധാനവും നല്‍കും. എങ്ങിനെയാണ് വായ്പകളെ ഇങ്ങനെ സംയോജിപ്പിക്കുന്നത്?

ബാധ്യത കണക്കാക്കാം


ആദ്യം നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ എത്രയെന്ന് കണക്കു കൂട്ടുക. അതിന് ശേഷം ഒരോ വായ്പയുടെയും നിലവിലുള്ള അവസ്ഥ മനസിലാക്കുക. അടവ് മുടങ്ങി കിടക്കുന്നതും, എന്‍ പി എ വിഭാഗത്തിലേക്ക് മാറിയതും പ്രത്യേകം പരിഗണിക്കണം. കൂടാതെ പൊതു മേഖലാ ബാങ്കില്‍ നിന്ന് എടുത്തതും സ്വകാര്യ ബാങ്കുകള്‍, സൊസൈറ്റികള്‍, പണയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള ബാധ്യതയും തരം തിരിച്ച് മനസിലാക്കണം. വട്ടി പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതും പരിഗണിക്കണം. ഇനി വിവിധ സമയത്ത് എടുത്തിരിക്കുന്ന വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ ഇവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണം.

നിരക്കിലെ വ്യതിയാനം


കാരണം ഒരോ സ്ഥാപനങ്ങള്‍ക്കും വായ്പാ ചട്ടങ്ങളിലും പലിശ നിരക്കിലും വ്യത്യാസമുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് താരതമ്യേന കുറവാണ്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ കമ്പനികള്‍ , സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ വായ്പകളുടെ നിരക്കും തിരിച്ചടവ് ചട്ടങ്ങളും പലിശ കോംപൗണ്ട് ചെയ്യുന്ന രീതികളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

വായ്പകളെ തരം തിരിക്കാം


ഇവയെ തരംതിരിച്ച് അവയുടെ പലിശ നിരക്കിലെ എററക്കുറച്ചില്‍ മനസിലാക്കുക. കുടിശികയായ വായ്പകളുടെ തുകകള്‍ മനസിലാക്കുക. പണയ വായ്പകളുടെ നിരക്ക് 10 ശതമാനത്തിന് മുകളിലായിരിക്കും എന്‍ ബി എഫ് സി ഈടാക്കുക. അതുപോലെ വ്യക്തിഗത വായ്പകള്‍ 10-15 ശതമാനം നിരക്കിലും. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ കുടിശികയാണെങ്കില്‍ പലിശ 40 ശതമാനം വരെ വരും. വട്ടിപ്പലിശ വായ്പയാണെങ്കില്‍ 100 രൂപയ്ക്ക് മാസം ശരാശരി 5 രൂപ പലിശ വരും. നിലവില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഭവന വായ്പകള്‍ക്ക് നിലവില്‍ 6.5 ശതമാനമാണ് പല ബാങ്കുകളുടേയും ചുരുങ്ങിയ നിരക്ക്. ക്രെഡിറ്റ് സ്‌കോര്‍, സ്ഥിര വരുമാനം എന്ന ഘടകങ്ങള്‍ പരിഗണിച്ച് 7.5- 8 ശതമാനം വരെ ഇതാകാം.

ചെറിയ വായ്പകള്‍

ഉയര്‍ന്ന പലിശ നിരക്കില്‍ തുടരുന്ന ഇത്തരം ചെറിയ വായ്പകള്‍ അവസാനിപ്പിക്കുക എന്നുള്ളതാണ് അടുത്ത പടി. ഇതിനായി നിലവിലെ ഭവന വായ്പ ടോപ് അപ്പ് ചെയ്യാം. ഏഴു മുതല്‍ 7.5 ശതമാനം വരെ പലിശയില്‍ ഇത് ലഭിക്കും. ഇതുകൊണ്ട് ഉയര്‍ന്ന പലിശുയുള്ള ചെറുകിട വായ്പകള്‍ അടച്ച് തീര്‍ത്ത് ആശ്വാസം നേടാം. അല്ലെങ്കില്‍ 4 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണത്തിന്റെ ഈടില്‍ മൂന്ന് ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതുമല്ലെങ്കില്‍ സ്വര്‍ണമില്ലാതെ തന്നെ ഏക്കറിന് ഒരു ലക്ഷം രൂപ 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാണ്. ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ഇങ്ങനെ ലഭിക്കും. 7 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന സാധാരണ സ്വര്‍ണപണയ വായ്പകളും ചെറുവായ്പകളുടെ ബാധ്യത നിറവേറ്റാന്‍ ഉപയോഗിക്കാം.

മനസമാധാനം വലിയ കാര്യം

വായ്പകളുടെ എണ്ണം കുറയുന്നത് ആത്മവിശ്വാസം കൂട്ടും. വലിയ പലിശ നിരക്കുളള ചെറിയ വായ്പകള്‍ ഹ്രസ്വകാലത്തേക്കുളളവയാകും. ഇവയെ ദീര്‍ഘകാലത്തേക്കുള്ള ഒറ്റ വായ്പയാക്കി മാറ്റി പ്രതിഷ്ഠിക്കുമ്പോള്‍ പെട്ടന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാകും. പിന്നീട് സാമ്പത്തിക സ്ഥിതി ആശ്വാസനിലയിലേക്ക് എത്തുമ്പോള്‍ ആവശ്യമെങ്കില്‍ ഇവ അടച്ച് തീര്‍ക്കുകയുമാകാം.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍ ഇന്ന് വലിയ കാര്യമാണ്. വായ്പകള്‍ കുടിശികയാകുന്നതോടെ അത് ക്രെഡിറ്റ് സ്‌കോറില്‍ നിഴലിക്കുകയും പിന്നീട് അത്യാവശ്യത്തിന് വായ്പ ലഭ്യമല്ലാതാവുകയും ചെയ്യും. അതേസമയം ഇവയൊഴിവാക്കുന്നതോടെ ഒരോ വായ്പയുമായി ബന്ധിപ്പിച്ചിരിക്കുന്ന സിബില്‍ സ്‌കോര്‍ സ്വതന്ത്രമാകും. ദീര്‍ഘകാലത്തേക്ക് കുറഞ്ഞ ഇ എം ആയി ഇത്തരം ചെറുവായ്പകള്‍ പുനഃക്രമീകിരിക്കുമ്പോള്‍ തിരിച്ചടവ് ബാധ്യത കുറയും. ഇത് ജീവിതത്തില്‍ സമാധാനവും സന്തോഷവും തിരിച്ച് കൊണ്ടു വരും ഒപ്പം ക്രെഡിറ്റ് സ്‌കോര്‍ ഉയരുകയും ചെയ്യും.