നിക്ഷേപം എപ്പോഴും റിസ്‌ക് ഉള്ള ഒന്നാണ്. റിസ്‌കിന്റെ തോതില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ റിസ്‌ക് കുറഞ്ഞതാണ്....
നിക്ഷേപം എപ്പോഴും റിസ്‌ക് ഉള്ള ഒന്നാണ്. റിസ്‌കിന്റെ തോതില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ റിസ്‌ക് കുറഞ്ഞതാണ്. അതേസമയം ഓഹരി വിപണി അപകട സാധ്യത നിറഞ്ഞാണ്. ഇതില്‍ ആദ്യത്തേതില്‍ വരുമാനം കുറയും ഒപ്പം റിസ്‌കും. രണ്ടാമത്തേതില്‍ റിസ്‌ക് കൂടുതലാണ്, പക്ഷെ, നേട്ടവും ഉയര്‍ന്നിരിക്കും. നിങ്ങളുടെ
നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയും ഒപ്പം കൂടിയ നേട്ടവുമാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കാതെ തിരഞ്ഞെടുക്കാവുന്ന സാധ്യതയാണ് യുലിപ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍.
ജീവിത ലക്ഷ്യം
ജീവിതത്തില്‍ ഒരാള്‍ക്ക് ഒട്ടനവധി സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. കുട്ടികളുടെ വിവാഹം, വിദ്യാഭ്യസം, വീട്, അതുപോലെ തന്നെ വിരമിച്ച ശേഷമുള്ള ആയാസ രഹിതമായി ജീവിതം ഇവയെല്ലാം സാമ്പത്തിക ലക്ഷ്യങ്ങളില്‍ പെടും. ഇത്തരം ദീര്‍ഘകാല ലക്ഷ്യത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും യുലിപ്പുകള്‍ ഉറപ്പാക്കുന്നു. യുലിപിലെ നിക്ഷേപത്തില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ചെലവിലേക്ക് നീക്കി വയ്ക്കുമ്പോള്‍ ബാക്കി തുക ഇക്വിറ്റി ഫണ്ടുകളിലും ഡെബ്റ്റ് ഫണ്ടുകളിലും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മാറ്റി
വയ്ക്കുന്നു.
2.5 ലക്ഷം
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഇനി മുതല്‍ നിക്ഷേപിക്കുന്ന തുകയുടെ പരിധി കൂടിയാല്‍ വരുമാനത്തിന് നികുതി നല്‍കേണ്ടി വരും. ഒപ്പം നികുതി ഒഴിവും നഷ്ടമാകും. കഴിഞ്ഞ ബജറ്റ് നിര്‍ദേശമനുസരിച്ച് യുലിപ്പില്‍ ഒരു വര്‍ഷം നടത്താവുന്ന പരമാവധി നിക്ഷേപം 2.5 ലക്ഷം രൂപ ആയി നിജപ്പെടുത്തിയിരിക്കുന്നു.
എന്താണ് യുലിപ്
റിസ്‌ക് കവറേജിനും നിക്ഷേപത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുളള
നിക്ഷേപപദ്ധതിയാണ് ഇത്. ഇവിടെ ഒരു ഭാഗം റിസ്‌ക് കവറേജിനും ബാക്കി തുക വിപണിയിലും നിക്ഷേപിക്കും. ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുന്നതോടൊപ്പം തന്നെ ഓഹരി വിപണിയിലെ നേട്ടവും ലഭിക്കും എന്നതാണ് യുലിപ് പദ്ധതികളുടെ പ്രത്യേകത. നികുതി ഒഴിവു ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്.
നികുതി ഇളവും ലഭിക്കില്ല
പുതിയ നിയമമനുസരിച്ച് നിക്ഷേപപരിധി 2.5 ലക്ഷത്തിലൊതുക്കിയില്ലെങ്കില്‍ നികുതി ഇളവ് ലഭ്യമല്ലാതാകും. അതേ സമയം ഇതില്‍ നിന്നുള്ള നിങ്ങളുടെ വരുമാനം മൂലധനം നേട്ടം ആയി പരിഗണിച്ച് നികുതി ചുമത്തുകയും ചെയ്യും. ഉദാഹരണത്തിന് യുലിപ്പ് പദ്ധതിയില്‍ വര്‍ഷം 4 ലക്ഷം രൂപ നിക്ഷേപിച്ച ആള്‍ക്ക് 7% ശതമാനം റിട്ടേണ്‍ കണക്കാക്കിയാല്‍ 28,000 രൂപയാകും നേട്ടമുണ്ടാകുക. ഇതിന്റെ 10 ശതമാനമായ 2,800 രൂപ നികുതി നല്‍കേണ്ടി വരും. മുമ്പ് ഇത് നികുതി രഹിതമായിരുന്നു.
യുലിപ് എങ്ങിനെ പ്രവര്‍ത്തിക്കുന്നു?
നിങ്ങള്‍ ഇവിടെ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയത്തിന്റെ ഒരു ഭാഗം വിവിധ കമ്പനികളുടെ ഷെയറുകളലും ബോണ്ടുകളിലും നിക്ഷേപിക്കുന്നു. ബാക്കി തുക ഇന്‍ഷുറന്‍സ് കവറേജിന് വേണ്ടി മാറ്റി വയ്ക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫണ്ട് മാനേജര്‍മാരാകും ഫണ്ടുകള്‍ തീരുമാനിക്കുക. നഷ്ട സാധ്യത വഹിക്കാനുള്ള (റിസ്‌ക്) നിങ്ങളുടെ ശേഷിയനുസരിച്ചാകും നിക്ഷേപത്തെ ഡെബ്റ്റ്, ഇക്വിറ്റി
ഫണ്ടുകളിലേക്ക് മാറ്റുക.
ലോക് ഇന്‍ പീരിയഡ്
യുലിപിന് ലോക് ഇന്‍ പിരീയഡുണ്ട്. 2010 വരെ ഇത് മൂന്ന് വര്‍ഷമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഇത് അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പക്ഷെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നുള്ള നിലയ്ക്ക് 10-15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഇത് വലിയ കാലയളവല്ല. ആദായ നികുതി ചട്ടം 80 സി അനുസരിച്ച് യുലിപ് നിക്ഷേപത്തിന് നികുതി ഒഴിവിന് അര്‍ഹതയുണ്ട്.