image

10 Jan 2022 7:30 AM IST

MSME

എന്താണ് ക്രൗഡ് ഫണ്ടിംഗ്?

MyFin Desk

എന്താണ് ക്രൗഡ് ഫണ്ടിംഗ്?
X

Summary

മിക്ക പുതിയ ബിസിനസ് സംരഭങ്ങളിലും ആര്‍ക്കൊക്കെ ധനസഹായം നല്‍കാമെന്നും അവര്‍ക്ക് എത്ര തുക സംഭാവന നല്‍കാമെന്നും നിയന്ത്രണങ്ങളുണ്ട്.


ചില സംരംഭങ്ങള്‍ തുടങ്ങാന്‍ സോഷ്യല്‍ മീഡിയകളില്‍ ചെറിയ തുക ആവശ്യപ്പെട്ടു കൊണ്ട് കാമ്പെയ്‌നുകള്‍ കാണാറില്ലേ? വളരെ ചെറിയ തുകയാണെങ്കില്‍...

ചില സംരംഭങ്ങള്‍ തുടങ്ങാന്‍ സോഷ്യല്‍ മീഡിയകളില്‍ ചെറിയ തുക ആവശ്യപ്പെട്ടു കൊണ്ട് കാമ്പെയ്‌നുകള്‍ കാണാറില്ലേ? വളരെ ചെറിയ തുകയാണെങ്കില്‍ കൂടെ ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ കിട്ടുമ്പോള്‍ അത് വലിയൊരു സംഖ്യയായി മാറുന്നു. ഈ തുക നിശ്ചിത സംരംഭം തുടങ്ങാനുള്ള മൂലധനമായി ഉപയോഗിക്കുന്നു.

ഒരു പുതിയ ബിസിനസ്സ് സംരംഭത്തിന് ധനസഹായം ലഭിക്കാന്‍ ധാരാളം വ്യക്തികളില്‍ നിന്ന് ചെറിയ തുക മൂലധനം ഉപയോഗിക്കുന്നതാണ് ക്രൗഡ് ഫണ്ടിംഗ് . നിക്ഷേപകരെയും സംരംഭകരെയും ഒരുമിച്ച് കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയയിലൂടെയും വെബ്സൈറ്റുകളിലൂടെയും ക്രൗഡ് ഫണ്ടിംഗ് നടത്തി വരുന്നു. ക്രൗഡ് ഫണ്ടിംഗ് വഴി സിനിമകള്‍ വരെ നിര്‍മിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ സദുദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഷേധപരിപാടികള്‍ക്കുമെല്ലാം ക്രൗഡ് ഫണ്ടിങ് വഴി ധനസമാഹരണം നടത്താറുണ്ട്.

ക്രൗഡ് ഫണ്ടിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

മിക്ക പുതിയ ബിസിനസ് സംരഭങ്ങളിലും ആര്‍ക്കൊക്കെ ധനസഹായം നല്‍കാമെന്നും അവര്‍ക്ക് എത്ര തുക സംഭാവന നല്‍കാമെന്നും നിയന്ത്രണങ്ങളുണ്ട്. ഹെഡ്ജ് ഫണ്ട് നിക്ഷേപത്തിലെ നിയന്ത്രണങ്ങള്‍ക്ക് സമാനമായി, ഈ നിയന്ത്രണങ്ങള്‍ പുതിയ നിക്ഷേപകരെ അവരുടെ സമ്പാദ്യം അപകടത്തിലാക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

പുതിയ ബിസിനസുകള്‍ പരാജയപ്പെട്ടാലും നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം മുഴുവനായി നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിക്ഷേപിക്കാന്‍ പണമുള്ള ആരില്‍ നിന്നും ലക്ഷക്കണക്കിന് അല്ലെങ്കില്‍ ദശലക്ഷക്കണക്കിന് രൂപ സമാഹരിക്കുന്നതിനുള്ള അവസരമാണ് സംരംഭകര്‍ക്ക് ക്രൗഡ് ഫണ്ടിംഗ് ലഭ്യമാക്കുന്നത്.

