image

10 Jan 2022 8:36 AM IST

Learn & Earn

നേരിട്ടുള്ള വിദേശ നിക്ഷേപം എന്താണ്?

MyFin Desk

നേരിട്ടുള്ള വിദേശ നിക്ഷേപം എന്താണ്?
X

Summary

കമ്പനികളോ, വ്യക്തികളോ, നിക്ഷേപ സ്ഥാപനങ്ങളോ മറ്റൊരു രാജ്യത്തെ ആസ്തിയില്‍ നിക്ഷേപം നടത്തുകയോ, ഷെയറുകളുടെ ഉടമസ്ഥാവകാശം നേടുകയോ ചെയ്യുന്നതിനെയാണ് വിദേശ നിക്ഷേപം (International/ Global Investment) എന്നുപറയുന്നത്.


കമ്പനികളോ, വ്യക്തികളോ, നിക്ഷേപ സ്ഥാപനങ്ങളോ മറ്റൊരു രാജ്യത്തെ ആസ്തിയില്‍ നിക്ഷേപം നടത്തുകയോ, ഷെയറുകളുടെ ഉടമസ്ഥാവകാശം നേടുകയോ...

കമ്പനികളോ, വ്യക്തികളോ, നിക്ഷേപ സ്ഥാപനങ്ങളോ മറ്റൊരു രാജ്യത്തെ ആസ്തിയില്‍ നിക്ഷേപം നടത്തുകയോ, ഷെയറുകളുടെ ഉടമസ്ഥാവകാശം നേടുകയോ ചെയ്യുന്നതിനെയാണ് വിദേശ നിക്ഷേപം (International/ Global Investment) എന്നുപറയുന്നത്. മികച്ച സാമ്പത്തിക വരുമാനം (Financial return) ലക്ഷ്യമിട്ടായിരിക്കും പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്. വിദേശ നിക്ഷേപത്തിന്റെ ഒരു ഭാഗമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം അഥവാ ഫോറിന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് (FDI).

മറ്റൊരു രാജ്യത്തെ കമ്പനി വാങ്ങുകയോ അല്ലെങ്കില്‍ ലക്ഷ്യം വെച്ചിരിക്കുന്ന രാജ്യത്തെ കമ്പനിയില്‍ നേരിട്ട് നിക്ഷേപം നടത്തുകയോ ചെയ്യുന്നതിനെയാണ് എഫ് ഡി ഐ എന്നു പറയുന്നത്. വാങ്ങാനുദ്ദേശിക്കുന്ന കമ്പനിയുടെ നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ടാണ് അവര്‍ പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്. ഫാക്ടറി, ബില്‍ഡിംഗ്സ്, മെഷിനറീസ് പോലുള്ള ഫിസിക്കല്‍ അസറ്റുകളിലാണ് ഇവര്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്.

ഹൊറിസോണ്ടല്‍, വെര്‍ട്ടിക്കല്‍, കോണ്‍ഗ്ലോമെറേറ്റ് എന്നിങ്ങനെ മൂന്നായി എഫ് ഡി ഐയെ തരംതിരിച്ചിരിക്കുന്നു. ഒരു കമ്പനി മാതൃരാജ്യത്ത് ചെയ്യുന്ന അതേ ഫീല്‍ഡിലുള്ള പ്രവര്‍ത്തനം മറ്റൊരു രാജ്യത്ത് ചെയ്യാനായി ഇന്‍വെസ്റ്റ് നടത്തുന്നതിനെ ഹോറിസോണ്ടല്‍ എഫ് ഡി ഐ എന്നു പറയുന്നു. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫുഡ് കമ്പനി മറ്റൊരു രാജ്യത്തും ഇതേ ബിസിനസിനായി നിക്ഷേപം നടത്തുന്നത് ഹോറിസോണ്ടല്‍ എഫ് ഡി ഐ യ്ക്ക് ഉദാഹരണമാണ്. ഇതിലൂടെ അവര്‍ ബിസിനസ് വിപുലീകരിക്കുകയാണ് ചെയ്യുന്നത്.

മാതൃരാജ്യത്ത് ചെയ്യുന്ന അതേ ഫീല്‍ഡില്‍ തന്നെ നിക്ഷേപം നടത്താതെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കുന്നതിനെ വെര്‍ട്ടിക്കല്‍ എഫ് ഡി ഐ എന്നു പറയുന്നു. ഒരു സപ്ലൈ ചെയിനിന്റെ ഉള്ളില്‍ തന്നെയാവും ഇവര്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതെങ്കിലും ബിസിനസുകള്‍ വ്യത്യസ്തമായിരിക്കും. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് കമ്പനി തങ്ങള്‍ക്ക് മീറ്റ് ഉല്‍പ്പാദനത്തിനായി കാനഡയില്‍ ഒരു ഫാം തുടങ്ങാനായി ഇന്‍വെസ്റ്റ് ചെയ്തു എന്നിരിക്കട്ടെ. ഇത് വെര്‍ട്ടിക്കല്‍ എഫ് ഡി ഐ യ്ക്ക് ഉദാഹരണമാണ്.

സ്വന്തം രാജ്യത്ത് ഇല്ലാത്ത/ നടത്താത്ത ഒരു പ്രൊഡക്ടിനോ സര്‍വീസിനോ വേണ്ടി മറ്റൊരു രാജ്യത്ത് നിക്ഷേപം നടത്തുന്നതിനെ കോണ്‍ഗ്ലോമെറേറ്റ് എഫ് ഡി ഐ എന്നു പറയുന്നു. തികച്ചും വ്യത്യസ്തമായ ഒരു ബിസിനസിലായിരിക്കും അവര്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുകളില്‍ പറഞ്ഞ അതേ ഫുഡ് കമ്പനി ജപ്പാനില്‍ ഒരു ഓട്ടോ മൊബൈല്‍ സംരംഭത്തിലേക്ക് നിക്ഷേപം നടത്തുന്നത് കോണ്‍ഗ്ലോമെറേറ്റിന് ഉദാഹരണമാണ്.

ഫോറിന്‍ പോര്‍ട്‌ഫോളിയോ ഇന്‍വസ്റ്റ്‌മെന്റ് / ഫോറിന്‍ ഇന്‍ഡയറക്ട് ഇന്‍വസ്റ്റമെന്റ് എന്നത് വിദേശ നിക്ഷേപത്തിന്റെ മറ്റൊരു ഭാഗമാണ്. മറ്റു രാജ്യങ്ങളിലെ കമ്പനികളുടെ ഷെയറുകളോ, ബോണ്ടുകളോ, ഡിബഞ്ചറുകളോ വാങ്ങി ആ കമ്പനിയില്‍ പണം മുടക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ഇന്ററസ്റ്റ് ആയോ, ഡിവിഡന്റ് ആയോ, ക്യാപിറ്റല്‍ അപ്രിസിയേഷനിലൂടെയോ ഇവര്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നു. എഫ് ഡി ഐ പോലെ മറ്റൊരു കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതല്ല ഇവരുടെ ലക്ഷ്യം. ഇവര്‍ പ്രധാനമായും ലാഭത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.