image

8 Jan 2022 7:20 AM IST

Learn & Earn

ഓഹരികളുടെ ഗതി അറിയാൻ ഓസിലേറ്ററുകള്‍

MyFin Desk

ഓഹരികളുടെ ഗതി അറിയാൻ ഓസിലേറ്ററുകള്‍
X

Summary

സ്റ്റോക്ക് മുകളിലേക്കോണോ, താഴേക്കാണോ പോകുന്നതെന്ന വിശകലനം നടത്തുന്ന ഒരു സാങ്കേതിക സൂചകമാണിത്.


സാങ്കേതിക വിശകലനത്തിനായി ഉപയോഗിക്കുന്ന സൂചകങ്ങളാണ് ഓസിലേറ്ററുകള്‍ (Oscillator). രണ്ട് മൂല്യങ്ങള്‍ക്കിടയിലുള്ള -ഒന്ന് ഏറ്റവും ഉയര്‍ന്നതും...

സാങ്കേതിക വിശകലനത്തിനായി ഉപയോഗിക്കുന്ന സൂചകങ്ങളാണ് ഓസിലേറ്ററുകള്‍ (Oscillator). രണ്ട് മൂല്യങ്ങള്‍ക്കിടയിലുള്ള -ഒന്ന് ഏറ്റവും ഉയര്‍ന്നതും മറ്റേത് ഏറ്റവും താഴ്ന്നതും- ഉയര്‍ച്ച താഴ്ച്ചകളെ പ്രതിനിധീകരിക്കുന്ന ബാന്‍ഡുകള്‍ നിര്‍ണയിക്കുകയും, തുടര്‍ന്ന് ഈ പരിധിക്കുള്ളിലെ ഏറ്റക്കുറച്ചിലുകള്‍ (fluctuations) മനസിലാക്കാന്‍ ഒരു സൂചകമായി (trend indicator) ഇത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിക്ഷേപകര്‍ക്ക് ഈ സൂചകത്തിലൂടെ വിപണിയിലെ ചെറിയ കാലയളവിലുണ്ടാകുന്ന അമിത വില്‍പന/ വാങ്ങലുകള്‍ മനസിലാക്കാന്‍ സാധിക്കും. ഓസിലേറ്ററിന്റെ മൂല്യം ഉയര്‍ന്ന നിലയിലെത്തിയാല്‍, അസറ്റ് അമിതമായി വാങ്ങിയെന്ന് (overbought) മനസിലാക്കാം. അത് താഴ്ന്ന നിലയിലേക്കെത്തിയാല്‍ അസറ്റ് അമിതമായി വിറ്റുപോയതായും (oversold) മനസിലാക്കാം.

സ്റ്റോക്ക് മുകളിലേക്കോണോ, താഴേക്കാണോ പോകുന്നതെന്ന വിശകലനം നടത്തുന്ന ഒരു സാങ്കേതിക സൂചകമാണിത്. ഉദാഹരണമായി, 0 മുതല്‍ 100 വരെയുള്ള ഒരു ബാന്‍ഡിനിടയിലാണ് ഓസിലേറ്റര്‍ ചലിക്കുന്നതെന്ന് വിചാരിക്കുക. 70 ഉയര്‍ന്ന ബാന്‍ഡ് ആയും 30 താഴ്ന്ന ബാന്‍ഡ് ആയും നല്‍കിയിരിക്കുന്നു. അതിനാല്‍ 70 നു മുകളില്‍ പോയാല്‍ അതിനെ അമിത വാങ്ങല്‍ (overbought) ആയും, 30നു താഴെയായാല്‍ അത് അമിതവില്‍പ്പന (oversold) ആയും കണക്കാക്കുന്നു.

പ്രധാനമായും വിപണിയുടെ സാഹചര്യം കൂടി ഇതിനെ ബാധിക്കും. അതായത്, വിപണിയില്‍ അമിത വാങ്ങല്‍ (overbought) സാഹചര്യം നിലനില്‍ക്കുന്നു (70-100) എന്ന് വിചാരിക്കുക. അപ്പോള്‍ സ്വാഭാവികമായും കുറച്ചാളുകള്‍ വില്‍ക്കാന്‍ ആരംഭിക്കും, അല്ലെങ്കില്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കടന്നുവരും. അപ്പോള്‍ വിപണിവില കുറയാന്‍ സാധ്യതയുണ്ടെന്നുള്ള സൂചന ഇതിലൂടെ ലഭിക്കും. എന്നാല്‍ വിപണി ബുള്ളിഷ് ആണെങ്കില്‍, ഓവര്‍ബോട്ട്(overbought) ട്രെന്‍ഡ് കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഓസിലേറ്റര്‍ സൂചിപ്പിക്കുന്നതുപോലെ പെട്ടെന്നുതന്നെ ഒരു പ്രൈസ് റിവേഴ്സ് ആക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയില്ല.

അതുപോലെ വിപണി ഓവര്‍ സോള്‍ഡ് (oversold )ഏരിയയിലാണ് നില്‍ക്കുന്നതെന്ന് വിചാരിക്കുക. അമിത വില്‍പന നടന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും വില്‍പ്പനക്കാരുടെ എണ്ണം കുറയും. അപ്പോള്‍ അവിടെ വാങ്ങുന്നവരുടെ എണ്ണം കൂടാനും വില ഉയരാനും സാധ്യതയുണ്ടെന്ന് ഓസിലേറ്റര്‍ വിലയിരുത്തുന്നു. പക്ഷേ വിപണി ബെയറിഷ് ആയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കില്‍ ഇതുതന്നെ തുടരാനുള്ള സാധ്യതയുമുണ്ട്. സ്‌റ്റോക്കസ്റ്റിക്ക് ഓസിലേറ്റര്‍ , റി്‌ലേറ്റീവ് സ്‌ട്രെങ്ത്ത്് (RSI), റേറ്റ് ഓഫ് ചെയ്ഞ്ച് (ROC),
മണി ഫ്‌ളോ (MFI) എന്നിവയാണ് പൊതുവായ ഓസിലേറ്ററുകള്‍.