പ്രധാനമായും ഒരു ഉല്‍പ്പന്നമോ സേവനമോ ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനികളും ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികളും ക്രൗഡ് ഫണ്ടിംഗിനെ ആശ്രയിക്കാറുണ്ട്. പ്രകൃതിദുരന്തം, ഭാരിച്ച ചികിത്സാ ചെലവ്, വീടുകള്‍ നഷ്ടപ്പെട്ടു പോകുക, തീപിടിത്തം എന്നിങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ദുരിതങ്ങള്‍ക്കെല്ലാം ക്രൗഡ് ഫണ്ടിംഗ് വലിയൊരനുഗ്രഹമാണ്. ക്രൗഡ് ഫണ്ടിംഗ് വഴി പണം സമാഹരിച്ച് ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ലാഭം ലഭിക്കുമ്പോള്‍ സംരംഭം തുടങ്ങാന്‍ സഹായിച്ചവര്‍ക്ക് ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ ഒരു നല്ല ഉദ്ദേശത്തിന് നല്‍കുന്നതാണ് എന്നതിനാല്‍ തന്നെ മിക്കപ്പോഴും നല്‍കിയ പണമോ ലാഭമോ തിരികെ പ്രതീക്ഷിക്കാതെയാവും ആളുകള്‍ പണം സംഭാവന ചെയ്യുന്നത്.

ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റുകള്‍

  • ഗോ ഫണ്ട് മി
    2021 ലെ കണക്കനുസരിച്ച്, ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമാണ് ഗോ ഫണ്ട് മി. 2010-ല്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം സ്ഥാപിതമായതു മുതല്‍, 150
    ദശലക്ഷത്തിലധികം സംഭാവനകളിലൂടെ സൈറ്റ് സമാഹരിച്ചത് 10 ബില്യണ്‍ ഡോളറാണ്.

മെഡിക്കല്‍ ചെലവില്‍ നിന്നോ വീടിന് തീപിടിത്തം, പ്രകൃതി ദുരന്തം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിയന്തര ചെലവുകള്‍ എന്നിവയില്‍ നിന്നൊക്കെ കരകയറാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഗോ ഫണ്ട് മി. ഏറ്റവും ജനപ്രിയമായ സൈറ്റാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കിക്ക്സ്റ്റാര്‍ട്ടര്‍ ആയും ഈ സൈറ്റ് ഉപയോഗിക്കാറുണ്ട്.

*കിക്ക്സ്റ്റാര്‍ട്ടര്‍

കിക്ക്സ്റ്റാര്‍ട്ടര്‍ മറ്റൊരു ജനപ്രിയമായ സൈറ്റാണ്. 2009-ല്‍ സ്ഥാപിതമായതു മുതല്‍, കിക്ക്സ്റ്റാര്‍ട്ടര്‍ 2,00,000 പ്രോജക്റ്റുകള്‍ക്ക് ധനസഹായം നല്‍കി. എല്ലാ പ്രോജക്ടുകളിലുമായി 5.7 ബില്യണ്‍ ഡോളറിലധികം തുക വിതരണം ചെയ്തു.

മൂലധനം സമാഹരിക്കാനും കൂടുതല്‍ പേരിലേക്ക് എത്താനും ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്കായുള്ള ഏറ്റവും ജനപ്രിയമായ ക്രൗഡ് ഫണ്ടിംഗ് സൈറ്റാണ് കിക്ക്സ്റ്റാര്‍ട്ടര്‍. വാസ്തവത്തില്‍, ഗോ ഫണ്ട് മിയില്‍ നിന്ന് വ്യത്യസ്തമായി, മറ്റുള്ളവരുമായി പ്രോജക്റ്റുകള്‍ പങ്കിടാന്‍ കഴിയുമെങ്കില്‍ മാത്രമേ കിക്ക് സ്റ്റാര്‍ട്ടര്‍ ഉപയോഗിക്കാനാകൂ.

*ഇന്‍ഡിഗോഗോ

തുടക്കത്തില്‍ സ്വതന്ത്ര സിനിമകള്‍ക്കായി പണം സ്വരൂപിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ക്രൗഡ് ഫണ്ടിംഗ് സൈറ്റായിരുന്നു ഇന്‍ഡിഗോഗോ. 2007-ല്‍ പ്രവര്‍ത്തമാരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം എല്ലാ വിഭാഗത്തില്‍ നിന്നും ഇന്‍ഡിഗോഗോ പ്രോജക്റ്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങി.

നിക്ഷേപകര്‍ അല്ലെങ്കില്‍ ബിസിനസിനെ പിന്തുണയ്ക്കുന്നവരുടെ വലിയതും വൈവിധ്യമാര്‍ന്നതുമായ ഒരു ഗ്രൂപ്പിലേക്ക് കൊണ്ടെത്തിക്കുകയാണ് ക്രൗഡ് ഫണ്ടിംഗിന്റെ ഏറ്റവും വലിയ പ്രതേകത. സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകള്‍ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ നിക്ഷേപകരെ കണ്ടെത്തുന്നതിനും ആവശ്യമായ ഫണ്ടിംഗ് സ്വീകരിക്കുന്നതിനുമുള്ള എറ്റവും നല്ല മാര്‍ഗമാണ്.