image

11 Jan 2022 4:32 AM GMT

Savings

സ്ഥിര നിക്ഷേപപലിശ കുറഞ്ഞോ? മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇവിടെ നിക്ഷേപിക്കാം

MyFin Desk

സ്ഥിര നിക്ഷേപപലിശ കുറഞ്ഞോ? മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇവിടെ നിക്ഷേപിക്കാം
X

Summary

കുറഞ്ഞ അപകടസാധ്യതയില്‍ കൂടുല്‍ നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാനം കൂട്ടി ജീവിതം ആയാസ രഹിതമാക്കാം.


നിക്ഷേപ പലിശ കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് പേര്‍ ഇന്ത്യയിലുണ്ട്. വിരമിച്ചപ്പോള്‍ ലഭിച്ച പണം ബാങ്കിലും വിവിധ ചെറു നിക്ഷേപ...

നിക്ഷേപ പലിശ കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് പേര്‍ ഇന്ത്യയിലുണ്ട്. വിരമിച്ചപ്പോള്‍ ലഭിച്ച പണം ബാങ്കിലും വിവിധ ചെറു നിക്ഷേപ പദ്ധതികളിലും നിക്ഷേപിച്ച അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നവര്‍. പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവരില്‍ അധികവും മുതിര്‍ന്ന പൗരന്‍മാരാണ്. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശയാണ് ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളത്. ഇത് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന ഇവര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ആദായം നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങള്‍ വേറെയുണ്ടെങ്കിലും അധികം പേരും
പരമ്പരാഗതമായ ബാങ്ക് ഡിപ്പോസിറ്റിനെ ആശ്രയിക്കുന്നവരാണ്. നേട്ടം കുറഞ്ഞാലും റിസ്‌ക് കുറവാണ് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്. എന്നാല്‍ കൂടുതല്‍ റിസ്‌ക് എടുക്കാതെ തന്നെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ആദായം നല്‍കുന്ന സാധ്യതകള്‍ ഇപ്പോഴുമുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേട്ടം നല്‍കുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. ബാങ്ക് നിക്ഷേപങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ആദായം നല്‍കുമ്പോള്‍ ഏഴര ശതമാനം വരെ നേട്ടം നല്‍കുന്നവയാണ് ഇത്.

സേവിംഗ്സ് ബോണ്ട്

ആര്‍ ബി ഐ സേവിംഗ്‌സ് ബോണ്ടില്‍ ചുരുങ്ങിയത് 7.15 ശതമാനമാണ് നേട്ടം. എന്‍ ആര്‍ ഐ ഒഴികെയുള്ള ആര്‍ക്കും ഈ ബോണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപം എത്ര ഉയര്‍ന്ന തുക വരെയും ആകാം. ചുരുങ്ങിയത് 1,000 രൂപ വേണമെന്നുണ്ട്. പിന്നീട് ഇതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ആറ് മാസം കൂടുമ്പോള്‍ നിരക്ക് പരിഷ്‌ക്കരിക്കും. ഏഴു വര്‍ഷമാണ് കാലാവധിയെങ്കിലും അതിനും മുമ്പും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിക്ഷേപം പിന്‍വലിക്കാം.

സമ്പാദ്യ പദ്ധതി

15 ലക്ഷം രൂപ വരെ ഇവിടെ നിക്ഷേപിക്കാം. ചുരങ്ങിയ തുക 1000 രൂപയാണ്. പലിശ മൂന്ന് മാസം കൂടുമ്പോള്‍ അക്കൗണ്ടിലെത്തും. അഞ്ച് വര്‍ഷത്തേയ്ക്കാണ് ഈ നിക്ഷേപം. 7.45 ശതമാനം ആണ് ഇവിടെ ഉറപ്പുള്ള നേട്ടം. ഇതാകട്ടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മറ്റേതൊരു നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നതിലും കൂടുതലുമാണ്.

വയവന്ദന്‍ യോജന

കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണിത്. പെന്‍ഷന്‍ വര്‍ഷം ഒരു തവണ എന്ന നിലയിലും മാസത്തവണയായും ലഭിക്കും. നിക്ഷേപത്തിന്റെ തോതനുസരിച്ചാണ് പെന്‍ഷന്‍. കൂടുതല്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കും. ഈ പദ്ധതിയില്‍ എപ്പോള്‍ വേണമെങ്കിലും ചേരാം. അറുപത് വയസ് കഴിഞ്ഞാലാണ് പെന്‍ഷന് അര്‍ഹതയുണ്ടാകുക. 7.40 ശതമാനം വരെയാണ് ഇവിടെ നേട്ടം.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

6.6 ശതമാനം വരെ പലിശ നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 4.5 ലക്ഷം രൂപ വരെ ഒറ്റയ്ക്കും 9 ലക്ഷം രൂപ സംയുക്ത അക്കൗണ്ടിലും നിക്ഷേപിക്കാം. അഞ്ച് വര്‍ഷത്തെ നിക്ഷേപ പദ്ധതിയാണിത്. ഇവിടെ പലിശ വരുമാനം മാസം സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും. കുറഞ്ഞ അപകടസാധ്യതയില്‍ കൂടുല്‍ നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാനം കൂട്ടി ജീവിതം ആയാസ രഹിതമാക്കാം.