മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (Market Capitalization) ഒരു കമ്പനിയുടെ മൊത്തം വിപണി മൂല്യത്തെ (total market value) സൂചിപ്പിക്കുന്നു. ഇതിനെ 'മാർക്കറ്റ് കാപ്'...
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (Market Capitalization) ഒരു കമ്പനിയുടെ മൊത്തം വിപണി മൂല്യത്തെ (total market value) സൂചിപ്പിക്കുന്നു. ഇതിനെ 'മാർക്കറ്റ് കാപ്' എന്നും വിളിക്കുന്നു. ഒരു കമ്പനിയുടെ വിപണിയില്‍ ലഭ്യമായ മൊത്തം ഓഹരികളെ (outstanding shares) ഒരു ഓഹരിയുടെ വില കൊണ്ട് ഗുണിച്ചാണ് ഇത് കണക്കാക്കുന്നത്. മറ്റു മാനദണ്ഡങ്ങളെക്കാള്‍ (കമ്പനിയുടെ മൊത്തം ഉല്‍പ്പാദനം, വില്‍പ്പന, കയറ്റുമതി, ഇറക്കുമതി, മൊത്തം വരുമാനം എന്നിവയെക്കാള്‍) ഒരു കമ്പനിയുടെ വലുപ്പം നിര്‍ണയിക്കാന്‍ ഈ രീതി ഉപയോഗിക്കാറുണ്ട്.
കമ്പനിയുടെ വലുപ്പം നിക്ഷേപകരെ സംബന്ധിച്ച് വളരെ പ്രധാനമായ ഒരു മാനദണ്ഡമാണ്. കമ്പനികളെ ലാര്‍ജ്-ക്യാപ് (large-cap), മിഡ്-ക്യാപ് (mid-cap), സ്‌മോള്‍-ക്യാപ് (small-cap)
എന്നിങ്ങനെ അവയുടെ വിപണി മൂല്യത്തിനനുസരിച്ച് തരംതിരിക്കാം.
ലാര്‍ജ്-ക്യാപ് കമ്പനികള്‍ വലിയ കമ്പിനികളായിരിക്കും. വര്‍ഷങ്ങളായി ഓരോ മേഖലയിലും അവര്‍ മുന്‍നിരക്കാരായിരിക്കും. അവയുടെ ഓഹരികളില്‍ നിന്നും വലിയ ലാഭം ഉടനടി പ്രതീക്ഷിക്കാനാവില്ല. ദീര്‍ഘകാല നിക്ഷേപമായി അവയെ കണക്കാക്കാനാവും. മിഡ്-ക്യാപ് കമ്പിനികള്‍ ലാര്‍ജ്-ക്യാപിനും, സ്‌മോള്‍-ക്യാപിനും ഇടയില്‍ വരുന്ന വിപണി മൂല്യം ഉള്ളവയാണ്.
അവ നല്ല വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളായിരിക്കും, അവ വികസിച്ചു കൊണ്ടിരിക്കുന്ന കമ്പനികളാണ്. എന്നാല്‍ ലാര്‍ജ്-ക്യാപ് കമ്പിനികളെ അപേക്ഷിച്ച് ഇവയ്ക്ക് റിസ്‌ക് കൂടുതലായിരിക്കും. ഇവരുടെ ഓഹരികളില്‍ നിന്ന് മിതമായ വരുമാനം ലഭിക്കും.
സ്‌മോള്‍-ക്യാപ് കമ്പിനികള്‍ മിക്കവയും തുടക്കക്കാരായിരിക്കും. അവ പുതിയ
മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും. അപകട സാധ്യത ഏറെ ഉയര്‍ന്ന
ഇവയുടെ ഓഹരികള്‍ വന്‍ വളര്‍ച്ചാ സാധ്യതയും ഉള്ളതാണ്. എന്നാല്‍ ഇവയുടെ
ഓഹരികള്‍ക്ക് ലിക്വിഡിറ്റി കുറവായിരിക്കും. വിപണിയിലെ കയറ്റിറക്കങ്ങള്‍ ഈ
ഓഹരികളെയാവും കൂടുതല്‍ ബാധിക്കുക.
വളരെ വേഗത്തിലും, എളുപ്പത്തിലും ഒരു കമ്പിനിയുടെ വിപണി മൂല്യം കണക്കാക്കാനുള്ള ഉപകരണമാണ് മാര്‍ക്കറ്റ് ക്യാപ്. ഐ പി ഒ യ്ക്കു മുന്‍പാണ് ആദ്യമായി ഒരു കമ്പനി അതിന്റെ മൂല്യം കണക്കാക്കുന്നത്. അതിന് മര്‍ച്ചന്റ് ബാങ്കറിനെയാണ് (Merchant banker) അവര്‍ ആശ്രയിക്കുന്നത്. കമ്പിനിയുടെ മൂല്യം എത്രയാണ്? എത്ര ഓഹരികള്‍ വിപണിയില്‍ വില്‍ക്കാം? ഒരു ഓഹരിയുടെ വിലയെന്ത്? എന്നീ കാര്യങ്ങള്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്/ മര്‍ച്ചന്റ് ബാങ്കിന്റെ സഹായത്തോടെ കമ്പനികള്‍ തീരുമാനിക്കും.