13 Jan 2022 1:40 AM GMT

Summary
ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ വ്യക്തികളെ സഹായിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് വാലറ്റ് അഥവാ ഇ-വാലറ്റ്.
ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ വ്യക്തികളെ സഹായിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് വാലറ്റ് അഥവാ ഇ-വാലറ്റ്. ഇവ നല്‍കുന്ന സേവനം...
ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ വ്യക്തികളെ സഹായിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് വാലറ്റ് അഥവാ ഇ-വാലറ്റ്. ഇവ നല്‍കുന്ന സേവനം ഒരു ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന് തുല്യമാണ്. പണമിടപാടുകള്‍ നടത്തുന്നതിന് ഇ വാലറ്റ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. കടലാസില്ലാത്ത പണമിടപാട് എളുപ്പമാക്കുക എന്നതാണ് ഇ വാലറ്റിന്റെ പ്രധാന ലക്ഷ്യം. ഇ വാലറ്റുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ആളുകള്‍ ദൈനംദിന പണമിടപാടുകള്‍ക്ക് ഇ വാലറ്റ് സംവിധാനം കൂടുതലായി ഉപയോഗിക്കുന്നു. വൈദ്യുതി, ഗ്യാസ് സിലിണ്ടര്‍ ബില്ലുകള്‍ അടയ്ക്കല്‍, കോളേജ് ഫീസ്, മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യല്‍ തുടങ്ങി ഏത് തരത്തിലുള്ള പണമിടപാടുകളും ഇ വാലറ്റിലൂടെ നടത്താം.
ഇ വാലറ്റുകള്‍ പലവിധം
ക്ലോസ്ഡ് വാലറ്റ്, സെമി ക്ലോസ്ഡ് വാലറ്റ്, ഓപ്പണ്‍ വാലറ്റ്, ക്രിപ്റ്റോ വാലറ്റ്, ഐ ഒ ടി വാലറ്റ് എന്നിങ്ങനെ പലതരത്തിലുള്ള ഇ വാലറ്റുകളുണ്ട്. ഒരു ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി പണമിടപാടുകള്‍ നടത്താന്‍ ക്ലോസ്ഡ് വാലറ്റ് ഉപയോഗിക്കുന്നു. ഉപഭോക്താക്കള്‍ക്കായി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കുന്ന കമ്പനികളാണ് അവ വികസിപ്പിച്ചെടുക്കുന്നത്. ഇടപാടുകള്‍ റദ്ദാകുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ ഇ വാലറ്റിലേക്ക് പണം തിരികെ ലഭിക്കും. പുറത്തുള്ള പണമിടപാടുകള്‍ ക്ലോസ്ഡ് വാലറ്റ് അനുവദിക്കില്ല. തെരഞ്ഞെടുത്ത വ്യാപാരികളാണ് സെമി ക്ലോസ്ഡ് വാലറ്റുകള്‍ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ വ്യാപരികള്‍ ഇടപാടുകാരനുമായുള്ള കരാര്‍ അംഗീകരിച്ചിരിക്കണം.
ഓപ്പണ്‍ വാലറ്റാണ് മറ്റൊരു ഇ വാലറ്റ് സംവിധാനം. ബാങ്കുകളാണ് ഇവ നല്‍കുന്നത്. എല്ലാ തരത്തിലുള്ള പണമിടപാടുകള്‍ക്കും ഇവ ഉപയോഗിക്കാം. ലോകത്തിന്റെ ഏത് കോണിലിരുന്നും ഏതു സമയത്തും രണ്ട് പേര്‍ക്ക് ഓപ്പണ്‍ വാലറ്റിലൂടെ പണമിടപാടുകള്‍ നടത്താനാകും. പണം അയയ്ക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും ഒരേ ആപ്ലിക്കേഷനില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ക്രിപ്റ്റോ കറന്‍സികളുടെ ഉടമസ്ഥാവകാശ രേഖകള്‍ അടങ്ങുന്ന ഒന്നാണ് ക്രിപ്റ്റോ വാലറ്റുകള്‍. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ ക്രിപ്റ്റോ വാലറ്റിലൂടെ നടത്താം. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐ ഒ ടി) വാലറ്റുകളാണ് മറ്റൊന്ന്. വാച്ചുകള്‍, ജാക്കറ്റുകള്‍, റിസ്റ്റ് ബാന്‍ഡുകള്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് കാറിന്റെ കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വാലറ്റുകളാണിവ. ഇ മണിയും വെര്‍ച്വല്‍ കറന്‍സിയും ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
ഇവ ഉപയോഗിക്കാം
വ്യാപകമായി ഉപയോഗിക്കുന്ന ഇ വാലറ്റ് സംവിധാനമാണ് പേടിഎം. മറ്റ് ഇ വാലറ്റ് ആപ്ലിക്കേഷനുകളേക്കാള്‍ വളരെയധികം ഓപ്ഷനുകള്‍ പേടിഎമ്മില്‍ ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന്റെ പണം നല്‍കുന്നതിനോടൊപ്പം നിരവധി സേവനങ്ങളും ആപ്പ് നല്‍കുന്നുണ്ട്. യെസ് ബാങ്ക് മുന്‍കൈയെടുത്ത് നിര്‍മിച്ചതാണ് ഫോണ്‍പേ. കൂടാതെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഇ വാലറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. എസ് ബി ഐ ബഡ്ഡി, സിറ്റി മാസ്റ്റര്‍ പാസ്, ഐ സി ഐ സിഐയുടെ പോക്കറ്റ്‌സ്, ആക്‌സിസ് ബാങ്കിന്റെ ലൈം തുടങ്ങി നിരവധി ഇ വാലറ്റ് സംവിധാനങ്ങള്‍ ഇന്ന്. കേരളത്തിലെ നവ സംരംഭകര്‍ ഒരുക്കിയ ഇ-വാലറ്റ് സംവിധാനമാണ് ചില്ലര്‍.