തിരഞ്ഞെടുത്ത നിക്ഷേപകര്‍ക്കോ, നിക്ഷേപ സ്ഥാപനങ്ങള്‍ക്കോ ഓഹരികള്‍ നല്‍കുന്നതിനെയാണ് പ്രൈവറ്റ് പ്ലേസ്മെന്റ് എന്നുപറയുന്നത്. ഇത് ഐപിഒ...
തിരഞ്ഞെടുത്ത നിക്ഷേപകര്‍ക്കോ, നിക്ഷേപ സ്ഥാപനങ്ങള്‍ക്കോ ഓഹരികള്‍ നല്‍കുന്നതിനെയാണ് പ്രൈവറ്റ് പ്ലേസ്മെന്റ് എന്നുപറയുന്നത്. ഇത് ഐപിഒ യ്ക്ക് വിപരീതമായ പ്രക്രിയയാണ്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ (HNI) എന്നിവരാണ് പ്രൈവറ്റ് പ്ലേസ്മെന്റിലേക്ക് ക്ഷണം ലഭിക്കുന്ന നിക്ഷേപകര്‍. ഈ രീതിയില്‍ പണം സ്വരൂപിക്കുന്നതിന് വളരെ കുറഞ്ഞ നിയന്ത്രണങ്ങളേയുള്ളൂ എന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്. ഐപിഒ യെ അപേക്ഷിച്ച് ഇതിന് പണച്ചെലവും, സമയനഷ്ടവും കുറവാണ്. വിശദമായ സാമ്പത്തിക വിവരങ്ങളും, പ്രോസ്പെക്ടസും നിക്ഷേപകര്‍ക്കു വേണ്ടി പുറത്തിറക്കേണ്ടതില്ല.
സ്റ്റാര്‍ട്ട് അപ് (Start ups) കമ്പനികളാണ് ഈ മാര്‍ഗം കൂടുതലായി ഉപയോഗിക്കുന്നത്. പൊതു വിപണിയില്‍ നിന്നു പണം സമാഹരിക്കുമ്പോഴുണ്ടാകുന്ന സൂക്ഷ്മ പരിശോധന (public scrutiny) ഒഴിവാക്കാനാവും എന്നതാണ് മറ്റൊരു ഘടകം. ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയ്ക്ക് അതിന്റെ ഉല്‍പ്പന്നങ്ങളെയും, സേവനങ്ങളെയും, ഭാവി പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ആരംഭകാലത്ത് പരസ്യപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രൈവറ്റ് പ്ലേസ്മെന്റാണ് ഏറ്റവും അനുയോജ്യം. പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ ഓഹരികളും, കടപ്പത്രങ്ങളും, ഓഹരികളായി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളും പുറത്തിറക്കാനാകും.