image

10 Jan 2022 5:49 AM IST

Market

ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ അറിയാമോ?

MyFin Desk

ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ അറിയാമോ?
X

Summary

പൊതുവിപണിയില്‍ ഒരു വസ്തു പ്രത്യേക സാഹചര്യങ്ങളില്‍ വില്‍ക്കുന്ന വിലയാണ് ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ (FMV).


പൊതുവിപണിയില്‍ ഒരു വസ്തു പ്രത്യേക സാഹചര്യങ്ങളില്‍ വില്‍ക്കുന്ന വിലയാണ് ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ (FMV). 'ന്യായവിപണിവില' എന്ന് പൊതുവായി...

പൊതുവിപണിയില്‍ ഒരു വസ്തു പ്രത്യേക സാഹചര്യങ്ങളില്‍ വില്‍ക്കുന്ന വിലയാണ് ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ (FMV). 'ന്യായവിപണിവില' എന്ന് പൊതുവായി പറയാം. എന്നാല്‍ ഇത് നിര്‍ണയിക്കുന്നതിന് ചില അടിസ്ഥാന സങ്കല്‍പങ്ങള്‍ ഉണ്ട്. ഒന്ന്, വസ്തു വില്‍ക്കാനോ വാങ്ങാനോ ഇടപാടുകാരുടെ മേല്‍ പ്രത്യേക സമ്മര്‍ദ്ദങ്ങളൊന്നുമില്ല. രണ്ടു കൂട്ടരും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വില്‍ക്കുന്നയാളും, വാങ്ങുന്നയാളും വസ്തുവിനെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ളവരാണ്. ഇടപാട് പൂര്‍ത്തീകരിക്കുന്നതിന് നിശ്ചിത കാലയളവ് നല്‍കിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ നടക്കുന്ന കച്ചവടത്തിലൂടെ ഒരു വസ്തുവിന്റെ കൃത്യമായ വിലനിര്‍ണയം (accurate valuation) സാധ്യമാവുന്നു എന്ന് സങ്കല്‍പ്പിക്കുന്നു. അതിനാല്‍ 'വിപണിവില'യില്‍ നിന്നും (market value), നിശ്ചയിക്കപ്പെട്ട വിലയില്‍ (appraisal value) നിന്നും ഇത് വ്യത്യസ്തമാണ്.

തുറന്ന-സ്വതന്ത്ര വിപണി (free and open market trade) സങ്കല്‍പ്പത്തെ ആധാരമാക്കിയാണ് എഫ് എം വി നിര്‍ണയിക്കുന്നത്. വിപണി വില എന്നാല്‍ ഒരു വസ്തുവിന്റെ വിപണിയിലെ വില എന്നതു മാത്രമാണ്. വിപണി വില കണ്ടുപിടിക്കാന്‍ എളുപ്പമാണ്. അത് വേഗത്തില്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ എഫ് എം വി എന്നത് ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു വസ്തുവിന്റെ വില കണ്ടുപിടിക്കുന്ന പ്രക്രിയയാണ്. അതിന് വേഗത്തില്‍ മാറ്റമുണ്ടാവുന്നില്ല. പ്രത്യേകിച്ച് ഒരു റിയല്‍ എസ്റ്റേറ്റ് ആസ്തിയുടെ മൂല്യം കണക്കാക്കുന്നത് എഫ് എം
വിയില്‍ ആയിരിക്കും. കാരണം വിപണിവിലയില്‍ പെട്ടെന്നുള്ള ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കാം. വില്‍ക്കുന്ന ആള്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ കുറഞ്ഞ വിലയില്‍ വിറ്റേക്കാം. വാങ്ങുന്നയാള്‍ അത്യാവശ്യക്കാരനാണെങ്കില്‍ ഉയര്‍ന്ന വിലയില്‍ വാങ്ങിയേക്കാം. അതിനാല്‍ അതൊരു എഫ് എം വി ആയി കണക്കാക്കാനാകില്ല. നിയമപരമായ ആവശ്യങ്ങള്‍ക്കായി (property tax, divorce cases, insurance claims) ഒരു വസ്തുവിന്റെ എഫ് എം വിയാണ് കണക്കിലെടുക്കുന്നത്.

ഒരു പ്രത്യേക കാലയളവിലേക്ക് എഫ് എം വി ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നു എന്നാണ് സങ്കല്‍പം. ഒരു വസ്തു അല്ലെങ്കില്‍ ബിസിനസ് അനന്തരാവകാശികള്‍ക്ക് കൈമാറുന്നത് പലപ്പോഴും വളരെ കുറഞ്ഞ തുകയ്ക്ക് ആയിരിക്കും. എന്നാല്‍ ടാക്സ് അതോറിറ്റിയ്ക്ക് അതിന്റെ മൂല്യം കണക്കാക്കി നികുതി ചുമത്തേണ്ട സാഹചര്യം വന്നാല്‍ അവര്‍ കൈമാറ്റം ചെയ്യപ്പെട്ട വസ്തുവിന്റെ അല്ലെങ്കില്‍ ബിസിനസിന്റെ എഫ് എം വി കണക്കാക്കിയായിരിക്കും ടാക്സ് നിശ്ചയിക്കുന്നത്. ഉദാഹരണമായി, ഒരു വീട് ഒരു രൂപയ്ക്കാണ് അച്ഛന്‍ മകള്‍ക്ക് നല്‍കുന്നതെന്നിരിക്കട്ടെ. അതിന്റെ വിപണിവില അതിനെക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും. എന്നാല്‍ വിപണിവില വേഗത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഫ് എം വി നിര്‍ണയിക്കുകയാണ് ടാക്‌സ് ഓഫീഷ്യല്‍സ് ചെയ്യുന്നത്.