ഏസിയോടും ഫ്രിഡ്ജിനോടും കാറിനോടും സംസാരിക്കാന്‍ കഴിയുക. അതിന് തിരിച്ചും സംസാരിക്കാനുള്ള ശേഷി ഉണ്ടാവുക. എന്തൊരു നടക്കാത്ത...
ഏസിയോടും ഫ്രിഡ്ജിനോടും കാറിനോടും സംസാരിക്കാന്‍ കഴിയുക. അതിന് തിരിച്ചും സംസാരിക്കാനുള്ള ശേഷി ഉണ്ടാവുക. എന്തൊരു നടക്കാത്ത സ്വപ്നം എന്നായിരുന്നു ഇതുവരെ നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ സംഗതി ആകെ മാറുകയാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപകരണങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്' (IOT) ടെക്നോളജി ഒരു റിയാലിറ്റി ആവുകയാണ്.
1999-ല്‍ കെവിന്‍ ആഷ്ടണ്‍ ആണ് 'ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്' എന്ന പ്രയോഗം ആവിഷ്‌കരിച്ചത്. വളരെ വിലകുറഞ്ഞ കമ്പ്യൂട്ടര്‍ ചിപ്പുകളും വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളുടെ ശൃംഖലയും ഗുളിക പോലെ ചെറിയൊരു വസ്തു തൊട്ട് വിമാനം വരെയുള്ള എന്തിനെയും ഐ ഒ ടിയുടെ ഭാഗമാക്കി. ഈ വ്യത്യസ്ത വസ്തുക്കളെല്ലാം സെന്‍സറുകള്‍ ഉപയോഗിച്ചാണ് കണക്റ്റ് ചെയ്യുന്നത്.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് നമുക്ക് ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ ആശയവിനിമയം സാധ്യമാക്കുന്നു. ചുരുക്കത്തില്‍ നമുക്കു ചുറ്റുമുള്ള ഏതുപകരണവും നമ്മളിലൊരാളായി തന്നെ മാറുന്നു. വീടുകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും, ഉപകരണങ്ങള്‍ സ്മാര്‍ട്ട് ആക്കാനും മാത്രമല്ല, ബിസിനസ്സ് രംഗത്തും ഐ ഒ ടി വലിയ സഹായമാണ്. മെഷീനുകളുടെ പ്രകടനം മുതല്‍ വിതരണ ശൃംഖലവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വരെ വിലയിരുത്തി സിസ്റ്റം യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് റിയല്‍ ടൈമില്‍ ഐ ഒ ടി വിലയിരുത്തുന്നു.
ഗുണങ്ങള്‍
*ഏത് ഉപകരണത്തിലും എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും വിവരങ്ങള്‍ ആക്സസ് ചെയ്യാനുള്ള കഴിവ്
*ബന്ധിപ്പിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയം
*ബന്ധിപ്പിച്ച നെറ്റ്‌വര്‍ക്കിലൂടെ ഡാറ്റ പാക്കറ്റുകള്‍ അനായാസം കൈമാറുന്നത് സമയവും പണവും ലാഭിക്കുന്നു
*സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേഷന്‍ ഓട്ടോമേറ്റ് ചെയ്യുന്നു.
എത്ര വലുതാണിത്?
ടെക് അനലിസ്റ്റ് കമ്പനിയായ ഐ ഡി സിയുടെ പ്രവചനമനുസരിച്ച് 2025-ഓടെ മൊത്തം 41.6 ബില്യണ്‍ ഐ ഒ ടി കണക്റ്റഡ് ഉപകരണങ്ങള്‍ ഉണ്ടാകുമെന്നാണ്. വ്യാവസായിക, ഓട്ടോമോട്ടീവ് ഉപകരണങ്ങളിലാണ് ഏറ്റവും വലിയ മാറ്റങ്ങള്‍ ഉണ്ടാകുക. സമീപകാലങ്ങളില്‍ സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയ്ക്ക് നല്ല സ്വീകാര്യതയാണ്.
മറ്റൊരു ടെക് അനലിസ്റ്റായ ഗാര്‍ട്ട്നര്‍ പ്രവചിക്കുന്നത് എന്റര്‍പ്രൈസ്, ഓട്ടോമോട്ടീവ് മേഖലകളില്‍ ഈ വര്‍ഷം 5.8 ബില്യണ്‍ ഉപകരണങ്ങള്‍ ഉണ്ടാകുമെന്നാണ്. 2019-നെ അപേക്ഷിച്ച് ഏകദേശം നാലിലൊന്ന് വര്‍ധനവ്. ഐ ഒ ടി ഉപകരണങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപയോഗമായിരിക്കും ഇന്‍ട്രൂഡര്‍ ഡിറ്റക്ഷന്‍, വെബ് ക്യാമറകള്‍ എന്നിവ. ഓട്ടോമോട്ടീവ് (കണക്റ്റഡ് കാറുകള്‍), ഹെല്‍ത്ത്‌കെയര്‍ (അത്യാഹിത വിഭാഗങ്ങളുടെ കൃത്യമായ നിരീക്ഷണം) തുടങ്ങിയവയിലും വലിയ മാറ്റങ്ങള്‍ ഇതില്‍ പ്രതീക്ഷിക്കാം.