image

8 Jan 2022 3:13 AM GMT

Learn & Earn

വായ്പ തിരിച്ചടച്ചാല്‍ മാത്രം പോരാ, അത് സ്‌കോറില്‍ നിഴലിക്കുന്നുവെന്ന് ഉറപ്പാക്കണം

wilson Varghese

വായ്പ തിരിച്ചടച്ചാല്‍ മാത്രം പോരാ, അത് സ്‌കോറില്‍ നിഴലിക്കുന്നുവെന്ന് ഉറപ്പാക്കണം
X

Summary

മുമ്പ് എടുത്ത ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ ബാധ്യതയുടെ പേരില്‍ ഇപ്പോഴും വായ്പകള്‍ മുടങ്ങുന്നവര്‍ നിരവധിയാണ്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും വായ്പ കുടിശികകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണമായി നല്‍കിയവരുമാണ്. എന്നാല്‍ അവരില്‍ കുറെ പേര്‍ക്കെങ്കിലും ഇപ്പോഴും പുതിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്നു. അതിന് കാരണമുണ്ട്. കുടിശികയായ വായ്പ അടച്ച് തീര്‍ത്തു എന്ന് തെളിയിക്കുന്നതിന് അവരുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ല. തെളിവുകള്‍ കാണിക്കാതെ ബാങ്കുകള്‍ ഇത് വിശ്വസിക്കുകയോ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി സിബില്‍ സ്‌കോറില്‍ മാറ്റം […]


മുമ്പ് എടുത്ത ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ ബാധ്യതയുടെ പേരില്‍ ഇപ്പോഴും വായ്പകള്‍ മുടങ്ങുന്നവര്‍ നിരവധിയാണ്. ഇതില്‍ നല്ലൊരു ശതമാനം...

മുമ്പ് എടുത്ത ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ ബാധ്യതയുടെ പേരില്‍ ഇപ്പോഴും വായ്പകള്‍ മുടങ്ങുന്നവര്‍ നിരവധിയാണ്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും വായ്പ കുടിശികകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണമായി നല്‍കിയവരുമാണ്. എന്നാല്‍ അവരില്‍ കുറെ പേര്‍ക്കെങ്കിലും ഇപ്പോഴും പുതിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്നു. അതിന് കാരണമുണ്ട്. കുടിശികയായ വായ്പ അടച്ച് തീര്‍ത്തു എന്ന് തെളിയിക്കുന്നതിന് അവരുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ല. തെളിവുകള്‍ കാണിക്കാതെ ബാങ്കുകള്‍ ഇത് വിശ്വസിക്കുകയോ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി സിബില്‍ സ്‌കോറില്‍ മാറ്റം വരുത്തുകയോ ഇല്ല.

തിരിച്ചടവ് രേഖപ്പെടുത്തണം

വായ്പയ്ക്കുള്ള പ്രഥമ പരിഗണന മികച്ച് ക്രെഡിറ്റ് സ്‌കോര്‍ തന്നെയാണ്. ഇം എം ഐ തിരിച്ചടവില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കുന്നതുകൊണ്ട് മാത്രം ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാവണമെന്നില്ല. തിരിച്ചടവിലെ കൃത്യത സംബന്ധിച്ച വിവരങ്ങള്‍ ക്രെഡിറ്റ് സ്‌കോറില്‍ നിഴലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം. തിരിച്ചടവ് കൃത്യമായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് ബാങ്കുകള്‍ കൈമാറിയില്ലെങ്കിലും സ്‌കോര്‍ താഴും. ഫലത്തില്‍ വായ്പകള്‍ ലഭിക്കാതിരിക്കുകയോ കൂടിയ പലിശ നിരക്ക് നല്‍കേണ്ടി വരികയോ ചെയ്യുന്നു. ബാങ്കിന് പറ്റുന്ന ഈ ചെറിയ വീഴ്ചയുടെ ഇരയാവുന്നത് പലപ്പോഴും ഇടപാടുകാരായിരിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വായ്പയ്ക്കായി സമീപിക്കുമ്പോഴായിരിക്കും താഴ്ന്ന സ്‌കോര്‍ ചൂണ്ടി കാണിച്ച് ബാങ്ക് വായ്പ നിരസിക്കുക.

സ്‌കോര്‍ പരിശോധിക്കണം

നിത്യജീവിതത്തില്‍ ഒന്നിലധികം വായ്പകള്‍ ഉള്ളവരാണ് നമ്മള്‍. ഭവന, വാഹന വായ്പകള്‍, വ്യക്തിഗത, സ്വര്‍ണ വായ്പകള്‍ ഇങ്ങനെ വായ്പകള്‍ നിരവധിയുണ്ടാകും. വാഹനം മാറ്റി വാങ്ങുന്നതിനും മറ്റും വായ്പാ തുടര്‍ച്ചയും ഉണ്ടാകും. ഇങ്ങനെ വിവിധ വായ്പകളുടെ അടവ് തീരുന്ന മുറയ്ക്ക് നിശ്ചയമായും സ്‌കോറില്‍ അത് വരവ് വച്ചു എന്നുറപ്പു വരുത്തണം.

ആറ് മാസം

അക്കൗണ്ട് ഉടമകള്‍ ആറ് മാസത്തിലൊരിക്കല്‍ സ്‌കോര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തിരക്ക് മൂലം ശ്രദ്ധയില്ലായ്മയാല്‍ ബാങ്ക് എതെങ്കിലും അടവ് വിവരങ്ങള്‍ ചേര്‍ക്കാതെ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി സ്‌കോര്‍ നില ഭദ്രമാക്കി എന്ന് അക്കൗണ്ടുടമ ഉറപ്പാക്കണം. വായ്പകള്‍ വര്‍ഷങ്ങള്‍ നീണ്ട പണമിടപാടുകള്‍ നടത്തേണ്ടി വരും. ഇവിടെ ബാങ്കുകളും അക്കൗണ്ടുടമകളും തമ്മില്‍ ആശയകുഴപ്പമുണ്ടാകുന്നതിനും അത് തര്‍ക്കങ്ങളിലേക്കും കേസുകളിലേക്കും നയിക്കാനും ഇടയാക്കും.

രേഖകള്‍ സൂക്ഷിക്കണം

ഇത്തരം സന്ദര്‍ഭങ്ങളില്‍ പണമടവ് മുടങ്ങിയേക്കാം അല്ലെങ്കില്‍ പ്രശ്നത്തില്‍ വ്യക്തത വരുന്നതു വരെ തര്‍ക്കത്തില്‍ പെട്ട തുകയുടെ കാര്യം അനിശ്ചിതത്വത്തിലായേക്കാം. ചിലപ്പോള്‍ ഇത് നിയമനടപടിയിലേക്ക് നീങ്ങും. അങ്ങനെ വന്നാല്‍ നിയമനടപടികള്‍ വര്‍ഷങ്ങളോളം നീണ്ടേക്കാം. ഇക്കാലമത്രയും ക്രെഡിറ്റ് സ്‌കോറില്‍ ഇത് പ്രതിഫലിക്കും. അതുകൊണ്ട് തര്‍ക്കത്തിലായ തുക ആദ്യം അടച്ച് പിന്നീട് കേസ് നടത്തി പണം തിരികെ വാങ്ങുന്നതാണ് യുക്തി എന്നാണ് വിദഗ്ധ മതം. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും രേഖകള്‍ വാങ്ങുകയും അത് കൃത്യമായി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പ്രത്യേകിച്ച് വായപ്കള്‍ അടവ് തീരുമ്പോള്‍ ലഭിക്കുന്ന രേഖകള്‍.