പാര്‍ട്ടിസിപ്പേറ്ററി നോട്ട്സ്, അഥവാ പി-നോട്ട്സ്, എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുവാന്‍ വിദേശധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന...
പാര്‍ട്ടിസിപ്പേറ്ററി നോട്ട്സ്, അഥവാ പി-നോട്ട്സ്, എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുവാന്‍ വിദേശധനകാര്യ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. ഇത് 'ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ്സ്' എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാന്‍ വിദേശ നിക്ഷേപകരെ സഹായിക്കുന്ന ഉപകരണമാണിത്. വിദേശ ബാങ്കുകളും വിദേശ ധനകാര്യ സ്ഥാപനങ്ങളുമാണ് (FII) നിക്ഷേപകര്‍ക്കായി ഇവ പുറത്തിറക്കുന്നത്. സെബി (SEBI) അടക്കമുള്ള മേല്‍നോട്ട സ്ഥാപനങ്ങള്‍ ഈ വഴിയിലൂടെയുള്ള നിക്ഷേപങ്ങളെ നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരാണ്.
പി-നോട്ട്സിന്റെ മറവില്‍ വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ കയറ്റിറക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് കാരണം. സെബിയ്ക്ക് ഇവയെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ഇത്തരം വിദേശ നിക്ഷേപങ്ങളിലൂടെ ഇന്ത്യന്‍ ധനവിപണിയിലേക്ക് വിദേശനാണ്യമെത്തുന്നുണ്ട്. പക്ഷേ ഇത് അതിവേഗം പുറത്തേക്കൊഴുകുകയും ചെയ്യും. ഇത് സൃഷ്ടിക്കുന്ന ഉയര്‍ച്ച താഴ്ചകള്‍ (Volatility) വിപണിയെ അസ്ഥിരമാക്കും. പി-നോട്ട്സ് ഡെറിവേറ്റീവ് വിഭാഗത്തില്‍പ്പെടുന്നു. അതായത് ഇവയ്ക്ക് സ്വന്തമായി മൂല്യമില്ല. ഇത് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ ആസ്തികളെയാണ്. നേരിട്ട് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്പര്യമില്ലാത്ത വിദേശ നിക്ഷേപകര്‍ക്ക് ഇത് എളുപ്പവഴി തുറന്നു നല്‍കുന്നു. ഹെഡ്ജ് ഫണ്ടുകള്‍, അതിസമ്പന്ന വ്യക്തികള്‍, ട്രസ്റ്റുകള്‍, നിക്ഷേപസ്ഥാപനങ്ങള്‍ എന്നിവരാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ അവര്‍ക്ക് ഇന്ത്യയിലെ നിയമസംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ വ്യാപാരം നടത്താനാവും.